വയനാട് കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉർജ്ജിത ശ്രമങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കടുവാ സന്നിധ്യം റിപ്പോർട്ട് ചെയ്ത് ആദ്യ ദിവസം മുതൽ ശക്തമായ ഫീൽഡ് പട്രോളിംഗ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥർ മുതൽ 100 മുതൽ 125ഓളം വനം വകുപ്പ് ജീവനക്കാർ രാവും പകലും പ്രദേശത്ത് പട്രോളിംഗ് നടത്തുന്നു.
127 വാച്ചർമാർ, 66 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 29 ഫോറസ്റ്റർമാർ, 8 റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, 5 ഡി.എഫ്.ഒമാർ, ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരെയാണ് കടുവയെ പിടികൂടുന്നതിനുള്ള പ്രത്യേക യജ്ഞത്തിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ, സീനിയർ ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് മയക്കുവെടി വെക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയും മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തി വരുന്നു.
പ്രദേശത്ത് ഇതിനകം 36 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് അഞ്ച് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സ്ഥലത്തെത്തി നടപടികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും. സബ് കളക്ടർ, തഹസിൽദാർ, മാനന്തവാടി ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ റവന്യു, പോലീസ് സംഘവും എല്ലാ സഹകരണവും നൽകുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കന്നുകാലികളുടെ ഉടമസ്ഥർക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ നഷ്ടപരിഹാരം കണക്കാക്കി തുക നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വനം വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈക്കൊണ്ട നടപടികൾ കേരളാ ഹൈക്കോടതി 14, 16 തീയതികളിൽ വീഡിയോ കോൺഫറൻസ് വഴി വിലയിരുത്തുകയും ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ഭീതി സർക്കാർ പൂർണ്ണമായും മനസ്സിലാക്കി മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. പ്രദേശത്ത് ഉണ്ടായതായി പറയപ്പെടുന്ന മറ്റ് പ്രശ്‌നങ്ങളെകുറിച്ച് ആവശ്യമായ അന്വേഷണങ്ങൾ നടത്തും. ഈ വിഷയത്തിൽ പൊതുജനങ്ങളുടെ ആശങ്ക ജീവനക്കാരും, രാവും പകലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ വിഷമതകൾ പൊതുജനങ്ങളും പരസ്പരം മനസ്സിലാക്കി സ്വയം നിയന്ത്രണം പാലിച്ച് വനം വകുപ്പിന്റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
English Summary: Wayanad tiger attack; The Minister said that the people should co-operate with the actions of the Forest Department
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.