കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. ഇത്തരം ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ണായക വിധി.
28 കാരനായ ഒരാള്‍ കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത കേസിലാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ഹൈക്കോടതിക്ക് വിധിയില്‍ വലിയ പിഴവാണ് സംഭവിച്ചതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസില്‍ 200 പേജുള്ള വിധി പ്രസ്താവമാണ് സുപ്രീം കോടതി നടത്തിയത്. സമഗ്രമായ ലൈംഗീക വിദ്യാഭ്യാസം നല്‍കുക, ഇരകളാകുന്ന കുട്ടികള്‍ക്ക് സഹായ സേവനങ്ങളും ഉറപ്പ് വരുത്തുക, കുറ്റം ചെയ്യുന്നവരുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വിധിയിലുണ്ട്.
ഇത്തരം വീഡിയോകളെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ എന്ന് പറയുന്നത് മാറ്റണമെന്നും പകരം കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കള്‍ (സിഎസ്ഇഎഎം) എന്നാക്കണമെന്നും കീഴ്‌ക്കോടതികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.
ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ ഹര്‍ജിയിലാണ് കോടതി വിധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.