
വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ച സംഭവത്തിൽ സമീപവാസിയായ കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് ഗുരു മന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമു സുന്ദർ(42) ആണ് മരിച്ചത്. സമീപവാസി ധനേഷ് ഭവനിൽ ധനേഷിനെയാണ്(37) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ധനേഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
നേരത്തെ ശ്യാമുവും ധനേഷും നല്ല സുഹൃത്തുക്കളായിരുന്നു. നാല് വർഷം മുൻപ് ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പം പോയതോടെ ഇരുവരും ശത്രുതയിലായി. സംഭവദിവസം സന്ധ്യയ്ക്ക് ധനേഷ് ശ്യാമുവിന്റെ വീട്ടിലെത്തുകയും വസ്തുവിന്റെ പേരിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. പക്ഷേ തന്നോടൊപ്പം താമസിക്കുന്ന യുവതിക്ക് കൂടി അവകാശപ്പെട്ട ഓഹരിയാണെന്നു പറഞ്ഞു ധനേഷും തർക്കിച്ചതോടെ വാക്കേറ്റം രൂക്ഷമായി. ഒടുവിൽ അയൽവാസി ഇടപെട്ടാണ് ഇരുവരെയും പറഞ്ഞു വിട്ടത്. ഓണപ്പരിപാടിക്കു പോയ ധനേഷ് രാത്രി കറിക്കത്തിയുമായി ശ്യാമുവിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനൊടുവില്‍ ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നു. ധനേഷ് പ്രദേശവാസിയായ സുഹൃത്തിന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഇക്കൂട്ടത്തിലൊരാൾ ശ്യാമുവിന്റെ അയൽവാസിയായ രാജേഷിനെ വിളിച്ചറിയിച്ചു. അയൽവാസികളുടെ സഹായത്തോടെ പൊലീസ് ശ്യാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ധനേഷിനെ തെളിവെടുപ്പിനു ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.