
ഒമാന്റെ മധ്യസ്ഥതയില്‍ ജെനീവയില് നടക്കുന്ന ഇറാന്-യുഎസ് ആണവ ചര്‍ച്ചയുടെ ആദ്യ ഘട്ടം പ്രതീക്ഷ നല്‍കുന്നതെന്ന് സൂചന. മൂന്നാം വട്ട ചര്‍ച്ചയുടെ ആദ്യ മൂന്നുമണിക്കൂര്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇറാന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. അതീവ ഗൗരവതരമായ ചര്‍ച്ചകളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കരാര്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്താന്‍ തയ്യാറായില്ല. വിദേശ മാധ്യമങ്ങളും അമേരിക്കയിലെ ഉദ്യോഗസ്ഥരും നല്കുന്ന വിരുദ്ധമായ പ്രസ്താവനകള്‍ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്. ചര്‍ച്ചയുടെ അന്തിമ ഫലത്തിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതിനായി പരിശ്രമിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ക്രിയാത്മകവും പ്രതീക്ഷാ നിര്ഭരവുമായ ആശയങ്ങള്‍ ഇരുകൂട്ടരും കൈമാറിയതായി മധ്യസ്ഥത വഹിക്കുന്ന ഒമാന്‍ വിദേശകാര്യമന്ത്രി ബാദ്ര് അല്ബുസയ്ദി പറഞ്ഞു. മികച്ച ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2025 ജൂണിന് ശേഷം മൂന്നാം തവണയാണ് അമേരിക്കയും ഇറാനും ചർച്ച നടത്തുന്നത്. ഒരു ഭാഗത്ത് ചർച്ചയും മറുഭാഗത്ത് പടയൊരുക്കവും നടക്കുമ്പോൾ മൂന്നാം വട്ട ചർച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്. രണ്ടാം വട്ട ചർച്ചയിൽ കരാറിന്റെ പൊതു തത്വങ്ങളിൽ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്നുള്ള ചർച്ചക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ഇറാന്റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കരാറിന്റെ ഭാഗമാകുമോയെന്നാണ് അറിയാനുള്ളത്. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നുമാണ് ഇറാന്റെ നിലപാട്.
കരാര്‍ പ്രകാരം ഒരു വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കാൻ ഇറാൻ തയ്യാറായേക്കുമെന്നും അതിനിടയിൽ ഒരു കണ്‍സോർഷ്യം രൂപീകരിച്ച് അതിന്റെ മേൽനോട്ടത്തിൽ വീണ്ടും യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് നീങ്ങിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട് നിലവിലുള്ള യുറേനിയം ശേഖരം ആണവോർജ ഏജൻസിയുടെ കസ്റ്റഡിയിലേക്ക് കൈമാറണം എന്നാണ് അമേരിക്കയുടെ മറ്റൊരു ആവശ്യം. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിൽ ചർച്ചകൾ നീണ്ടുപോകാനുള്ള പ്രധാന കാരണം. ഇക്കാര്യത്തിലടക്കം ധാരണയിൽ എത്താൻ കഴിയുമോ എന്നാണ് അറിയാനുള്ളത്. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി എണ്ണ വ്യാപാരത്തിലടക്കം ഇളവുകൾ നൽകിക്കൊണ്ടുള്ള നിലപാടിലേക്ക് ഇരുപക്ഷവും എത്താനും സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.