7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

യുദ്ധം : 50 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ഉക്രെയ്‌ന്‍

Janayugom Webdesk
മോസ്കോ
February 24, 2022 11:21 pm

ഉക്രെയ്‌ന് നേരെയുള്ള റഷ്യന്‍ ആക്രമണവും പ്രത്യാക്രമണവും മേഖലയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു. റഷ്യയുടെ കര, നാവിക, വ്യോമ സേനകള്‍ ചേര്‍ന്നായിരുന്നു ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ച് മുതല്‍ ഉക്രെയ്‌നിലേക്ക് കടന്നുകയറിയത്. പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ടെലിവിഷനിലൂടെയാണ് സൈനിക നടപടി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതായി ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി അറിയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു പുടിന്റെ പ്രഖ്യാപനം. മിനിട്ടുകള്‍ക്കകം ആക്രമണം ആരംഭിക്കുകയും ചെയ്തു. അതിര്‍ത്തിയിലെയും സമീപത്തുമുള്ള പട്ടാള കേന്ദ്രങ്ങളെയും കെട്ടിടങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആദ്യത്തെ മിസൈല്‍ ആക്രമണം നടന്നത്. വ്യോമസൈനികത്താവളം ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളിലെല്ലാം റഷ്യന്‍ ആക്രമണത്തെതുടര്‍ന്നുള്ള സ്ഫോടന ശബ്ദങ്ങളുണ്ടായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഭൂഗര്‍ഭ മെട്രോകളിലും ബങ്കറുകളിലും ജനങ്ങള്‍ അഭയം തേടി. അത്യന്താധുനിക ബോംബുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യന്‍ ആക്രമണമെന്ന് ഉക്രെയ്‌ന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കീവിന് പുറമേ ഖാര്‍കിവ്, മരിയുപോള്‍, ദ്നിപ്രോ തുടങ്ങിയ പ്രമുഖ നഗരങ്ങളെല്ലാം ആക്രമിക്കപ്പെട്ടു. തുടര്‍ന്നാണ് ഉക്രെയ്ന്റെ പ്രത്യാക്രമണമുണ്ടായത്. വൈകിട്ടോടെ തലസ്ഥാന നഗരിയായ കീവ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യോമസേനയുടെ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ വിവിധ മേഖലകളിലായി 203 ആക്രമണങ്ങള്‍ നടന്നുവെന്ന് ഉക്രെയ്‌ന്‍ പൊലീസ് അറിയിച്ചു. 11 എയര്‍ഫീല്‍ഡുകള്‍ ഉള്‍പ്പെടെ 74 പട്ടാളകേന്ദ്രങ്ങള്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. ഉക്രെയ്‌നില്‍ 40 സൈനികരും 10 സിവിലിയന്‍മാരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വുഹ്‌ലേദറില്‍ ഡൊണട്സ്കിലെ ആശുപത്രിക്കുനേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടുവെന്നും പത്തുപേര്‍ക്ക് പരിക്കേറ്റതായും ഉക്രെയ്‌ന്‍ കുറ്റപ്പെടുത്തി.

അതേസമയം, 50 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ഉക്രെയ്‌ന്‍ അവകാശപ്പെട്ടിട്ടുണ്ട്. കീവിലെ എയര്‍ബേസില്‍ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉക്രെയ്‌ന്‍ സൈന്യം അവകാശപ്പെട്ടു. യുദ്ധാന്തരീക്ഷം ഉടലെടുത്തതിനു പിന്നാലെ ഉക്രെയ്‌നിലും അയല്‍രാജ്യമായ ലിത്വാനിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുദ്ധവിരുദ്ധ പരിപാടികള്‍ നടത്തുന്നത് വിലക്കിക്കൊണ്ട് റഷ്യന്‍ സര്‍ക്കാരും ഉത്തരവിട്ടു. ഡോണ്‍ബാസ് ജനകീയ റിപ്പബ്ലിക് സഹായത്തിനായി റഷ്യയോട് ആവശ്യപ്പെട്ടതുപ്രകാരമാണ് പ്രത്യേക സൈനിക നീക്കത്തിന് മുതിര്‍ന്നതെന്ന് വ്ലാദിമിര്‍ പുടിന്‍ ടെലിവിഷന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പാണ് കിഴക്കന്‍ ഉക്രെയ്‌നിലെ രണ്ട് സ്വതന്ത്ര റിപ്പബ്ലിക്കുകളെ ഡോണ്‍ബാസ് ജനകീയ റിപ്പബ്ലിക്ക് ആയി അംഗീകരിക്കാന്‍ റഷ്യ തീരുമാനിച്ചത്. അതേസമയം നാറ്റോ ഉക്രെയ്‍നിലേക്ക് സെെന്യത്തെ അയക്കാന്‍ പദ്ധതിയില്ലെന്ന ചുവടുമാറ്റം നടത്തി.

