19 December 2024, Thursday
KSFE Galaxy Chits Banner 2

ജലസംരക്ഷണം നമ്മുടെ കടമയാക്കണം

Janayugom Webdesk
April 19, 2023 5:00 am

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഓരോ വർഷവും ചൂട് കൂടിവരികയാണ്. രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറൻ മേഖലയിൽ താപനില വർധിക്കുന്നതിനാൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ രൂക്ഷമായ ജലപ്രതിസന്ധിയും നേരിടുന്നുണ്ട്. 44 നദികളും അനവധി നീർച്ചാലുകളുമുള്ള നമ്മുടെ സംസ്ഥാനത്തും കുടിവെള്ള ക്ഷാമവും ജലപ്രതിസന്ധിയും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ പ്രഥമ പരിഗണന നല്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്. നല്ല മഴ ലഭിക്കുകയും പ്രകൃതി സ്രോതസുകൾ നിലനില്‍ക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് കാലവർഷത്തിൽ ലഭിക്കുന്ന മഴ പ്രയോജനപ്പെടുത്തി കുടിവെള്ള സ്രോതസുകൾ ജലസമൃദ്ധമാക്കുക എന്നതായിരിക്കണം നമ്മുടെ മുഖ്യ പരിഗണന. കിണർ റീചാർജ് ചെയ്ത് ഉപയോഗയോഗ്യമാക്കുക, ജലമലിനീകരണവും ദുരുപയോഗവും തടയുക, ജല ശുദ്ധീകരണശാലകൾ സ്ഥാപിക്കുക എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കപ്പെടണം. ഭൂഗർഭജല പരിപോഷണ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വേണം. പുഴകളിലും നീർച്ചാലുകളിലും ചെറുതും വലുതുമായ തടയണകൾ പണിയുക, ഭൂമിക്കടിയിലുള്ള തടയണ നിർമ്മാണം, മണ്ണ്-ഭിത്തി സംരക്ഷണം, മഴക്കുഴികൾ എന്നിവ ഭൂമിയുടെ കിടപ്പനുസരിച്ച് നടപ്പിലാക്കുക തുടങ്ങിയവ അടിയന്തര കടമയായി മാറണം. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ ജലസംരക്ഷണത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്.

ജലലഭ്യതയും ഉപഭോഗവും കണക്കാക്കി പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കിയ രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരിക്കുകയാണ്. ജലം പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ജനകീയ ജലബജറ്റ്. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് മാനേജ്മെന്റിന്റെ സഹായത്തോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ പ്രതിനിധികളും വിവര സാങ്കേതിക മേഖലയിലെ വിദഗ്ധരും ഉൾപ്പെടുന്ന സമിതിയാണ് ജലബജറ്റിന് രൂപം നൽകുന്നത്. 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളുമാണ് ആദ്യഘട്ടമായി ജലബജറ്റ് തയ്യാറാക്കിയത്. ശക്തമായ മഴ ലഭിക്കുന്നുവെങ്കിലും അവയെല്ലാം കടലിലേക്ക് ഒഴുകിപ്പോകുന്നുവെന്ന സാഹചര്യത്തിൽ മഴവെള്ളം പുഴകളിലും നീർച്ചാലുകളിലും സംരക്ഷിക്കുകയെന്ന ദൗത്യമാണ് സർക്കാർ പ്രധാനമായും ഏറ്റെടുത്തിട്ടുള്ളത്. ഇത്തരം പദ്ധതികളിലൂടെ നേരിയതെങ്കിലും മാറ്റമുണ്ടാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂഗർഭ ജലവിഭവ സമ്പത്തിനെക്കുറിച്ച് 2022 മാർച്ചിൽ പ്രസിദ്ധീകരിച്ച വിഭവ മൂല്യനിർണയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഭൂജല സമ്പത്ത് 519 കോടി ക്യൂബിക് മീറ്റർ ആണ്. 2020 മാർച്ചിലെ റിപ്പോർട്ട് പ്രകാരം ഇത് 512 കോടി ക്യൂബിക് മീറ്റർ ആയിരുന്നു.


ഇതുകൂടി വായിക്കൂ: ‘മിഷ്ടി’ നല്ലതാണ്; നടപ്പാക്കാന്‍ ആത്മാര്‍ത്ഥത വേണം


ഏഴ് കോടി ക്യൂബിക് മീറ്റർ വർധനവ് രേഖപ്പെടുത്തി എന്നർത്ഥം. നാം നേരിടുന്ന ഗുരുതരമായ ജലപ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ തോതാണെങ്കിലും നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രതിഫലനമുണ്ടാകുന്നുവെന്ന കാര്യത്തിൽ സംശയമില്ല. പുഴകളും നീർച്ചാലുകളും പുനരുജ്ജീവിപ്പിച്ച്, മാലിന്യമുക്തമാക്കുന്നതിനും സംരക്ഷിക്കുവാനും ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി 1569 കിലോമീറ്റർ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചുവെന്നതും വലിയ നേട്ടമാണ്. 44 നദികളാൽ സമ്പന്നമായ സംസ്ഥാനം എന്ന നിലയിൽ അവയെ സംരക്ഷിക്കുന്നതിനും ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ മലിനീകരിക്കപ്പെട്ട 351ൽ 21 നദികൾ കേരളത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 21 നദീഭാഗങ്ങളിൽ പത്തെണ്ണം കുളിക്കുന്നതിന് അനുയോജ്യമാകുന്ന നിലവാരം കൈവരിച്ചിട്ടുണ്ട്.

മഴക്കാലത്ത് അമിത ജലപ്രവാഹത്തെ തുടർന്ന് പ്രളയവും വേനൽക്കാലത്ത് കടുത്ത ചൂടും ജലക്ഷാമവും നേരിടുന്ന സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് സാക്ഷരരാകുന്നതിന് പൊതുസമൂഹംകൂടി തയ്യാറായാൽത്തന്നെ പ്രശ്നപരിഹാരം സാധ്യമാകുമെന്നാണ് സർക്കാർ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനഫലമായി ഉണ്ടായ നേട്ടങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ജലസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം നാം ഓരോരുത്തരിലും സൃഷ്ടിക്കപ്പെടണം. ജലസംരക്ഷണമെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാകണം. മഴക്കാലത്ത് നമ്മുടെ കിണറുകൾ റീചാർജ് ചെയ്യിക്കുന്നതിനും മഴക്കുഴികളും മറ്റും തീർത്ത് മഴവെള്ളം ഒഴുകി കടലിൽപ്പോയി പാഴാകുന്നത് തടയുന്നതിനും നമുക്ക് സാധിക്കണം. നമ്മുടെ വീടുകളും ഭൂമിയും ജലസംരക്ഷണത്തിനുള്ള അടിസ്ഥാനകേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സാധിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.