
നിതാരി കൂട്ടക്കൊലപാതക കേസിൽ പ്രതി സുരേന്ദ്ര കോലിയെ വെറുതെ വിട്ട കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബം.
ഞങ്ങളുടെ കുട്ടികളെ കൊലപ്പെടുത്തിയത് പ്രേതം ആയിരുന്നോ എന്ന നിസഹായത നിറഞ്ഞ ചോദ്യമാണ് കുടുംബം ഉന്നയിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാന കേസിലും കോലിയെ സുപ്രീം കോടതി വെറുതെ വിട്ട ഉത്തരവ് പുറപ്പെടുവിച്ചത്. 13 കൊലക്കേസുകളിലെ പ്രതിയാണ് സുരേന്ദ്ര കോലി. 12 കേസുകളിലും കോലിയെ കുറ്റവിമുക്തനാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. പ്രതികളിൽ ഒരാളായ മൊഹീന്ദർ സിങ് പാന്ഥറിനെയും കുറ്റവിമുക്തനാക്കിയിരുന്നു. മൊഹീന്ദർ സിങ് പാന്ഥറിനെ കൊലപാതകങ്ങളിൽ സഹായിച്ചുവെന്നാണ് കോലിക്കെതിരെയുള്ള ആരോപണം.
മൊഹീന്ദർ സിങ് പാന്ഥർ കുറ്റം സമ്മതിച്ചിട്ടും കോടതി വെറുതെ വിട്ടു. “സുരേന്ദ്ര കോലിയും മൊഹീന്ദർ സിങ് പാന്ഥറും കുറ്റവാളികള്‍ അല്ലെങ്കിൽ ഇവർ എന്തിനാണ് ഇത്രയും കാലം ശിക്ഷ അനുഭവിച്ചത്. അവർക്ക് വധ ശിക്ഷ നൽകിയത് എന്തിനായിരുന്നു”, അവരല്ലെങ്കിൽ ആരാണ് തന്റെ കുട്ടികളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാളുടെ പിതാവ് ചോദിച്ചു.
2005നും 2006നും ഇടയിൽ ബിസിനസുകാരനായ മൊഹീന്ദർ സിങ് പാന്ഥറുടെ നിതാരി ഗ്രാമത്തിലെ സെക്ടർ 31ലെ ഡി-5 വീട്ടിൽ ഇരുപതുകാരിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉൾപ്പെടെ ഒട്ടേറെപ്പേരെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. പാന്ഥറുടെ വീടിനു സമീപത്തെ അഴുക്കുചാലിൽനിന്ന് 19 തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു. കൊലപാതകം ബലാത്സംഗം ഉൾപ്പെടെയുള്ള 19 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.