പമ്പ, അച്ചൻകോവിൽ ആറുകളിൽ ഡ്രഡ്ജിങ് നടത്തിയിട്ടും ജലനിരപ്പ് ഉയരുന്നത് സമീപവാസികളില്‍ ആശങ്കയുണര്‍ത്തുന്നു. മഹാപ്രളയത്തിൽ പമ്പ, അച്ചൻകോവിൽ ആറുകളിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കാനുള്ള ഡ്രഡ്ജിങ് തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു. ചളിയും മണ്ണും നീക്കി വെള്ളം സുഗമമായി കടലിലേക്കൊഴുക്കി വെള്ളപ്പൊക്കം തടയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, ഡ്രഡ്ജിങ് തുടർന്നിട്ടും ചെറിയ വെള്ളപ്പൊക്കത്തില്‍പോലും ആറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് തീരങ്ങള്‍ വെള്ളത്തിലാവുകയാണ്. രണ്ടാഴ്ച മുൻപുള്ള വെള്ളപ്പൊക്കത്തിൽ ചെറുതന, വീയപുരം, പള്ളിപ്പാട്, കരുവാറ്റ മേഖലകളിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. കോടികളുടെ കൃഷിനാശവും സംഭവിച്ചു. ഡ്രഡ്ജിങ് പൂർത്തിയായാൽ ആറുകളുടെ ആഴം കൂടുമെന്നും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകില്ലെന്നുമാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്.
എന്നാൽ, മണൽനീക്കം നടക്കുന്നതല്ലാതെ ഇതിന്റെ ഗുണഫലമുണ്ടാകുന്നില്ലെന്ന് ആറ്റുതീരത്തെ താമസക്കാർ പരാതി പറയുന്നു. ശാസ്ത്രീയ പഠനമില്ലാതെയാണ് മണൽ നീക്കത്തിനുള്ള തീരുമാനമെടുത്തത്. ഇതാണ് ബുദ്ധിമുട്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വീയപുരം മുതൽ തോട്ടപ്പള്ളി വരെ 11 കിലോമീറ്ററിലാണ് ഡ്രഡ്ജിങ് നടത്തേണ്ടിയിരുന്നത്. വീയപുരം തുരുത്തൽകടവ് മുതൽ കുറിച്ചിക്കൽ റെയിൽവേ പാലംവരെ അച്ചൻകോവിലാറും തുടർന്ന് തോട്ടപ്പള്ളി വരെ ലീഡിങ് ചാനലിലുമായിരുന്നു ഡ്രഡ്ജിങ്. 2019‑ൽ തുടക്കമിട്ടതാണ് പദ്ധതി. ഡ്രഡ്ജ് ചെയ്യുന്ന മണലിന്റെ വില സംബന്ധിച്ച തർക്കത്തിൽ ആദ്യഘട്ടത്തിൽ ഡ്രഡ്ജിങ് തടസ്സപ്പെട്ടു. ഡ്രഡ്ജ് ചെയ്തപ്പോൾ സിലിക്ക മണലാണ് കിട്ടിയത്. സാധാരണ മണലിന്റെ വിലയാണ് നിശ്ചയിച്ചത്.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സിലിക്ക മണലിന് വില നിശ്ചയിച്ചപ്പോഴേക്കും ഒരുവർഷം കഴിഞ്ഞിരുന്നു. പ്രശ്നം പരിഹരിച്ച് 2021 മാർച്ചിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു. പിന്നീട് കുട്ടനാട്ടിലെ മടവീഴ്ച സമയത്ത് ഡ്രഡ്ജർ കൊണ്ടുപോയതിനാൽ മാസങ്ങളോളം ഡ്രഡ്ജിങ് നിലച്ചു. ഡ്രഡ്ജിങ് മൂലം ആയാപറമ്പ് പാണ്ടിയിലെ പാലത്തിനും തീരത്തിനും ബലക്ഷയമുണ്ടാകുന്ന പ്രശ്നത്തിൽ നാട്ടുകാർ ഇടപെട്ട് ഡ്രഡ്ജിങ് നിർത്തിവെപ്പിച്ചിരുന്നു. പീന്നീട് പാലത്തിന്റെ ഭാഗത്തുനിന്ന് ഡ്രഡ്ജർ മാറ്റിയശേഷമാണ് ഡ്രഡ്ജിങ് തുടങ്ങിയത്. നിർത്തിയും തുടങ്ങിയും മൂന്നുവർഷത്തോളമായി ഡ്രഡ്ജിങ് തുടരുകയാണ്. എന്നാൽ അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു മാത്രം ശമനമില്ലാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
English Summary: Water level rises in rivers despite dredging; Pampa, Achankovil Atuthira people are worried
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.