6 March 2026, Friday

പശ്ചിമേഷ്യന്‍ സംഘര്‍ഷം: എല്‍ പി ജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2026 3:53 pm

പാചക വാതകത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ രാജ്യത്തെ എണ്ണ റിഫൈനറികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.രാജ്യത്ത് പാചക വാതകത്തിന്റെ ക്ഷാമമുണ്ടാകാതിരിക്കാന്‍ എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

എല്‍പിജി ഇറക്കുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എല്‍പിജിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. പശ്ചിമേഷ്യയില്‍ നിന്നാണ് 90 ശതമാനം എല്‍പിജിയും ഇറക്കുമതി ചെയ്യുന്നത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് വഴി വരുന്ന എണ്ണ ടാങ്കറുകള്‍ തടഞ്ഞതോടെ ലോകത്തെ എണ്ണ വിതരണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.കഴിഞ്ഞദിവസം സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്തെ ഊര്‍ജ വിതരണം പ്രതിസന്ധിയിലായിട്ടും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

രാജ്യത്ത് 25 ദിവസത്തേക്കുള്ള എണ്ണയും ക്രൂഡ് ഓയിലും മാത്രമെ സ്‌റ്റോക്കുള്ളൂ എന്ന് പ്രഖ്യാപിച്ചിട്ടും എണ്ണ വ്യാപാരത്തെ കുറിച്ച് കേന്ദ്രം മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു.രാജ്യത്ത് എണ്ണവില വര്‍ധിക്കുമ്പോഴും റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന യുഎസിന്റെ ആവശ്യം അംഗീകരിച്ച മോഡി സര്‍ക്കാരിന്റെ നിലപാടിനെയും ഖാര്‍ഗെ ചോദ്യം ചെയ്തിരുന്നു.അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങാന്‍ ഇന്ത്യയിലെ എണ്ണ റിഫൈനറികള്‍ക്ക് യുഎസ് താത്കാലികമായ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.30 ദിവസത്തെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് ഇന്ത്യക്ക് ട്രംപ് ഭരണകൂടം ഇളവ് നല്‍കിയിരിക്കുന്നത്. ഇതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാണ് യു.എസിന്റെ ബ്ലാക്ക് മെയില്‍ അവസാനിപ്പിക്കുകയെന്നും ഇന്ത്യക്ക് എണ്ണ വാങ്ങാന്‍ എന്തിനാണ് യു.എസിന്റെ അനുമതിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദ്യം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.