28 December 2024, Saturday
KSFE Galaxy Chits Banner 2

ടാര്‍പോളിന്റെ ഉപയോഗങ്ങള്‍ എന്തെല്ലാം!

ദേവിക
വാതിൽപ്പഴുതിലൂടെ
September 4, 2023 4:30 am

ഏഴാം ക്ലാസുകാരനോട് അധ്യാപിക ചോദിച്ചു; ടാര്‍പോളിന്റെ ഉപയോഗങ്ങള്‍ എന്തെല്ലാം? കുട്ടി മണിമണിയായി മറുപടി പറഞ്ഞുതുടങ്ങി: മരണവീടുകളില്‍ പന്തലിടാം, കൂര മേയാം, അനാഥ പ്രേതങ്ങളെ പൊതിഞ്ഞെടുക്കാം. പറഞ്ഞുതീരുംമുമ്പ് ടീച്ചര്‍ പറഞ്ഞു, മതി മതി. മിടുക്കന്‍. കുട്ടിയുണ്ടോ വിടുന്നു. ‘തീര്‍ന്നില്ല സാര്‍ ടാര്‍പോളിന്‍ കൊണ്ട് പട്ടിണി കെട്ടിപ്പൊതിയാം എന്ന്, നമ്മുടെ പ്രധാനമന്ത്രി മോഡിജി കഴിഞ്ഞ ദിവസം ഒരുപയോഗം കൂടി പറഞ്ഞുതന്നിട്ടുണ്ട്’. ചാനലുകള്‍ കാണുകയും പത്രം വായിക്കുകയും ചെയ്യുന്ന ആ മിടുക്കന്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകളെക്കുറിച്ച് കേട്ടിരിക്കുന്നു. ഉച്ചകോടി പ്രമാണിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ മോഡിയുടെ മൂക്കിനുതാഴെയുള്ള കോളനികളിലെ ചേരിവാസികളെ മുഴുവന്‍ ഒഴിപ്പിച്ചിരിക്കുന്നു. പട്ടിണിപ്പാവങ്ങളുടെ അവശേഷിക്കുന്ന കോളനികള്‍ ടാര്‍പോളിന്‍കൊണ്ട് മറച്ചിരിക്കുന്നു. ടാര്‍പോളിന് പുറത്ത് ഇന്ത്യയെന്ന സാമ്പത്തികശക്തിയെക്കുറിച്ചുള്ള വര്‍ണശബളമായ പോസ്റ്ററുകള്‍.
ഇന്നലെ പ്രധാനമന്ത്രി നല്‍കിയ ഒരഭിമുഖത്തില്‍ പറയുന്നു, ഇന്ത്യ ഒരു വികസിതരാജ്യമാകാന്‍ ഇനി കാല്‍നൂറ്റാണ്ടുകൂടി കാത്തിരിക്കണമെന്ന്. അപ്പോള്‍പ്പിന്നെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാണെന്ന് നാലുനാള്‍ മുമ്പ് മോഡി പറഞ്ഞത് വെറുമൊരു തമാശയോ. കാല്‍നൂറ്റാണ്ട് കഴിയുമ്പോള്‍ അഴിമതി, വര്‍ഗീയത, ജാതിചിന്ത, അക്രമങ്ങള്‍, അരുംകൊലകള്‍ എന്നിവ അവസാനിക്കുമെന്നും പറയുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രതലസ്ഥാനത്ത് 86കാരിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യുകയും അവരുടെ ചുണ്ടുകള്‍ ബ്ലേയിഡുകൊണ്ട് കീറിമുറിക്കുകയും ചെയ്തതുപോലുള്ള സംഭവങ്ങള്‍ ഇല്ലാതാകണമെങ്കില്‍ നാം കാല്‍നൂറ്റാണ്ടുകാലം കാത്തിരിക്കണമെന്ന്. മുപ്പത് കോടിയോളം വരുന്ന ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നു. 25 കൊല്ലം കഴിഞ്ഞാല്‍ ഞാനും അംബാനിയും അഡാനിയും ഉണ്ടാവില്ല, അന്ന് നിങ്ങളെ വരിഞ്ഞുകെട്ടാന്‍ ടാര്‍പ്പാളിനും കൊണ്ട് തങ്ങള്‍ വരില്ലെന്ന്. എന്തൊരു ചന്തമുള്ള ഭാവികാലം.


ഇതുകൂടി വായിക്കൂ: ശിവശക്തിയിലെ എട്ടുകാലിമമ്മൂഞ്ഞ്!


