
കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അ ടിയന്തര വൈദ്യ സഹായം നൽകുന്ന റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസറുടെ ദൃശ്യമാണിത്. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ സംഭവിച്ച യാത്രക്കാരന് സമയോചിതമായി മെഡിക്കൽ ഓഫീസർ ചികിത്സ നൽകുകയായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ എന്താണ് ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്നും എങ്ങനെയാണ് ഇത് സംഭവിക്കുക എന്നുമുള്ള ചോദ്യങ്ങളാണ് എല്ലാവരിലും ഉയരുന്നത്.
എന്താണ് ടിഎംജെ ഡിസ്‌ലൊക്കേഷൻ
ടിഎംജെ (temporomandibular joint) തലയോട്ടിയെയും താടിയെല്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സന്ധിയാണ്. ഈ സന്ധിയിൽ കീഴ്താടിയെല്ല് കൃത്യമായ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് വായ തുറക്കാനും അടയ്ക്കാനും കഴിയുന്നത്. എന്നാൽ ഈ ജോയിന്റിലെ ശരിയായ സ്ഥലത്ത് നിന്നും താടിയെല്ല് തെന്നിമാറുമ്പോഴാണ് ഡിസ്‌ലൊക്കേഷൻ സംഭവിക്കുന്നത്. ഇതോടെ വായ അടയ്ക്കാൻ കഴിയാതെ ആകും. വലിയ വേദനയും അനുഭവപ്പെടും. ഈ സമയത്ത് എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്.
മുഖത്തിന് ഏൽക്കുന്ന ആഘാതമാണ് ഡിസ്‌ലൊക്കേഷൻ സംഭവിക്കാനുള്ള ഒരു പ്രധാന കാരണം. അടിയേൽക്കുന്നത്, വീഴ്ച, വാഹനാപകടം തുടങ്ങിയ പല കാരണങ്ങൾക്കൊണ്ട് ഡിസ്‌ലൊക്കേഷൻ സംഭവിക്കാം. വായ അമിതമായി തുറക്കുന്നതാണ് മറ്റൊരു കാരണം. പാലക്കാട്ടെ യാത്രക്കാരന് ഇതാണ് സംഭവിച്ചത്. കോട്ടുവായ ഇടുമ്പോഴോ ചിരിക്കുമ്പോഴോ ഛർദിക്കുമ്പോഴോ വായ അമിതമായി തുറന്നാൽ ചിലപ്പോൾ ഡിസ്‌ലൊക്കേഷൻ സംഭവിച്ചേക്കാം.
സന്ധികളിൽ ഉണ്ടാകേണ്ട കണക്ടീവ് ടിഷ്യൂസ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുന്നതാണ് അടുത്ത കാരണം. എഹ്ലേഴ്‌സ്-ഡാൻലോസ് സിൻഡ്രോം കണക്ടീവ് ടിഷ്യൂസിനെ ബാധിക്കുന്നതുകൊണ്ട് ആ കണ്ടീഷനിൽ ഉള്ളവരിൽ ടിഎംജെ ഡിസ്‌ലൊക്കേഷൻ സംഭവിക്കാറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.