6 October 2024, Sunday
KSFE Galaxy Chits Banner 2

പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്കായി ആവിഷ്കരിച്ച ക്ഷേമ പദ്ധതികള്‍ ഇല്ലാതാകുന്നു

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
April 12, 2022 9:25 pm

പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്കായി ആവിഷ്കരിച്ച ഭൂരിപക്ഷം ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് വിഹിതത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നു. ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയില്‍ നിന്നും ദുര്‍ബല വിഭാഗങ്ങളെ മുന്‍നിരയിലെത്തിക്കുന്നതിന് ആവിഷ്കരിച്ച, വിദ്യാഭ്യാസ മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുളള പദ്ധതികളുടെ വിഹിതമാണ് ഗണ്യമായി വെട്ടിക്കുറയ്ക്കുന്നത്.

മികച്ച നേട്ടമുണ്ടാക്കിയ യുവാക്കള്‍ക്കായുള്ള ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് (ശ്രേയസ്), ദുര്‍ബലമേഖലകളിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുള്ള പദ്ധതി (ശ്രേഷ്ഠ), മാതൃകാ റസിഡന്‍ഷ്യല്‍ പദ്ധതി (ഏകലവ്യ), നിര്‍‍ധന സാമൂഹ്യ വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി (വിശ്വാസ്) എന്നിവയ്ക്കെല്ലാമുള്ള കേന്ദ്ര വിഹിതത്തില്‍ വന്‍ കുറവാണ് വരുത്തുന്നത്.

നിര്‍‍ധന സാമൂഹ്യ വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിയായ വിശ്വാസിനാണ് വന്‍തോതിലുള്ള വെട്ടിക്കുറവ് വരുത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021–22) ബജറ്റില്‍ 150 കോടി നീക്കിവയ്ക്കുകയും പുതുക്കിയപ്പോള്‍ 20 കോടിയായി ഗണ്യമായ കുറവ് വരുത്തുകയും ചെയ്തു. ഈ പദ്ധതിക്കുള്ള നടപ്പു സാമ്പത്തികവര്‍ഷ (2022–23) ത്തെ ബജറ്റ് വിഹിതമാകട്ടെ കേവലം 80 കോടി രൂപയും.

ശ്രേയസ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 450 കോടി രൂപയാണ് നീക്കിവച്ചത്. പുതുക്കിയ ബജറ്റ് പ്രകാരം ഇത് 260 കോടി രൂപയായി കുറച്ചു. ഇത്തവണ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 86 കോടി രൂപയുടെ കുറവ് വരുത്തി 364 കോടിയാണ് നീക്കിവച്ചിരിക്കുന്നത്.

ഏറ്റവും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള ശ്രേയസ് പദ്ധതിക്ക് കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ 130 കോടിയായിരുന്നത് പുതുക്കിയ ബജറ്റില്‍ 90 കോടിയായി കുറച്ചു. നടപ്പു വര്‍ഷമാകട്ടെ ആ തുക 80 കോടിയായി കുറയ്ക്കുകയും ചെയ്തു.

ദുര്‍ബല ജനവിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖല പ്രാപ്യമാകണമെങ്കില്‍ ഹോസ്റ്റലുകളോ മറ്റ് താമസസംവിധാനങ്ങളോ ലഭ്യമാക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠ പദ്ധതി നടപ്പിലാക്കിയത്.

2021–22ലെ ബജറ്റില്‍ 200 കോടിയെന്ന് ചേര്‍ത്തുവെങ്കിലും പുതുക്കിയ ബജറ്റ് പ്രകാരം 63 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 2022–23 വര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്തിയതാകട്ടെ കേവലം 89 കോടി രൂപ മാത്രവും.

ഏകലവ്യ പദ്ധതിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ മാതൃകാ റസിഡന്‍ഷ്യല്‍ പദ്ധതിക്ക് 2021–22 മുതല്‍ ബജറ്റ് വിഹിതം കുറച്ചുകൊണ്ടിരിക്കുകയാണ്. ബജറ്റില്‍ 1418 കോടി നീക്കിവയ്ക്കുകയും പുതുക്കിയ ബജറ്റ് പ്രകാരം 1057 കോടിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

പട്ടികവര്‍ഗ വിഭാഗത്തിനായുള്ള സംരക്ഷണ പദ്ധതിക്കുള്ള വിഹിതവും ബജറ്റില്‍ നീക്കിവച്ചത് 4,303 കോടിയായിരുന്നത് പുതുക്കിയതു പ്രകാരം 3,797 കോടിയാക്കി. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള മറ്റൊരു സംരക്ഷണ പദ്ധതിക്ക് 2020–21ല്‍ ബജറ്റില്‍ 2140 കോടി നീക്കിവച്ചത് 2022–23ല്‍ 1930 കോടി രൂപയായി കുറച്ചു.

മറ്റൊരു ദുര്‍ബല വിഭാഗമായ പരമ്പരാഗത ശുചീകരണ തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള വിഹിതം കഴിഞ്ഞ വര്‍ഷം 100 കോടി രൂപയായിരുന്നുവെങ്കില്‍ പുതുക്കിയ ബജറ്റില്‍ അത് 43 കോടി രൂപയാക്കി. നടപ്പു സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള വിഹിതമായി നിശ്ചയിച്ചതാകട്ടെ 70 കോടി രൂപ മാത്രവും.

നാടോടി വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിജ്ഞാപന പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പുനരധിവാസം, സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യം വച്ചുള്ള സീഡ് എന്ന പദ്ധതിക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. 50 കോടിയില്‍ നിന്ന് 28 കോടി രൂപയായാണ് കുറവ് വരുത്തിയത്.

eng­lish sum­ma­ry; Wel­fare schemes for mar­gin­al­ized peo­ple are disappearing

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.