മുണ്ടക്കൈ — ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദേശം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന സർക്കാരും അമിക്കസ് ക്യൂറിയും ഹൈക്കോടതിയെ അറിയിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായ ടൗൺഷിപ്പ് നിർമ്മാണച്ചുമതല ഊരാളുങ്കലിന് നൽകിയതിൽ വിശദീകരണം നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 83 ശതമാനം സർക്കാർ ഓഹരിയുള്ള സ്ഥാപനമാണ് ഊരാളുങ്കൽ എന്നും സര്‍ക്കാര്‍ അറിയിച്ചു.
ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വ്യക്തിഗത, മോട്ടോർ വാഹന, ഭവന വായ്പകള്‍ എഴുതിത്തള്ളാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിട്ടിയോടും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹൈക്കോടതി ചോദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.