ഓണം നാം അടിച്ചുപൊളിച്ചു കസറിയില്ലേ. ഓണം കഴിഞ്ഞ് രേവതിനാളായിട്ടും മഹാബലി പാതാളത്തിലേക്ക് മടങ്ങിയിട്ടില്ലത്രേ. ഓണത്തിനുടനീളം വിദേശമദ്യം മോന്തിയ മാവേലി എവിടെയോ അടിച്ചുകിന്റായി കിടപ്പാണെന്ന്. നമ്മള്‍ ഇത്ര വലിയ കുടിയന്മാരാണെന്ന് ഇപ്പോഴല്ലേ അറിഞ്ഞത്. ഓണനാളുകളില്‍ കുടിച്ചുവറ്റിച്ചത് 757 കോടിയുടെ മദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നൂറ് കോടിയോളം രൂപയുടെ അധിക വിറ്റുവരവ്. ഈ ഓണക്കാലത്ത് മദ്യപാനത്തിനിടെ എത്രയെത്ര അരുംകൊലകളാണ് നടന്നത്. തൃശൂരില്‍ മാത്രം മൂന്ന് യുവാക്കളെ കുത്തിക്കൊന്നു. പ്രശസ്ത നടി അപര്‍ണാ നായര്‍ ആത്മഹത്യ ചെയ്തതും ഓണനാളില്‍. കാരണം ഭര്‍ത്താവ് സഞ്ജിതിന്റെ കടുത്ത മദ്യപാനവും ഗാര്‍ഹിക പീഡനവും. തന്റെ സഹോദരി ഐശ്വര്യയെ തട്ടിക്കൊണ്ടുപോയ കേസിലും ഇയാള്‍ പ്രതി. പോരാഞ്ഞ് ചിത്രങ്ങളിലോ സീരിയലുകളിലോ അഭിനയിക്കാന്‍ പാടില്ല എന്ന കല്പനയും. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഒരാശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടയിലും മദ്യപനായ ഭര്‍ത്താവിന്റെ ശല്യം സഹിക്കാനാവാതെ വന്നപ്പോഴായിരുന്നു മദ്യവും പീഡനവും സിനിമയും സീരിയലുമൊന്നുമില്ലാത്ത ലോകത്തേക്ക് അപര്‍ണയുടെ യാത്ര. ചന്ദ്രയാന് വെറും 600 കോടി രൂപ ചെലവുള്ളപ്പോള്‍ മദ്യവില്പനയില്‍ 757 കോടിയുടെ റെക്കോഡിട്ടെന്ന് വാഴ്ത്തുന്ന നമ്മള്‍ എങ്ങോട്ടാണ്.
മന്ത്രിയും മുഖ്യമന്ത്രിയും എംഎല്‍എയുമൊക്കെയാവാന്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊന്നും വേണ്ടെന്ന് ഝാര്‍ഖണ്ഡ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. വിദ്യാഭ്യാസമന്ത്രി ജഹര്‍നാഥ് മഹാതോ പതിനൊന്നാം ക്ലാസില്‍ പഠിക്കാന്‍ ചേരുന്നത് 63-ാം വയസില്‍. മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ വെറും എട്ടാം ക്ലാസുകാരന്‍. 70.30 ശതമാനം സാക്ഷരതയുള്ള ഝാര്‍ഖണ്ഡിലെ 51 എംഎല്‍എമാരില്‍ മുപ്പതോളം പേര്‍ 12 വരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. എംഎല്‍എമാരില്‍ മൂന്ന് പേര്‍ക്കു മാത്രമേ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളു. എന്നിട്ടും ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാന സര്‍ക്കാരുകളിലൊന്ന് ഝാര്‍ഖണ്ഡിലേതാണ്. വിദ്യാഭ്യാസം കുറവായിട്ടും മന്ത്രിമാരെന്ന നിലയില്‍ പേരെടുത്തവരാണ് യശഃശരീരനായ ഇമ്പിച്ചി ബാവയും മണിയാശാനും. ഝാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി മഹാതോയെപ്പോലെ മണിയാശാനും എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുത്താല്‍ സാക്ഷരകേരളം അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും.


ഇതുകൂടി വായിക്കൂ: അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ല !


ശാസ്ത്രവിഷയങ്ങള്‍ കെെകാര്യം ചെയ്യുന്നതില്‍ നമ്മുടെ ചാനലുകള്‍ പടുതോല്‍വികളാണെന്ന സത്യം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചന്ദ്രയാന്‍, ആദിത്യ വിക്ഷേപണത്തിന് മുമ്പും അതിനുശേഷവും വിക്ഷേപണസമയത്തും ഈ ദൗത്യങ്ങളുടെ തല്‍സമയ സംപ്രേഷണങ്ങള്‍ ഫുട്ബോള്‍, ക്രിക്കറ്റ് കമന്ററികള്‍ പോലെയായി. ചന്ദ്രയാന്‍ ഇതാ അഭിമാന ഗോപുരമായി വിഹായസിലേക്കുയരുന്നു. ആദിത്യയുടെ ആ കുതിപ്പ് കണ്ടോ, എന്റെയും പ്രേക്ഷകരുടെയും ഹൃദയത്തെ ആനന്ദതുന്ദിലമാക്കുന്ന നിമിഷങ്ങളിതാ. തല്‍സമയ വിവരണത്തില്‍ സാഹിത്യം നിറഞ്ഞുനില്‍ക്കുന്നു. ഈ ദൗത്യങ്ങളുടെ പിന്നിലെ ശാസ്ത്രസത്യങ്ങള്‍ അറിയാത്ത വാഗ്‌വിലാസം. സാധാരണ ജനങ്ങള്‍ക്ക് മനസിലാകുംവിധം ശാസ്ത്രവിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ചാനലുകാര്‍ക്ക് ഒരു റിഫ്രഷര്‍ കോഴ്സ് വേണ്ടേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.