ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പ്രതിഷേധിച്ച് ഇന്ത്യ. ഡല്‍ഹി രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം ഒരുമിച്ചു. പ്രതിപക്ഷ സഖ്യം ആഹ്വാനം ചെയ്ത ലോക്‌തന്ത്ര ബചാവോ മഹാറാലിയില്‍ രാജ്യത്തിന്റെയാകെ പ്രതിഷേധവും രോഷവും മുഴങ്ങി. ജാഥകള്‍ പാടില്ല, ട്രാക്ടറുകള്‍ പ്രവേശിപ്പിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനപങ്കാളിത്തം കുറയ്ക്കുന്നതിന് ഡല്‍ഹി പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും അതിരാവിലെ മുതല്‍ പ്രവർത്തകർ ഒഴുകുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരായ പ്രതിപക്ഷത്തിന്റെ താക്കീതായി മഹാറാലി. പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും ബിജെപിയും നടത്തിവരുന്ന പ്രതിപക്ഷ വേട്ട, റാലിയില്‍ സംസാരിച്ച പ്രതിപക്ഷ നേതാക്കള്‍ തുറന്നുകാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നതുള്‍പ്പെടെ അഞ്ച് ആവശ്യങ്ങള്‍ റാലി ഉന്നയിച്ചു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, ടിഎംസി നേതാവ് ഡെറിക് ഒബ്രയാന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ നേതാവ് തിരുച്ചി ശിവ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ഝാർഖണ്ഡ് മുഖ്യമന്ത്രി ചംപൈ സൊരേന്‍, സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ജയിലിൽ നിന്നുള്ള കെജ്‌രിവാളിന്റെ സന്ദേശം വേദിയിൽ സുനിത കെജ്‌രിവാൾ വായിച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണ് നടക്കുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ ഊർജം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, അത് സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തുമെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയും ആര്‍എസ്എസും വിഷം പോലെയാണെന്നും രാജ്യത്തെ നശിപ്പിക്കുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനാണ്, നമ്മൾ ഒറ്റക്കെട്ടായി പോരാടണം, എങ്കിൽ മാത്രമേ ബിജെപിയെ നേരിടാൻ കഴിയൂ. പരസ്പരം ആക്രമിക്കുകയും പോരാടുകയും ചെയ്താൽ ബിജെപിക്കായിരിക്കും അതിന്റെ നേട്ടമെന്നും ഖാർഗെ പറഞ്ഞു. ഇഡിയെയും ആദായനികുതി വകുപ്പിനെയും മോഡി എന്‍ഡിഎ സഖ്യകക്ഷികളായി പ്രഖ്യാപിക്കുന്നതായിരിക്കും ഉചിതമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അഭിപ്രായപ്പട്ടു.
പുതിയൊരു ഭാരതം നിര്‍മ്മിക്കണം: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: പുതിയൊരു ഭാരതം നിര്‍മ്മിക്കുന്നതിനായി എല്ലാവരുടെയും പിന്തുണ തേടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ വായിക്കുകയായിരുന്നു. നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഏറെ താഴെയാണ്. ഞാനതില്‍ വളരെ ദുഃഖിതനാണ്. നമുക്കൊരുമിച്ച് പുതിയൊരു ഭാരതം നിര്‍മ്മിക്കാം. ശത്രുതയില്ലാത്ത ഭാരതം.
ഇന്ത്യ മുന്നണി വെറും പേരില്‍ മാത്രമല്ല. അത് എല്ലാവരുടെയും ഹൃദയത്തിലുമുണ്ടെന്ന് കെജ്‌രിവാള്‍ സന്ദേശത്തില്‍ പറഞ്ഞു.
അഞ്ച് ആവശ്യങ്ങള്‍
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കണം, തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ അന്വേഷണ ഏജൻസികൾ നടത്തുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ട് അവസാനിപ്പിക്കണം, ഹേമന്ത് സൊരേൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരെ ഉടൻ വിട്ടയയ്ക്കണം, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ സാമ്പത്തികമായി ഞെരുക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണം, തെരഞ്ഞെടുപ്പ് ബോണ്ട് വഴി ബിജെപി നടത്തിയ കൊള്ള, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതി അന്വേഷിക്കണം.
പ്രതിഷേധ പ്രതീകമായി രണ്ട് ഇരിപ്പിടങ്ങള്‍
റാലിയില്‍ മുന്‍ നിരയില്‍ ഒഴിച്ചിട്ട രണ്ട് ഇരിപ്പിടങ്ങള്‍ പ്രതിഷേധത്തിന്റെ പുതിയ പ്രതീകമായി. ഇന്ത്യ സഖ്യത്തിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സൊരേനുമായാണ് രണ്ട് കസേരകള്‍ മുന്‍നിരയില്‍ ഒഴിച്ചിട്ടിരുന്നത്. കെജ്‍രിവാളിന്റെ ഭാര്യ സുനിത, ഹേമന്ത് സൊരേന്റെ ഭാര്യ കൽപന സൊരേൻ തുടങ്ങിയവര്‍ റാലിയുടെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.