ഒറ്റ രാത്രി കൊണ്ട് ഒരു നാട് തന്നെ ഇല്ലാതായി. ഹൃദയഭേദകമാണ് മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും കാഴ്ചകള്‍. അര്‍ധരാത്രിയില്‍ വലിയ ശബ്ദത്തിനൊപ്പം കുത്തിയൊലിച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ നിരവധി ജീവനുകള്‍ ഒഴുകിപ്പോയി; അവശേഷിപ്പുകള്‍ മാത്രം ബാക്കി.
ചൂരല്‍മലയില്‍ ഒരു ടൗണൊന്നാകെ തകര്‍ന്നുതരിപ്പണമായി. വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ചില കെട്ടിട ഭാഗങ്ങളൊഴിച്ചാല്‍ മറ്റൊന്നും അവശേഷിക്കുന്നില്ല. മുന്നൂറിലേറെ കുടുംബങ്ങളുണ്ടായിരുന്ന ഗ്രാമത്തില്‍ ശേഷിപ്പ് നാമമാത്രമായ വീടുകള്‍. ഇവ നിറയെ ചെളിയും വെള്ളവും വന്ന് മൂടിയ നിലയിലാണ്. പ്രദേശത്തെ പല കുടുംബങ്ങളും കാണാമറയത്താണ്. ചെമ്പ്ര, വെള്ളരിമലകളില്‍ നിന്നായി ഉത്ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ പ്രദേശങ്ങള്‍. പുഴയുടെ തീരത്തോടടുത്ത് താമസിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.
‘എങ്ങനെയെങ്കിലും രക്ഷിക്കണം. മുണ്ടക്കൈയില്‍ ഒരുപാടാളുകള്‍ മണ്ണിനടിയിലാണ്. വണ്ടിയെടുത്ത് വരാന്‍ പറ്റുമെങ്കില്‍ പരമാവധിയാളുകള്‍ വാ… ഇപ്പോ വന്നാല്‍ ജീവന്‍ രക്ഷിക്കാനാകുമെന്ന്’ അപകടത്തില്‍പ്പെട്ട ചിലര്‍ കരഞ്ഞുകൊണ്ട് ഫോണ്‍ചെയ്യുകയായിരുന്നു. ഇതോടെ മേപ്പാടിയില്‍ നിന്നടക്കം നിരവധി പേരാണ് രാത്രി തന്നെ ചൂരല്‍മലയിലേക്ക് എത്തിയത്.
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയെന്ന വാര്‍ത്തയായിരുന്നു ആദ്യമെത്തിയത്. പാലവും റോഡും ഒലിച്ചുപോയെന്നും ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈക്കുള്ള വഴി ഇല്ലാതായെന്നും ഗ്രാമമൊന്നാകെ ഒറ്റപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ട് പിന്നാലെയെത്തി. ഓടിയെത്തിയ പലര്‍ക്കും ആദ്യമൊന്നും മനസിലായില്ല. ചുറ്റിലും ചെളിയും വെള്ളവും മാത്രമാണെന്നായിരുന്നു പലരും തിരിച്ചറിഞ്ഞത്. വീട് ചെളിയില്‍ മുങ്ങിയിരിക്കുകയാണ്.
വെളിച്ചം വീഴുന്നതിന് മുന്നെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും വീണ്ടും ഉരുള്‍പൊട്ടിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. രാത്രി ഒന്നരയ്ക്കും രണ്ടിനുമിടയിലായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. നാലരയോടെ വീണ്ടും ഉരുള്‍പൊട്ടി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയും മുമ്പേ പലരും വെള്ളത്തിലും ചെളിയിലും ആണ്ടുപോയി.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.