
ഷാജി എന്‍ കരുണ്‍ എണ്ണം കൊണ്ട് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളുടെ ഇടവേളകള്‍ ഉണ്ടായി. ഈ ഇടവേളകള്‍, ക്രാഫ്റ്റ്സ്മാന്‍ എന്ന രീതിയില്‍ ഷാജി എന്‍ കരുണ്‍ സൃഷ്ടിച്ച ചിത്രങ്ങളെ മനോഹരമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. 1988 ല്‍ പുറത്തിറങ്ങിയ പിറവിക്കും 2018 പുറത്തിറങ്ങിയ അവസാന ചിത്രം ഓളിനും ഇടയില്‍ 30 വര്‍ഷങ്ങള്‍. ഇതിനിടയില്‍ പുറത്തിറങ്ങിയത് അഞ്ച് സിനിമകള്‍ മാത്രം. സ്വം, വാനപ്രസ്ഥം, നിഷദ്, കുട്ടി സ്രാങ്ക്, സ്വപാനം എന്നിവ. മിക്കതും ബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും വെള്ളിത്തിരയില്‍ അതിശക്തമായി ആവിഷ്കരിച്ചവ. മകനെ കാണാതായ അച്ഛന്റെ വേദനയാണ് ആദ്യചിത്രമായ പിറവിയുടെ കാതല്‍. രഘുവിനെ കാണാതായ അച്ഛന്‍ രാഘവ ചാക്യാരുടെ കാത്തരിപ്പും അന്വേഷണവുമാണ് പിറവി പറയുന്നത്. അച്ഛന്‍ — മകന്‍ എന്നതിനപ്പുറം അമ്മ — മകള്‍, സഹോദരി — സഹോദരന്‍ ഇങ്ങനെ കെട്ടിപണഞ്ഞുകിടക്കുന്ന ബന്ധങ്ങളുടെ ആഴവും പരപ്പും പിറവി ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ടാമത്തെ സിനിമയായ സ്വമ്മിലാവട്ടെ, മകന്‍ കൊല്ലപ്പെട്ട ശേഷം ഒരു സാധാരണ കുടുംബം അനുഭവിക്കുന്ന പ്രതിസന്ധികളിലൂടെയാണ് ഷാജി കാഴ്ചക്കാരനെ സഞ്ചരിപ്പിക്കുന്നത്. ക്ഷണിക്കാത്ത അതിഥിയായെത്തിയ മരണം ഒരു കൊച്ചുകുടുംബത്തിലെ ബന്ധങ്ങളെ എങ്ങനെ ശിഥിലമാക്കുന്നുവെന്ന് സ്വം വരച്ചുകാട്ടുന്നുണ്ട്.
മലയാളത്തിന്റെ താരമായ മോഹന്‍ലാല്‍ നിര്‍മ്മാണ പങ്കാളികൂടിയായ ചിത്രമായിരുന്നു ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം. വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടന്‍ എന്ന കഥകളിനടന്റെ വ്യക്തി — കലാജീവിതമാണ് വരച്ചിട്ടത്. സ്വന്തം മകനെ അച്ഛായെന്ന് വിളിക്കാന്‍ അര്‍ഹതയില്ലാത്ത കുഞ്ഞുകുട്ടന്, തനിക്ക് സുഭദ്രയിലുണ്ടായ മകനില്‍ നിന്നും അച്ഛായെന്ന വിളി കേള്‍ക്കാനുള്ള അര്‍ഹതയും നഷ്ടപ്പെടുകയാണ്. ഒരിക്കലും ചേര്‍ക്കാനാവാത്ത ഭാര്യാഭര്‍തൃബന്ധമാണ് കുഞ്ഞുകുട്ടനും ഭാര്യയും തമ്മിലുണ്ടായിരുന്നത്. ഇതിനിടയില്‍ കുഞ്ഞുകുട്ടന്‍ വേദിയിലവതരിപ്പിച്ച അര്‍ജ്ജുനനെ മോഹിച്ച സുഭദ്രയുമായുള്ള ബന്ധവും കുഞ്ഞുകൂട്ടന്റെ കണ്ണീരിലാണവസാനിച്ചത്. രേവമ്മ (പത്മപ്രിയ), പെമ്മേന (കമിലാനി മുഖര്‍ജി), കാളി (മീനാകുമാരി) എന്നീ മൂന്നു സ്ത്രീകളുമായി ബന്ധിച്ച് കിടക്കുന്ന കുട്ടിസ്രാങ്കിന്റെ ജീവിതകഥയാണ് മമ്മൂട്ടി നായകനായ കുട്ടിസ്രാങ്കില്‍ ഷാജി പറഞ്ഞത്. ചവിട്ടുനാടകകലാകാരന്‍ കൂടിയായ കുട്ടിസ്രാങ്കിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് നടത്തുന്ന അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. മൂന്നുസ്ത്രീകളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന കുട്ടിസ്രാങ്കിന്റെ ജീവിതകഥയ്ക്ക യാതൊരു സാമ്പത്തിക മൂല്യവുമില്ലെങ്കിലും ഷാജി എന്‍ കരുണ്‍ എന്ന ക്രാഫ്റ്റ്സ് മാനെ വിശ്വസിച്ച് ആ ചിത്രത്തിന് പണം മുടക്കിയത് റിലയന്‍സെന്ന ബിസിനസ് ഗ്രൂപ്പാണ്. തുടര്‍ന്നെത്തിയ സ്വപാനം എന്ന ചിത്രം ചെണ്ടകലാകാരനായ ഉണ്ണിയുടെയും നര്‍ത്തകിയായ നളിനിയുടെയും പ്രണയബന്ധത്തിന്റെ തീവ്രതയിലൂടെയാണ് സഞ്ചരിച്ചത്. കല്യാണിയെന്ന ഭാര്യയിലൂടെ ഭാര്യാഭര്‍തൃബന്ധത്തിന്റെ മറ്റൊരു കെട്ടുകൂടി ഉണ്ണിയിലേക്കെത്തുന്നു. പ്രണയിനിക്കും ഭാര്യയ്ക്കുമായി പങ്ക് വച്ചുകൊടുക്കേണ്ടുന്ന ഉണ്ണിയുടെ ജീവിതത്തിലൂടെ സ്വപാനത്തില്‍ ഷാജി സഞ്ചരിക്കുന്നത്. ജയറാമാണ് സ്വപാനത്തിലെ നായകന്‍. പുതിയ തലമുറയിലെ ഷെയിന്‍ നിഗമിനെ മുഖ്യവേഷക്കാരനാക്കി അവസാനമായി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രം മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഫാന്റസി ലോകത്തിലൂടെയാണ് പോകുന്നത്. കായലില്‍ കൊലചെയ്ത് താഴ്ത്തിയ പെണ്‍കുട്ടി (എസ്തര്‍) ഒരു ജലകന്യകയായി പുനര്‍ജനിക്കുന്നതും അവള്‍ക്ക് കായലിലെ വള്ളക്കാരനും കലാകാരനും കൂടിയായ വാസുവിനോട് തോന്നുന്ന അനുരാഗവുമാണ് ഓളിന്റെ പ്രമേയം.
ജി അരവിന്ദന്‍, കെ ജി സുബ്രഹ്മണ്യന്‍, എകെജി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവരെ കുറിച്ചുള്ള ഡോക്യുമെന്ററികളും ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, കൂടെവിടെ, മഞ്ഞ്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, പഞ്ചവടിപ്പാലം, ചിദംബരം, മീനമാസത്തിലെ സൂര്യന്‍, നഖക്ഷതങ്ങള്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പഞ്ചാഗ്നി, ഒരിടത്ത്, സര്‍ഗം ഇങ്ങനെ എഴുപതുകളുടെ പകുതി മുതല്‍ തൊണ്ണൂറിന്റെ തുടക്കം വരെ മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ കണ്ടത് ഷാജി എന്‍ കരുണിന്റെ ക്യാമറാമാജിക്കിലൂടെയാണ്. ഒരു കലാകാരന്‍ എന്നതിനപ്പുറം ഷാജി എന്‍ കരുണ്‍ അടയാളപ്പെടുന്നത് മലയാള സിനിമാ വ്യവസായത്തെ കേരളത്തില്‍ പിടിച്ചുനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങളിലൂടെയാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയുടെയും ചലച്ചിത്ര അക്കാദമിയുടെയും കെഎസ്എഫ്ഡിസിയുടെയും ഇതുവരെയുള്ള എല്ലാ വിജയങ്ങളിലും ഷാജി എന്‍ കരുണ്‍ എന്ന ശരീരം കൊണ്ട് ചെറുതായ മനുഷ്യന്റെ സ്വപ്നങ്ങളും താല്പര്യങ്ങളുമുണ്ടായിരുന്നു. അത് തന്നെയാണ് മലയാള സിനിമയ്ക്കായി ഷാജി എന്‍ കരുണ്‍ ബാക്കിവയ്കക്കുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.