7 December 2025, Sunday

Related news

December 1, 2025
December 1, 2025
November 27, 2025
October 27, 2025
October 18, 2025
July 18, 2025
May 31, 2025
May 23, 2025
May 17, 2025
May 17, 2025

പ്രകൃതിയോട് മല്ലിടാതെ മണ്ണിന്റെ മക്കളായി നാം മാറണം; ഇന്ന് ലോക കാലാവസ്ഥ ദിനം

Janayugom Webdesk
March 23, 2025 6:05 am

വ്യവസായ വിപ്ലവത്തിന് ശേഷം ലോകത്ത് നടപ്പായ വികസന സമീപനങ്ങൾ ഭൂമിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. അതിന്റെയെല്ലാം അനിവാര്യ പ്രത്യാഘാതങ്ങളായി ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ തലക്ക് മുകളിലുണ്ട്. ഹരിതഗൃഹ വാതകങ്ങളും വാഹന പുകയും രാസ വിസർജ്യങ്ങളും അന്തരീക്ഷത്തിലും വെള്ളത്തിലും സൃഷ്ടിച്ച മലിനീകരണം ചെറുതല്ല. പര്‍വ്വതങ്ങൾ വിയര്‍ത്തൊഴുകുവാൻ തുടങ്ങി. സമുദ്ര നിരപ്പ് കുത്തനെ ഉയർന്നതോടെ കരകളിൽ ഭീതിയുടെ ആരവം. ഭൗമകവചമായ ഓസോണ്‍ പാളികള്‍ രോഗ ബാധിതരായി. കാലം തെറ്റി പെയ്യുന്ന കനത്ത മഴയും മഞ്ഞും അപ്രതീക്ഷിതമായി പടരുന്ന ചൂട് നിറഞ്ഞ കാലാവസ്ഥയും മനുഷ്യരിൽ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. പ്രകൃതിയോടു മല്ലിടാതെ മണ്ണിന്റെ മക്കളായി നാം മാറണം എന്ന ഓര്‍മ്മപ്പെടുത്തലുമായാണ് ഇത്തവണയും ലോക കാലാവസ്ഥാ ദിനം നമ്മളിലേക്ക് എത്തുന്നത്.

 

ക്ലൈമ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്ലൈമറ്റ് എന്ന പ്രയോഗം വന്നത്. രണ്ടു തരത്തിൽ കാലാവസ്ഥയെ നമുക്ക് മനസിലാക്കാം. സൂക്ഷ്മ കാലാവസ്ഥയും സ്ഥൂല കാലാവസ്ഥയും. ഇവയിൽ സ്ഥൂല കാലാവസ്ഥയിൽ നമുക്കു വലിയ ഇടപെടൽ സാധ്യമല്ല. പക്ഷെ സൂക്ഷ്മ കാലാവസ്ഥയിൽ മനുഷ്യന്റെ പ്രവർത്തികൾക്കു വലിയ സ്ഥാനമാണുള്ളത്. കരയിലെയും കടലിയെയും ഏതൊരു ഇടപെടലും അന്തരീക്ഷത്തിൽ മാറ്റത്തിനു സഹായകമാകും. അലയൊടുങ്ങാതെയുള്ള ചുഴലിക്കാറ്റുകളും കൂറ്റൻ തിരമാലകളുമെല്ലാം കേരള തീരത്തും ഭീതിയുടെ കൊടുമുടികൾ തീർക്കുന്നു. കടലിന്റെ മാറ്റത്തിൽ പിറവികൊള്ളുന്ന കൊടുംകാറ്റുകൾ പലപ്പോഴും തിരികെ മടങ്ങുന്നത് നികത്താനാവാത്ത നഷ്ടങ്ങൾ ബാക്കിയാക്കിയാണ്. ചൂടും ഈർപ്പവുമുള്ള വായുവാണ് ഇവയുടെ ശക്തി. അതുകൊണ്ടാണ് ഭൂമധ്യ രേഖക്ക് സമീപമുള്ള താപനില ഉയർന്ന് കടലിൽ കൊടുംങ്കാറ്റുകൾ രൂപം കൊള്ളുന്നത്. സമുദ്ര നിരപ്പിനോട് ചേർന്ന ഈർപ്പമുള്ള വായു ചൂട് പിടിച്ചുയരുമ്പോൾ താഴെ വായുവിന്റെ അളവ് കുറയും. ഇതോടെ ന്യൂനമർദ്ദം രൂപപ്പെടും. മർദ്ദം കുറഞ്ഞ പ്രദേശത്ത് നിന്നുള്ള വായു സഞ്ചരിച്ച് ഇവിടെ എത്തുന്നതോടെ ക്രമേണ അത് കടലുമായുള്ള സമ്പർക്കത്തിൽ അതി തീവ്രന്യൂന മർദ്ദമായും മാറും. ഇത് ചുഴലിക്കാറ്റിന് വഴിയൊരുക്കും. കാലാവസ്ഥ വ്യതിയാനം മൂലമാണ് ന്യൂനമർദ്ദം രൂപംകൊള്ളുന്നത്.

