
എത്രയോ കാലമായി ഉന്നയിക്കപ്പെടുന്നതും ഒരിക്കലും പരിഹാരമില്ലാത്തതുമായ പ്രശ്നമാണ് പ്രധാനപ്പെട്ട ആഘോഷവേളകളിലെ കേരളീയരുടെ യാത്രാപ്രശ്നം. ഇതര സംസ്ഥാനങ്ങളിലും വിദേശത്തും സംസ്ഥാനത്തിനകത്തും വീടുവിട്ട് ജോലിയെടുക്കുന്നവർ ആഘോഷവേളകളിൽ നേരിടുന്ന യാത്രാപ്രശ്നം ഈ ഓണക്കാലത്തും ഗുരുതരമായി തുടരുമെന്ന് തന്നെയാണ് സൂചനകൾ. തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷവേളകൾ പങ്ക് വയ്ക്കണമെന്നാഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് ഈ ദുരവസ്ഥ. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല ഇത്. വന്ദേഭാരതിന്റെയും വീതികൂടിയ ദേശീയ പാതയുടെയും പേരിൽ അഹങ്കരിക്കുന്ന അധികൃതർ ഈ പ്രശ്നത്തിന് ഒരിക്കലും ചെവികൊടുക്കുന്നില്ലെന്ന് മാത്രമല്ല, സ്വകാര്യസംരംഭകരുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു. രാജ്യത്തിനകത്ത് ഇതര സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവർ ആശ്രയിക്കുന്ന പ്രധാന യാത്രാമാർഗമാണ് തീവണ്ടി സർവീസ്.
എന്നാൽ ആഡംബര തീവണ്ടികളുടെ എണ്ണപ്പെരുക്കത്തെ കുറിച്ച് സംസാരിക്കുന്നവർ അത് സാധാരണക്കാർക്ക് ആലംബമല്ലെന്ന വസ്തുത മറക്കുന്നു. അവർ പ്രധാനമായും ആശ്രയിക്കുന്ന തീവണ്ടിസർവീസുകൾ ഇപ്പോഴും പരിമിതമായിതന്നെ തുടരുകയും ചെയ്യുന്നു. ഡൽഹി, കൊൽക്കത്ത, ബംഗളൂരു, മുംബൈ, ചെന്നൈ പോലുള്ള പ്രധാന നഗരങ്ങളിൽ നിന്നുപോലും ഇപ്പോഴും പരിമിത എണ്ണം തീവണ്ടികൾ മാത്രമാണ് സർവീസ് നടത്തുന്നത് എന്നത് ഈ ദയനീയാവസ്ഥ തുറന്നുകാട്ടുന്നതാണ്. കുറഞ്ഞ വേതനമുള്ള സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സ്ലീപ്പർ കമ്പാർട്ട്മെന്റുകളെയാണ്. അവയുടെ എണ്ണമാകട്ടെ വെട്ടിക്കുറയ്ക്കുകയും പകരം എസി കമ്പാർട്ട്മെന്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ തിരുവനന്തപുരത്തുനിന്ന് വടക്കോട്ട് നാല് രാത്രികാല തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്. ആഘോഷവേളകളിൽ തിരക്ക് പരിഗണിച്ച് അധിക കോച്ചുകൾ അനുവദിക്കാറുമുണ്ടായിരുന്നു. എന്നാൽ ഇവയിൽ സാധാരണയുണ്ടായിരുന്ന രണ്ടും മൂന്നും സ്ലീപ്പർ കോച്ചുകളാണ് എടുത്തുകളഞ്ഞത്. പകരം മൂന്നും നാലും ഇരട്ടിയിലധികം നിരക്കുള്ള തേഡ് എസി, സെക്കന്‍ഡ് എസി കമ്പാർട്ട്മെന്റുകളുടെ എണ്ണം കൂട്ടി. ഇതിലൂടെ സമ്പന്നരെയും ഇടത്തരക്കാരെയുമാണ് റെയിൽ വകുപ്പ് സഹായിക്കുന്നത്. അതുപോലെതന്നെ വന്ദേഭാരത് പോലുള്ള ആഡംബര തീവണ്ടികളുടെയും ഗുണം സാധാരണക്കാർക്ക് ലഭിക്കുന്നില്ല.
