വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി ഗവൺമെന്റ് കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ 21 ന് പ്രതിഷേധദിനമായി ആചരിക്കാൻ സിപിഐ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കണമെന്ന് പാർട്ടി ഘടകങ്ങളോട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദേശിച്ചു.
വയനാട് ദുരന്തം ദേശീയ പരിഗണന അർഹിക്കുന്നതല്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം അവരുടെ കാപട്യം വിളിച്ചറിയിക്കുന്നു. ദുരന്തത്തിന്റെ പതിനൊന്നാം നാളിൽ വയനാട്ടിലെത്തിയ പ്രധാനമന്ത്രി കാണിച്ചതെല്ലാം ആത്മാർത്ഥത തൊട്ടു തീണ്ടാത്ത നാടകം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു. ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനുമായി കേരള സർക്കാർ ആവശ്യപ്പെട്ടത് 2262 കോടി രൂപയുടെ പാക്കേജാണ്. രാജ്യമാകെ അതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുമാണ്.
എന്നാൽ സംസ്ഥാനത്തിനു ലഭിച്ചു വരുന്ന സാധാരണ വിഹിതം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ പക്കൽ ആവശ്യത്തിന് നീക്കിയിരുപ്പ് ഉണ്ടെന്ന വിചിത്ര വാദമാണ് ബിജെപി സർക്കാർ അവതരിപ്പിക്കുന്നത്. ‘ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത’ എന്ന ദേശീയ വികാരത്തിന്റെ അടിത്തറ തകർക്കുന്ന കേന്ദ്ര ബിജെപി സർക്കാർ നയങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.