
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ മാനേജ്മെന്റിനെ വിമര്‍ശിച്ച് മുന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിന് പകരം അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഓപ്പണറായുള്ള ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്നതോടെയാണ് ഉത്തപ്പ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്രയും മോശം പരിഗണന നല്‍കാന്‍ സഞ്ജു എന്ത് തെറ്റാണ് ചെയ്തെന്നും വ്യക്തമായൊരു കാരണമില്ലാതെ ടീം മാനേജ്മെന്റ് എന്തിനാണ് വിജയകരമായ ഓപ്പണിങ് സഖ്യത്തെ മാറ്റിയതെന്നും റോബിന്‍ ഉത്തപ്പ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ചോദിച്ചു.
ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നതിന് മുമ്പെ ഗില്‍ ടി20 ടീമില്‍ ഉണ്ടായിരുന്നുവെന്നാണ് സൂര്യകുമാര്‍ പറഞ്ഞത്. എന്നാല്‍ സഞ്ജുവിന് അവസരം ലഭിച്ചപ്പോള്‍ മൂന്ന് സെഞ്ചുറികള്‍ നേടി. ടി20 ക്രിക്കറ്റില്‍ യുവതാരങ്ങളില്‍ ആദ്യമായി സെഞ്ചുറി നേടിയത് അവനായിരുന്നു. അതിനു ശേഷമാണ് അഭിഷേകിനും പിന്നാലെ തിലകിനും അവസരം ലഭിച്ചത്- ഉത്തപ്പ പറഞ്ഞു.
‘നിങ്ങള്‍ക്ക് മുന്നില്‍ കഴിവ് തെളിയിക്കപ്പെട്ട ഒരു ഓപ്പണര്‍ ഉണ്ട്. ഈ ഘട്ടത്തില്‍ അഭിഷേക് ശര്‍മ്മയേക്കാള്‍ തൊട്ടുതാഴെയാണ് അദ്ദേഹം ശരാശരിയില്‍ നില്‍ക്കുന്നത്. എന്നിട്ട് അദ്ദേഹത്തെ മിഡില്‍ ഓര്‍ഡറിലേക്ക് മാറ്റാനും പിന്നീട് പതിയെ പുറത്താക്കാനും തീരുമാനിച്ചു. അദ്ദേഹം എന്താണ് തെറ്റ് ചെയ്തത്? ആ അവസരം അദ്ദേഹത്തിന് ലഭിക്കാന്‍ അദ്ദേഹം അര്‍ഹനാണ്’- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന് ടീം മതിയായ പരിഗണനയും അവസരവും നല്‍കുന്നുണ്ടെന്ന് നേരത്തെ സൂര്യകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ നാല് റണ്‍സ് മാത്രമെടുത്ത ഗില്‍ കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. ഓപ്പണറായി തിരിച്ചെത്തിയതിനുശേഷം 14 മത്സരങ്ങളില്‍ നിന്ന് 263 റണ്‍സ് മാത്രമാണ് നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.