19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

ആകാശത്തും ഭൂമിയിലും യുദ്ധം ; 10 ലക്ഷം അഭയാർത്ഥികൾ

Janayugom Webdesk
കീവ്
March 3, 2022 10:34 pm

ആകാശത്തും ഭൂമിയിലും യുദ്ധം കനത്ത ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തത് പത്തുലക്ഷത്തിലധികം പേര്‍. ഇതിനുപുറമേ രാജ്യത്തുണ്ടായിരുന്ന ലക്ഷക്കണക്കിനു വിദേശികളും ഉക്രെയ്ന്‍ വിട്ടുപോയി. ഏഴ് ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം പേര്‍ അയൽരാജ്യങ്ങളിലെത്തിയെന്ന് അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡി ട്വീറ്റ് ചെയ്തു.

രാജ്യത്തിനകത്തുതന്നെ അഭയാര്‍ത്ഥികളായ ലക്ഷക്കണക്കിന് പേര്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായി ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 24 ന് മാത്രം 82,000 പേരാണ് രാജ്യം വിട്ടത്. പിന്നീട് ഓരോ ദിവസവും ഒരുലക്ഷത്തിലധികം അഭയാര്‍ത്ഥികളുണ്ടായി. ഇത്രയും വലിയ അഭയാര്‍ത്ഥി പ്രവാഹം ആദ്യമായാണ് കാണുന്നതെന്ന് യുഎന്നിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ എട്ടാം ദിവസമായ ഇന്നലെയും തീവ്ര യുദ്ധമാണ് ഉക്രെയ്‌നിലെ തെരുവുകളില്‍ നടന്നത്. കീവ് പിടിച്ചടക്കുവാനുള്ള കനത്ത ആക്രമണങ്ങള്‍ ഇന്നലെയും തുടര്‍ന്നു. കര്‍കീവില്‍ വീടിനും ചെര്‍ണിവില്‍ എണ്ണ സംഭരണശാലയ്ക്കും തീയിട്ടു. കര്‍കീവില്‍ ഊര്‍ജ വിതരണം നിലച്ചിരിക്കുകയാണ്. പല നഗരങ്ങളിലും ശക്തമായ സ്ഫോടനങ്ങള്‍ നടന്നു. കൂടുതല്‍ ശക്തമായ ആക്രമണത്തിന്റെ സൂചന നല്കി സൈറണുകളും മുഴക്കി.

കേര്‍സന്‍ നഗരം പിടിച്ചുവെന്ന റഷ്യയുടെ അവകാശവാദം ഇന്നലെ മേയര്‍ സ്ഥിരീകരിച്ചു. റഷ്യന്‍സേന കേര്‍സന്‍ നഗര കൗണ്‍സില്‍ ഹാളില്‍ പ്രവേശിച്ചെന്നും നഗരത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയെന്നും മേയര്‍ ഇഗോര്‍ കൊലിക്കൈവ് പറഞ്ഞു. അതിനിടെ 498 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും 1,597 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് സ്ഥിരീകരിച്ചു.

ഉക്രേനിയൻ പക്ഷത്തെ ജീവഹാനി 2,870 ലധികമാണ്. 572 സൈനികരെ റഷ്യൻ സേന യുദ്ധത്തടവുകാരായി പിടിച്ചെടുത്തുവെന്നും ഇഗോർ പറഞ്ഞു. ആക്രമണം തുടങ്ങിയതിന് ശേഷം റഷ്യയുടെ 7,000ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലൻസ്‌കിയുടെ സൈനിക ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു.

ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ ബെലാറൂസില്‍ ആരംഭിച്ചു. ഏറെനേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മൈഖൈലോ പോഡോലിയാകിന്റെ നേതൃത്വത്തിലുള്ള സംഘം ഉക്രെയ്‌നെയും വ്‌ളാദിമിര്‍ മെഡിന്‍സ്കി റഷ്യയെയും നയിക്കുന്നു.
തന്റെ രാജ്യത്തുണ്ടായ നാശനഷ്ടങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അത് റഷ്യയുടെ ചെലവിലായിരിക്കുമെന്നും ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്കി പറഞ്ഞു. ജര്‍മനി ഉക്രെയ്‌ന് 2,700 അത്യന്താധുനിക ആയുധങ്ങളെത്തിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

eng­lish sum­ma­ry; War in heav­en and on earth; 10 lakh refugees

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.