യുദ്ധാന്തരീക്ഷം ഉണ്ടായതിനു പിന്നാലെ ഉക്രെയ്‌ന്‍ സൈനികരും പ്രദേശവാസികളും റഷ്യയോടൊപ്പം ചേരുകയും ചെയ്തു. സുരക്ഷാസേനയിലെ 26 പേരാണ് ഉക്രെയ്‌നുവേണ്ടി സേവനം ചെയ്യാനില്ലെന്ന് വ്യക്തമാക്കി റഷ്യന്‍ പക്ഷത്തേക്ക് മാറിയത്. ഇവര്‍ ബ്രിയാസ്കിലെ കേന്ദ്രത്തിലെത്തുകയും ചെയ്തു. ഇതോടൊപ്പം 16 ഉക്രെയ്‌നികള്‍ രാജ്യംവിട്ട് ക്രീമിയയിലെ ധന്‍സ്കോയിലേയ്ക്കും പലായനം ചെയ്തു.

യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുഎൻ

കീവ്: ഉക്രെയ്‌നിലെ റഷ്യന്‍ സെെനിക നടപടിയെ അപലപിച്ച് പാശ്ചാത്യ രാഷ്ട്രനേതാക്കളും യുഎന്നും രംഗത്തെത്തി. യുദ്ധനീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുദ്ധമുണ്ടാക്കിയതിന് ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്ന് യുഎസ് പ്രസി‍ഡന്റ് ജോ ബെെഡനും യുദ്ധത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യയ്ക്കായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ തുടങ്ങിയവരും റഷ്യന്‍ നടപടിയെ അപലപിച്ചു. റഷ്യയ്ക്കെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് ജര്‍മനിയും അഭയാർത്ഥികളെ സ്വീകരിക്കാൻ തയാറാണെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി സന മരിനും അറിയിച്ചു. പോര്‍ച്ചുഗല്‍, ഇറ്റലി, ജപ്പാന്‍, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളും നടപടിയെ അപലപിച്ച് രംഗത്തെത്തി.

 

റഷ്യയുടേത് അധിനിവേശമല്ല: ചെെന

ബെയ്ജിങ്: ഉക്രെയ്‌നെതിരായ റഷ്യയുടെ നടപടിയെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ചൈന നിലപാടെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട കക്ഷികള്‍ സംയമനം പാലിക്കണമെന്ന് ചൈന അഭ്യര്‍ത്ഥിച്ചു. ബെലാറുസും റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഈ രാജ്യത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പ്രഖ്യാപിച്ചു. അതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വ്ലാദിമിര്‍ പുടിന്‍ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഇമ്രാന്‍ ഖാന്‍ മോസ്‍കോയിലെത്തിയത്.

 

ചെർണോബിലില്‍ കനത്ത പോരാട്ടം

വടക്കന്‍ ഉക്രെയ്‌നിലെ ചെർണോബില്‍ ആണവ നിലയ പ്രദേശത്തേയ്ക്ക് റഷ്യന്‍ സൈന്യം കടന്നു. റഷ്യന്‍ സേന ചെര്‍ണോബില്‍ മേഖലയിലെത്തിയതായി ഉക്രെയ്ന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചു. ഉക്രേനിയൻ സൈന്യം റഷ്യൻ സൈനികരുമായി പോരാടുകയാണെന്ന് പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞതായി ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

എണ്ണവിലയില്‍ വര്‍ധന തുടരുന്നു

മുംബൈ: യുദ്ധപശ്ചാത്തലത്തില്‍ ആഗോള എണ്ണവിലയില്‍ വന്‍ വര്‍ധനവ് തുടരുകയാണ്. ഒമ്പത് ശതമാനത്തോളം ഉയര്‍ന്ന് ബാരലിന് 105.3 ഡോളറാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2014ന് ശേഷം ആദ്യമായാണ് എണ്ണവില ബാരലിന് 100 ഡോളര്‍ കടക്കുന്നത്. നിക്ഷേപകര്‍ കൂട്ടത്തോടെ കയ്യൊഴിഞ്ഞതിനാല്‍ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടായി. സെൻസെക്സ് ഇന്നലെ 2,702.15 പോയിന്റ് താഴ്ന്നു. 54529.91 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച്ചത്.

 

ഉക്രെയ്ൻ സൈനിക സംഘർഷം ആശങ്കാജനകം: സിപിഐ

ന്യൂഡൽഹി: ഉക്രെയ്‌നിലും പരിസരത്തുമുള്ള സൈനിക സംഘർഷങ്ങളിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഭൗമ‑രാഷ്ട്രീയ ഭിന്നതകൾക്ക് യുദ്ധം പരിഹാരമല്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് പാർട്ടി ആവർത്തിക്കുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെയും അർത്ഥവത്തായ സംഭാഷണങ്ങളിലൂടെയും മാത്രമേ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ. ലോകത്തിന്റെ കിഴക്കൻ മേഖല ഉൾപ്പെടെ ഏത് ഭാഗത്തേക്കും നാറ്റോയെ വ്യാപിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കം ലോകസമാധാനത്തിന് ഭീഷണിയാകുമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ഉക്രെയ്‌നിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് സെക്രട്ടേറിയറ്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആ മേഖലയിലെ ഇന്ത്യൻ ദൗത്യസംഘം മേധാവികളോട് ഈ പ്രശ്നം അടിയന്തരമായി ഏറ്റെടുക്കാൻ ആവശ്യപ്പെടണമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

Eng­lish Summary:

You  may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.