മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. ഭൂമിയും വീടും നൽകാമെന്ന് വാഗ്ദാനം ചെയ്തവരുമായി ജനുവരി ആദ്യവാരം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ ഭൂമി ഏറ്റെടുക്കൽ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ എത്തിയത്. അത് കോടതി അനുവദിച്ചിരുന്നെങ്കിൽ വലിയ പ്രതിസന്ധിയായേനെ. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണം പണം നൽകേണ്ടത് എന്ന് കോടതിവിധിയിൽ ഉണ്ട്. പണം ബോണ്ട് വെച്ച് സ്വീകരിക്കാം എന്നാണ് കോടതി പറഞ്ഞത്. കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് ഡിസാസ്റ്റർ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നെടുമ്പാല, എൽസ്‌റ്റൺ എസ്‌റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ പുനരധിവാസ നടപടി കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. കഴിഞ്ഞ 21ന് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. നിർമിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പിന്റെ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. കിഫ്‌ബിയുടെ കീഴിലുള്ള കിഫ്‌കോൺ ആണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ 20ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ജനുവരി നാലുവരെ പരാതികൾ ബോധിപ്പിക്കാം. കലക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയർമാനുമായ ജില്ലാ ദുരന്തനിവാരണ സമിതി പരിശോധിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
അപകടഭീഷണിയുള്ളതായി വിദഗ്‌ധ സമിതി കണ്ടെത്തിയ വീടുകളുടെ പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും. വീടുകൾ നിർമിച്ച് ഒരുമിച്ച് കൈമാറും. വീടുകൾ വാഗ്‌ദാനം ചെയ്‌തവരുമായി ഒന്നിന് മുഖ്യമന്ത്രി ചർച്ച നടത്തും.ആയിരം ചതുരശ്ര അടി വീതമുള്ള വീടുകളാണ് സർക്കാർ നിർമിച്ചു നൽകുക. ഒരേ രീതിയിലുള്ളതാകും വീടുകൾ. ഭാവിയിൽ രണ്ടാമത്തെ നിലകൂടി കെട്ടാനുള്ള ഉറപ്പോടുകൂടിയ അടിത്തറ പണിയും. ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, വിനോദ കേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവ ടൗൺഷിപ്പിൽ ഉൾപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.