ഓണത്തിന് എത്രയോ ദിവസം മുമ്പുതന്നെ രാത്രികാല തീവണ്ടികളിലെ സ്ലീപ്പർ കോച്ചുകളിൽ റിസർവേഷൻ വെയ്റ്റിങ് ലിസ്റ്റിൽ ആയിക്കഴിഞ്ഞു. പകൽകാലത്ത് യാത്രചെയ്യാവുന്ന ദീർഘദൂര തീവണ്ടികൾ, ഏറനാട്, പരശുറാം, ജനശതാബ്ദി എന്നിവയിലും സ്ഥിതി സമാനം തന്നെ. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള തീവണ്ടികളുടെയും സ്ഥിതി ഇതുതന്നെ. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്ന മറ്റൊരു സംവിധാനമായ ബസ് സർവീസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പരിമിതമായ ബസുകളിൽ ഇതിനകം റിസർവേഷൻ പൂർത്തിയായി. ഈ സാഹചര്യം മുതലെടുത്ത് അധിക ബസ് ഏർപ്പെടുത്തുന്ന സ്വകാര്യ കമ്പനികൾ അമിത നിരക്ക് ഈടാക്കുകയും ചെയ്യുന്നു. ഈ ചൂഷണം തടയുന്നതിന് കേരളത്തിലെ മാത്രമല്ല, കർണാടക, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ സർക്കാർ ഗതാഗത സംവിധാനങ്ങൾക്കും ഉത്തരവാദിത്തമെടുക്കാൻ കഴിയണം. സ്ഥിരമായും ഉത്സവവേളകളിൽ പ്രത്യേകമായും അധിക ബസ് സർവീസുകൾ അനുവദിച്ചാൽ ചൂഷണത്തിന് ഒരു പരിധിവരെ കുറവുണ്ടാകുമെന്നതിൽ സംശയമില്ല.
സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുളള യാത്രക്കാരുടെ പ്രശ്ന പരിഹാരത്തിന് ഏറ്റവും ശക്തമായ നടപടിയെടുക്കുവാൻ സാധിക്കുന്നത് റെയിൽവേ വകുപ്പിനാണ്. എന്നാൽ വളരെ പരിമിതമായ സജ്ജീകരണങ്ങൾ മാത്രമേ അവർ ഒരുക്കിയിട്ടുള്ളൂ. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ആറ് ദിവസം സർവീസ് നടത്തുന്ന ഒരു പ്രത്യേക തീവണ്ടി മാത്രമാണ് മംഗളൂരു — തിരുവനന്തപുരം നോർത്ത് റൂട്ടിൽ അനുവദിച്ചിട്ടുള്ളത്. നാലു ദിവസം കൊല്ലം — തിരുവനന്തപുരം റൂട്ടിൽ ഒരു തീവണ്ടിയും ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും. എങ്കിലും ആയിരക്കണക്കിന് പേരുടെ യാത്ര അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രത്യേക തീവണ്ടികളും ബസ് സർവീസുകളും അനുവദിക്കുന്നതിനും സ്വകാര്യ സംരംഭകർ അധിക നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാനും നടപടിയുണ്ടാകണം. പാതകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ തീവണ്ടികൾ ആരംഭിക്കുന്നതിന് തടസമില്ലെന്നാണ് പാസഞ്ചർ സംഘടനകൾ പറയുന്നത്. കൊങ്കൺ വഴിയുള്ള തീവണ്ടികൾ മഴക്കാലത്ത് സമയമാറ്റം വരുത്തുന്ന ഘട്ടത്തിൽ പലതും രാത്രികാലത്താണ് കേരളത്തിനകത്ത് സർവീസ് നടത്തുന്നത്. അവയ്ക്ക് പകരം മറ്റ് സീസണുകളിലെങ്കിലും ഒരു അധിക തീവണ്ടി സർവീസ് നടത്തുന്നതിന് പ്രയാസമില്ലെന്നും അവർ പറയുന്നു. അതുകൊണ്ട് മാത്രമല്ല സാധാരണ ദിവസങ്ങളിലും രൂക്ഷമായ യാത്രാപ്രശ്നം നേരിടുന്നുണ്ട് എന്നതിനാൽ സ്ഥിരമായ തീവണ്ടികൾ അനുവദിക്കുന്ന കാര്യത്തിലും ഉചിതമായ തീരുമാനം റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകണം. വിദേശങ്ങളിൽ നിന്നുള്ളവരും ഇതേരീതിയിലുള്ള ചൂഷണം നേരിടുന്നുണ്ട്. അതുപോലെതന്നെ വിമാന യാത്രാക്കൂലി നിയന്ത്രിക്കുന്നതിനും കർശനമായ നടപടികളും കേന്ദ്രം പരിഗണിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.