23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

January 20, 2024
September 28, 2023
September 8, 2023
August 10, 2023
July 12, 2023
April 29, 2023
February 17, 2023
January 25, 2023
December 18, 2022
December 6, 2022

വാഷിങ്ടണ്‍ ഡിക്ലറേഷന്‍ : പ്രതിരോധം ശക്തമാക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്

web desk
പോങ്യാങ്
April 29, 2023 9:00 pm

അമേരിക്കന്‍— ദക്ഷിണ കൊറിയന്‍ കരാര്‍ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയ. ഉത്തര കൊറിയയ്ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള കരാറിനെതിരെ രൂക്ഷമായി ഭാഷയിലാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പ്രതികരിച്ചത്. ദക്ഷിണ കൊറിയയുടെ ആണവ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് യുഎസുമായി നടത്തിയ ചര്‍ച്ച ഉത്തര കൊറിയയോടുള്ള കടുത്ത ശത്രുത പ്രകടമാക്കുന്നതാണെന്നും കിം യോ ജോങ് കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയ ആണവായുധം പ്രയോഗിച്ചാല്‍ അത് കിം ജോങ് ഉന്നിന്റെ ഭരണത്തിന് അന്ത്യമാകുമെന്ന യുഎസ് പ്രസിഡന്റ് ജോ ബെെഡന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കിം യോ ജോങ്.

ബെെഡന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരു വ്യക്തിയില്‍ നിന്നുള്ള തെറ്റായ പരാമര്‍ശം മാത്രമായി തള്ളിക്കളയുന്നില്ലെന്നും കിം യോ ജോങ് പറഞ്ഞു. ശത്രുക്കള്‍ ആണവ യുദ്ധാഭ്യാസങ്ങള്‍ നടത്തുകയും കൊറിയന്‍ ഉപദ്വീപിന്റെ പരിസരത്ത് അവര്‍ കൂടുതല്‍ ആണവ വസ്തുക്കള്‍ വിന്യസിക്കുകയും ചെയ്യുമ്പോള്‍ അതേ തോതില്‍ പ്രതിരോധം ശക്തമാക്കാനുള്ള അവകാശം തങ്ങള്‍ക്കും ഉണ്ടെന്നും കിം യോ ജോങ് വ്യക്തമാക്കി. അമേരിക്ക‑ദക്ഷിണ കൊറിയന്‍ കരാര്‍ വടക്കുകിഴക്കന്‍ ഏഷ്യയുടെയും ലോകത്തിന്റെയും സമാധാനവും സുരക്ഷയും കൂടുതല്‍ അപകടത്തിലേക്ക് നയിക്കുകയുള്ളൂവെന്നും ഇത് ഒരിക്കലും സ്വാഗതം ചെയ്യാന്‍ കഴിയാത്ത പ്രവൃത്തിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതിരോധമായി ഉത്തര കൊറിയ എന്ത് നടപടികള്‍ എടുക്കുമെന്ന് കിം യോ ജോങ് വ്യക്തമാക്കിയില്ല.

അമേരിക്കൻ സന്ദർശനത്തിനിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ ജോ ബെെഡനുമായി വെെറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാഷിങ്ടണ്‍ ഡിക്ലറേഷന്‍ എന്ന പുതിയ കരാറില്‍ ഒപ്പിട്ടത്. കൊറിയൻ മേഖലയിൽ ഉത്തര കൊറിയ ആവർത്തിച്ച് പ്രകോപനവും ആണവായുധശേഷിയുള്ള മിസൈൽ പരീക്ഷണവും നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഉത്തരകൊറിയ ഉയർത്തുന്ന ആണവായുധഭീഷണിയെ പ്രതിരോധിക്കാനുള്ള നിർണായകനീക്കമാണ് കരാർ.

ദക്ഷിണ കൊറിയയ്ക്ക് ആണവായുധ സഹായവും അമേരിക്ക ഉറപ്പ് നൽകുന്നുണ്ട്. ആദ്യഘട്ടത്തിൽ ആണവായുധ വിന്യാസത്തിന് സഹായകരമാകുന്ന അമേരിക്കയുടെ ബാലിസ്റ്റിക് അന്തർവാഹിനി ദക്ഷിണ കൊറിയക്ക് സമീപം എത്തിക്കും. കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പരസ്പരം തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറും. ദക്ഷിണകൊറിയ സ്വന്തമായി ആണാവയുധം നിർമ്മിക്കില്ലെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്.

 

Eng­lish Sam­mury: Wash­ing­ton Dec­la­ra­tion-North Korea warns of strength­en­ing defenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.