10 December 2025, Wednesday

Related news

December 8, 2025
December 7, 2025
December 5, 2025
December 5, 2025
December 3, 2025
November 21, 2025
November 21, 2025
November 18, 2025
November 17, 2025
November 16, 2025

പശ്ചിമേഷ്യന്‍ സംഘര്‍ഷം മുറുകുന്നു; ഇറാനില്‍ ഇസ്രയേല്‍ മിസെെലാക്രണം

Janayugom Webdesk
ടെല്‍ അവീവ്/ ടെഹ്റാന്‍
April 19, 2024 10:14 pm

ഇസ്രയേല്‍ ഇറാനില്‍ മിസെെലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആണവപദ്ധതികളുടെ കേന്ദ്രമായ ഇറാനിലെ ഇസ്‍ഫഹാന്‍ പ്രവിശ്യയിലാണ് ഇസ്രയേല്‍ മിസെെല്‍, ഡ്രോണ്‍ ആക്രമണം നടത്തിയത്. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതത്തിനടക്കം ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇസ്‍ഫഹാന്‍, ഷിറാസ്, ടെഹ്‌റാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതമാണ് നിരോധിച്ചത്. വ്യോമ നിയന്ത്രണങ്ങളുടെ ഭാഗമായി എമിറേറ്റ്‌സ്, ഫ്ലെെ ദുബായ്, വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ടെഹ്‌റാനിലെ ഇമാം ഖൊമെെനി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രിവരെ അടച്ചിടുകയും ചെയ്തു.
ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഇസ്‍ഫഹാന്‍. വ്യോമത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഇസ്രയേല്‍ ആക്രമണം സ്ഥിരീകരിച്ച ഇറാന്‍, ഡ്രോണുകള്‍ തകര്‍ത്തെന്നും ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും അറിയിച്ചു.

ഇറാനെതിരെ ഇസ്രയേൽ സൈനിക നീക്കം നടത്തിയതായി അമേരിക്കയും സ്ഥിരീകരിച്ചു. എന്നാൽ ഏതുതരം ആക്രമണമാണ് നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ യുഎസിനെ അറിയിച്ചിരുന്നതായും സൂചനയുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടില്ലെന്ന് ഇസ്രയേല്‍ യുഎസിന് ഉറപ്പുനൽകിയതായാണ് സിഎൻഎന്‍ റിപ്പോര്‍ട്ട്. ഇസ‍്ഫഹാക്കിലെ ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇറാന് താക്കീത് എന്നതിനപ്പുറം വലിയ ആക്രമണം ഇസ്രയേല്‍ ലക്ഷ്യമിട്ടിട്ടില്ല എന്നാണ് സൂചന. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ പൗരന്മാരോട് ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി.
സിറിയയിലെ കോണ്‍സുലേറ്റ് ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഇസ്രയേലില്‍ മിസെെല്‍ ആക്രമണം നടത്തിയിരുന്നു. മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 99 ശതമാനവും പ്രതിരോധിച്ചതായാണ് ഇസ്രയേല്‍ അറിയിച്ചത്.

മറുപടി ഉടനില്ല: ഇറാന്‍

ഇസ്രയേലിന്റെ ആക്രമണത്തിന് ഉടൻ മറുപടിയില്ലെന്ന് ഇറാൻ. തിരിച്ചടി ഉടനില്ലാത്തത് ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്തതിനാലാണെന്നാണ് വിശദീകരണം. വിദേശരാജ്യത്തുനിന്നല്ല ആ­ക്രമണം. നുഴഞ്ഞുകയറ്റമുണ്ടായതായാണ് കരുതുന്നതെന്നും ഇറാന്‍ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക അഭിപ്രായങ്ങളിലും വാർത്താ റിപ്പോർട്ടുകളിലും, ഇസ്രയേലിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നില്ല.
ഇറാന്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്ന സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സമൂഹമാധ്യമത്തില്‍ പങ്കിട്ട പോസ്റ്റ് ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തെ ഉദ്ദേശിച്ചാദുർബലം എന്ന വാക്കുമാത്രമാണ് ഗ്വിര്‍ പങ്കുവച്ചത്. പിന്നാലെ ഇറ്റാമറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. രാജ്യത്തിന്റെ സുരക്ഷയെയും പ്രതിച്ഛായയെയും അന്താരാഷ്‌ട്ര നിലവാരത്തെയും ഇത്രയധികം വ്രണപ്പെടുത്തുന്ന ഒരു കാബിനറ്റ് മന്ത്രി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപി‍ഡ് പറഞ്ഞു.

Eng­lish Summary:West Asian con­flict inten­si­fies; Israeli mis­sile attack on Iran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.