15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

വയനാട് ടൗൺഷിപ്പ് ആദ്യഘട്ടം പൂര്‍ത്തിയാകുന്നു; വീടുകള്‍ അടുത്തമാസം

Janayugom Webdesk
കല്പറ്റ
January 19, 2026 11:04 pm

ചൂരൽമല — മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകള്‍ ഫെബ്രുവരി ആദ്യ ആഴ്ച ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് റവന്യു-ഭവനനിര്‍മ്മാണ മന്ത്രി കെ രാജൻ പറഞ്ഞു. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തശേഷം സർക്കാർ ഉറപ്പുനൽകിയ എല്ലാ കാര്യങ്ങളും നടപ്പാക്കി. മറിച്ചുള്ളതെല്ലാം വ്യാജപ്രചാരണങ്ങളാണ്.

വീടുകൾ കൈമാറിക്കിട്ടിയാൽ അന്നുതന്നെ താമസമാരംഭിക്കുന്ന വിധം എല്ലാ പണികളും പൂർത്തിയാക്കിയാവും നല്‍കുക. 289 വീടുകളുടെ വാർപ്പ് പൂർത്തിയായി. അഞ്ച് സോണുകളിലായുള്ള നിർമ്മാണ പ്രവർത്തനങ്ങളില്‍ 1700 ലധികം തൊഴിലാളികളാണ് ദിവസേന ഭാഗമാകുന്നത്. വാർപ്പ് കഴിഞ്ഞ വീടുകളിൽ പ്ലംബിങ്, തേപ്പ്, ഫ്ലോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ടൗൺഷിപ്പിലെ പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമ്മാണവും സൈഡ് ഡ്രെയിനേജ് നിർമ്മാണവും പുരോഗമിക്കുകയാണ്.

ആകെ 11.423 കിലോമീറ്റർ റോഡുകളാണ് നിർമ്മിക്കുക. 2024 ഓഗസ്റ്റ് മുതൽ 2025 ഡിസംബർ വരെ 17 മാസ കാലയളവിൽ ദുരിതബാധിതർക്കായി സർക്കാർ ജീവനോപാധി നൽകിയിട്ടുണ്ട്. ഉപജീവനബത്ത അനുവദിക്കുന്നതിനായി സിഎംഡിആർ എഫിൽ നിന്ന് 21.06 ലക്ഷം രൂപയും എസ്ഡിആർഎഫിൽ നിന്ന് 15.42 കോടി രൂപയും വിനിയോഗിച്ചിട്ടുണ്ട്. ഇതേകാലയളവില്‍ 5,92 കോടിയോളം രൂപ വാടക ഇനത്തിൽ മാത്രം നൽകി.

ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ട് വ്യക്തികൾക്ക് 300 രൂപ വീതം എസ്ഡിആർഎഫിൽ നിന്നും ദീർഘനാൾ ചികിത്സയിൽ കഴിയുന്ന കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാൾക്ക് കൂടി 300 രൂപ വീതവും അധികമായി സിഎംഡിആർഎഫിൽ നിന്നും നൽകുന്നുണ്ട്. 1,183 ആളുകൾക്ക് 12 ഗഡുക്കളായാണ് സർക്കാർ ഉത്തരവ് പ്രകാരം ധനസഹായം വിതരണം ചെയ്തത്. 2025 ഡിസംബർ മാസത്തെ ഉപജീവനബത്ത 1,183 പേർക്ക് 1,06,47,000 രൂപ അനുവദിച്ചു. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിന് നിഷ‌്പ്രയാസം സാധിക്കുമെന്നിരിക്കെ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. കർണാടക സർക്കാർ വീട് നിർമ്മാണത്തിനായി നൽകിയത് 10 കോടി രൂപയാണ്. കേന്ദ്രസർക്കാർ പണം നൽകിയില്ല.

കടം എഴുതിത്തള്ളാൻ ദേശീയ ദുരന്ത നിവാരണ അതോറിട്ടിയെ ചുമതലപ്പെടുത്തുന്ന സെക്ഷൻ 13 എടുത്തുകളഞ്ഞ് ദുരന്തബാധിതരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. എന്നാൽ സംസ്ഥാന സർക്കാർ മാനുഷിക പരിഗണന നൽകി ദുരന്തബാധിതരെ സഹായിക്കുന്നുണ്ട്. ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കും. സർക്കാർ സ്ഥലം ലഭ്യമല്ലെങ്കിൽ സ്ഥലം വില നൽകി വാങ്ങി അവിടെ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ്, കല്പറ്റ നഗരസഭ ചെയർമാൻ പി വിശ്വനാഥൻ, വൈസ് ചെയർപേഴ്സൺ സൗമ്യ എസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജ ബേബി, സി സീനത്ത് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.