ബർമിംഗ്ഹാമിൽ നടന്ന ലോക ബ്ലൈൻഡ് ഗെയിംസിൽ കിരീടം സ്വന്തമാക്കിയ കാഴ്ചപരിമിതരുടെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ അംഗമായ സാന്ദ്രാ ഡേവിസിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. രാവിലെ 8.45ന് ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ സാന്ദ്രയെ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരള ഭാരവാഹികൾ സ്വീകരിച്ചു. സിഎബികെ ചെയർമാൻ രജനീഷ് ഹെൻ്ട്രി, ട്രഷറർ സന്തോഷ് പി, യുഎസ്ടി കൊച്ചി സിഎസ്ആർ തലവൻ പ്രശാന്ത് സുബ്രഹ്മണ്യൻ, സിഎബികെ എക്സിക്യൂട്ടീവ് അംഗം തോമസ് എബ്രഹാം, തൃശൂർ അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
സാന്ദ്രയുടെ മാതാപിതാക്കളും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഈ വിജയത്തെ തന്റെ ജീവിതത്തിലെ വലിയ അഭിമാനകരമായ നിമിഷമായാണ് കാണുന്നതെന്ന് സാന്ദ്രാ ഡേവിസ് പറഞ്ഞു. ഇംഗ്ലണ്ടിൽ ഓസ്ട്രേലിയയുമായി ഫൈനലിൽ ജയിക്കാനായത് മറക്കാനാവാത്ത അനുഭവമാണ്. കഠിനാധ്വാനം ചെയ്തിട്ടാണ് ടീം കളിക്കാൻ ഇറങ്ങിയത്. ജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഫൈനലിൽ മഴ പെയ്തതിനാൽ കളി ചുരുക്കേണ്ടി വന്നതൊഴിച്ചാൽ ടൂർണമെന്റ് നല്ല പഠനാനുഭവമാണ് നൽകിയതെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
കാഴ്ച പരിമിതിയുള്ള ഒരു പെൺകുട്ടി കേരളത്തിൽ നിന്നും അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത് സ്വർണ മെഡൽ നേടിയെന്നത് മറ്റുള്ളവർക്ക് വലിയ പ്രചോദനകരമാണെന്ന് സിഎബികെ ജനറൽ സെക്രട്ടറി രജനീഷ് ഹെൻട്രി പറഞ്ഞു. ഫൈനലിൽ ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് ടീമിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐബിഎസ്എ വേൾഡ് ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം കിരീടം സ്വന്തമാക്കിയത്. സാന്ദ്ര രണ്ട് ഓവറിൽ 11 റൺസ് വഴങ്ങി ഒരുവിക്കറ്റ് നേടി. തൃശൂർ പൂക്കോട് സ്വദേശിയായ സാന്ദ്ര നിലവില്‍ ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ബിഎഡ് വിദ്യാർത്ഥിയാണ്.
English Sammury: warm welcome to Sandra Davis, member of the Indian women’s cricket team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.