 

1979ല്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പ്രഥമ ലോക കാലാവസ്ഥാ കോണ്‍ഫറന്‍സില്‍, ജനീവയില്‍ ഒത്തുകൂടി. കാലാവസ്ഥാമാറ്റങ്ങളുടെ ആപല്‍ക്കരമായ ലക്ഷണങ്ങളിൽ അടിയന്തിര നടപടി ആവശ്യപ്പെടുന്നതായിരുന്നു സമ്മേളനം. ഈ സമ്മേളനമാണ് കാലാവസ്ഥാ ദിനാചരണത്തിന്റെ പ്രാധാന്യം ലോകത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായത്. കാലാവസ്ഥ, ജിയോഫിസിക്കൽ സയൻസ് എന്നിവയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അറിയിച്ചുകൊണ്ട് സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് ഈ സംഘടന നിലകൊള്ളുന്നത്. 193 രാജ്യങ്ങളാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിൽ അം​ഗങ്ങളായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാൻ അവികസിത രാജ്യങ്ങളെ ശാക്തീകരിക്കുക എന്നതും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ ലക്ഷ്യമാണ്. നാം ജീവിക്കുന്ന ലോകത്തെ കൂടുതൽ അടുത്തറിയാനും, കാലാവസ്ഥാ വ്യതിയാനം പോലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാനും, ജനങ്ങൾക്ക് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ദുരന്തങ്ങളുടെ അപകട സാധ്യത കുറയ്ക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ലോകരാജ്യങ്ങളെ സംഘടന സഹായിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് വർഷം തോറും ഉയർന്നുകൊണ്ടിരിക്കുന്ന കാർബൺ ബഹിർഗമനത്തിന്റെ തോത്. കാലാവസ്ഥ എന്നത് ആഗോള പ്രതിഭാസമാകയാൽ ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ മാത്രമായി അതുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്കെതിരെ തീരുമാനമെടുക്കാനാവില്ല. എല്ലാ രാജ്യങ്ങളും ചേർന്നുള്ള ആത്മാർഥമായ പ്രവർത്തനങ്ങളാണ് ആവശ്യം. എന്നാൽ കാർബൺ ബഹിർഗമനം ഓരോ രാജ്യത്തിന്റെയും വികസനവുമായും സാമ്പത്തിക വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ വിഷയത്തിൽ വികസിത രാജ്യങ്ങളുടെ ആത്മാർഥമായ ഇടപെടൽ ഇല്ലാതെ പോകുകയാണ്. ഫലമോ, ലോകമാകെ ഇതിന്റെ തിക്തഫലം അനുഭവിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. കാലാവസ്ഥയിലെ ഈ മാറ്റം നമ്മുടെ ദൈനംദിന ജീവിതത്തെ പലരീതിയിലാണ് ബാധിക്കുന്നത്. അനിയന്ത്രിതമായി ചൂട് കൂടുന്നത് ജീവിതം ദുസ്സഹമാക്കുന്നു എന്നതിനൊപ്പം പ്രകൃതി ദുരന്തങ്ങൾക്കു കൂടി വഴിവയ്ക്കുന്നത് സുനാമിയായും പ്രളയമായും വരൾച്ചയായും നാം കൺമുന്നിൽത്തന്നെ കാണുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ആഗോള താപനം മൂലം ധ്രുവങ്ങളിലെ മഞ്ഞുമലകൾ ഉരുകുകയും, അതുവഴി സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്നത് നമുക്ക് ഭീഷണിയാണ്. കൂടാതെ, ​ നമ്മുടെ നിലനിൽപ്പിന്റെ നട്ടെല്ലായ കൃഷിയെയും കാലാവസ്ഥാമാറ്റം വലിയ നിലയിൽ ബാധിക്കുന്നു. ലോക ഭക്ഷ്യോത്പാദനത്തിൽ ഉണ്ടായിരിക്കുന്ന ഭീമമായ ഇടിവ് പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കാൻ കഴിയും. കേരളത്തിൽ കാലാവസ്ഥ ശാസ്ത്രജ്ഞനായ കൂപ്പണിന്റെ പഠനമനുസരിച്ച് കടലിന്റെയും പശ്ചിമഘട്ട മലനിരകളുടെയും സാമീപ്യം കൊണ്ടാണ് കേരളത്തിൽ നല്ല മഴ കിട്ടുന്നത്. കരയിൽ മരങ്ങളും മലകളും കുറഞ്ഞാൽ മഴയിലും മാറ്റമുണ്ടാകാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. സൂര്യനിൽ നിന്നു വരുന്ന താപവും പ്രകാശവും ആദ്യം ഭൂമിയിലാണ് നേരിട്ടെത്തുന്നത്. കര വേഗത്തിൽ ചൂടാകുന്നു. തണുക്കുന്നതും വേഗത്തിലാണ്. പക്ഷെ കടൽ സാവധാനം ചൂടാകുകയും അതുപോലെ പതുക്കെമാത്രം തണുക്കുകയുമാണ് ചെയ്യുന്നത്. ചൂട് മുകളിലേക്കു പോകുകയും വേണം. പക്ഷെ പോകുമ്പോൾ അന്തരീക്ഷത്തിൽ ചൂടു കൂടുതലാണെങ്കിൽ കുറെ ഭാഗം ഒരുപാടു സമയം ഭൂമിക്കു മുകളിൽ തങ്ങി നില്കും. ഹരിത ഗൃഹപ്രഭാവം എന്നൊക്കെ പറയുന്നത് ഇതിനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.