21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

വയനാട് പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന്‌ ഹൈക്കോടതി

Janayugom Webdesk
കൊച്ചി
April 11, 2025 10:42 pm

വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗൺഷിപ്പ് നിർമ്മിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. അതിനായി 17 കോടി രൂപ കൂടി അധികമായി കെട്ടിവച്ചാൽ മതി. 549 കോടി നഷ്ടപരിഹാരം വേണമെന്ന എൽസ്റ്റൺ എസ്റ്റേറ്റിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു.

പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഉദ്യോഗസ്ഥർ ഭൂമി പരിശോധിക്കാതെയാണ് വില നിശ്ചയിച്ചതെന്ന് എൽസ്റ്റൺ കോടതിയിൽ ഉന്നയിച്ചിരുന്നു. ഹൈക്കോടതി രജിസ്ട്രാർ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഈ തുക എസ്റ്റേറ്റ് ഉടമകൾക്ക് പിൻവലിക്കാമെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമി 26.5 കോടി രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തതെന്നും ഇത് തീരെ കുറവാണെന്നും 549 കോടി മൂല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സമീപകാലത്തു നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാൽ ന്യായവില കണക്കാക്കി നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ന്യായവില കണക്കാക്കുന്നതിൽ ചെറിയ മാറ്റമുണ്ടെന്നും ഇതുപ്രകാരം എസ്റ്റേറ്റ് ഉടമകൾക്ക് 16 കോടി രൂപ കൂടി ഉൾപ്പെടുത്തി 42 കോടി രൂപ നൽകാൻ കഴിയുമെന്നും സർക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും 17 കോടി രൂപ കൂടി ഉൾപ്പെടുത്താൻ നിര്‍ദേശം നൽകിയതും.

26.5 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ച് ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്ത് ടൗൺഷിപ്പിന്റെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു. എന്നാൽ കേസ് കോടതിയിലായതിനാൽ തുടർനിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. അതിനാണ് വിധിയോടെ മാറ്റം വരുന്നത്.

എല്ലാ തടസങ്ങളും നീങ്ങി: മന്ത്രി കെ രാജന്‍

വയനാട് പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി നൽകിയതായി റവന്യു മന്ത്രി കെ രാജന്‍. ട്രഷറി മുഖേനെ ഇന്നലെ വൈകിട്ട് തന്നെ പണം കൈമാറിയതായും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമ ഫയൽ ചെയ്തിട്ടുളള കേസുകളിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഭൂമി ഏറ്റെടുക്കുന്നതിനുളള എല്ലാ തടസങ്ങളും നീങ്ങിയതായും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ എട്ട് കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നത്. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 65 ഹെക്ടർ ഭൂമിക്ക് 510 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ സർക്കാർ കണക്കാക്കിയ വില 26 കോടി രൂപയാണ്. ഈ തുക മുമ്പ് തന്നെ കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഭൂമി വിലയായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കാനാണ് കോടതി നിര്‍ദേശിച്ചത്. പുനരധിവാസ പ്രവർത്തനങ്ങളുമായി സർക്കാർ വളരെ വേഗം മുന്നോട്ടു പോകുന്ന സാഹചര്യങ്ങൾ അഡ്വക്കറ്റ് ജനറൽ കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആകെ 43 കോടി രൂപ കെട്ടിവച്ച് ഭൂമിയുടെ കൈവശം ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കോടതി അനുവാദം തന്നത്. മാത്രമല്ല ഈ ഭൂമിയുടെ ഉടമസ്ഥത സർക്കാരിനാണെന്ന് പ്രഖ്യാപിച്ചു കിട്ടാൻ മാനന്തവാടി സബ്കോടതിയിൽ സർക്കാർ സിവിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ആയതിനാൽ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടി വയ്ക്കാമെന്നും ആവശ്യത്തിനുള്ള ഈട് കമ്പനി നൽകിയാൽ മാത്രം തുക നൽകാമെന്നുള്ള സർക്കാർ വാദവും കോടതി അംഗീകരിച്ചത് വളരെ സന്തോഷകരമാണെന്നും ഈ വര്‍ഷം തന്നെ എല്‍സ്റ്റണില്‍ ടൗൺഷിപ്പ് നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.