
ഏഴരലക്ഷം കർഷക രജിസ്ട്രേഷനുമായി കൃഷി വകുപ്പിന്റെ ‘കതിർ ആപ്പ്’ മുന്നേറുന്നു. കർഷകരുടെയും കാർഷിക മേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യം വച്ച് പുറത്തിറക്കിയ കതിർ ആപ്പ് ഇതിനോടകം തന്നെ കർഷകരുടെ ഇടയിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു. കാർഷിക, കാർഷികേതര വിഭവസ്രോതസുകളുടെ സമഗ്രമായ വിവരശേഖരണം നടത്തുകയും അതുവഴി ഭാവിയിൽ നയങ്ങൾ, പദ്ധതികൾ എന്നിവ രൂപീകരിക്കുന്നതിനും, കർഷകർക്കാവശ്യമായ വിവരങ്ങൾ, സേവനങ്ങൾ എന്നിവ നൽകുന്നതിനും, കൃഷി ഉദ്യോഗസ്ഥർ, ഗവേഷകർ, മുതലായവർക്ക് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് ഉപകാരപ്രദമാകുന്ന തരത്തിലുമാണ് കതിർ ആപ്പ് ആവിഷ്കരിച്ചിട്ടുള്ളത്. 2024 ഓഗസ്റ്റ് 17 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കതിര്‍ ആപ്പ് ഉദ്ഘാടനം ചെയ്തത്.
കൃഷി സംബന്ധമായ വിവരങ്ങളുടെയും, സേവനങ്ങളുടെയും ഒരു ഏകജാലകം എന്ന നിലയിൽ വ്യക്തിഗത രജിസ്ട്രേഷൻ അടിസ്ഥാനമാക്കി പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും പ്രവർത്തിക്കുന്ന കതിർ ആപ്പ് സംസ്ഥാനത്തെ ഏറ്റവും വിജയകരമായ സർക്കാർ മൊബൈൽ ആപ്ലിക്കേഷനുകളിലൊന്നായി മാറിയെന്ന് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാരിന്റെ വിവിധ ആപ്പുകളിൽ, കെഎസ്ഇബി, പോല്‍ ആപ്പ് (കേരളാ പൊലീസ്) എന്നിവയാണ് മുൻപന്തിയിൽ. പിആർഡി ലൈവ്, സ്പാർക്ക് ഓൺ മൊബൈൽ എന്നിവയോടൊപ്പം നിലവിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ മികച്ച 10 ആപ്പുകളിൽ ഒന്നാണ് കതിർ.
കഴിഞ്ഞ രണ്ടു മാസത്തെ രജിസ്ട്രേഷൻ നിരക്കിൽ വൻ വർധനവാണ് കാണാൻ സാധിക്കുന്നതെന്ന് കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നിലവിൽ 15,000–20,000 കർഷകരാണ് കതിർ ആപ്പിൽ പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത്. കർഷകർ നൽകുന്ന വ്യക്തിഗത ഭൂമി, വിളകൾ സംബന്ധിച്ച പ്രധാന വിവരങ്ങൾ എന്നിവ കൃഷി ഭവൻ തലത്തിലും കൃഷി അസിസ്റ്റന്റ് ഡയറക്ടർ തലത്തിലും രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ചശേഷമാണ് സ്ഥിരീകരിച്ച് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്തും (1.20 ലക്ഷം പേർ) കതിർ വെബ് പോർട്ടൽ മുഖേനയും രജിസ്റ്റർ ചെയ്ത ഏഴുലക്ഷം കർഷകരുടെ വിവിരങ്ങൾ ഇപ്രകാരം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് വരുന്ന രണ്ടു മാസത്തിൽ സംസ്ഥാനത്തെ പി എം കിസാൻ ഉപഭോക്താക്കളായ 28 ലക്ഷം കർഷകരെയും കതിർ ആപ്പിന്റെ ഭാഗമാക്കാനാണ് കൃഷി വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
കതിർ ആപ്പ് വിവരങ്ങൾ ഫാർമർ രജിസ്ട്രി, വിള രജിസ്ട്രി എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ കർഷകർക്കുള്ള വിവിധ ബാങ്കിങ്, സബ്സിഡി, ഇൻഷുറൻസ് സേവനങ്ങൾ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ കതിർ ആപ്പിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കാനാകും. നെൽകൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കും കതിർ ആപ്പ് മുഖേനയുള്ള വിവരശേഖരണത്തിലൂടെ നെല്ല്സംഭരണ പ്രക്രിയ കുറ്റമറ്റതാക്കാനും സമയബന്ധിതമായി സംഭരണ തുക ലഭ്യമാക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.