തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ 15 ദിവസത്തിനുള്ളില്‍ വാട്സ് ആപ്പ് നമ്പർ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ്. ഈ നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഓരോ സീറ്റിലും ഫയൽ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങളും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോർഡുകളും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയ്ക്കും.
അഴിമതിക്കാർക്കെതിരായ നടപടികളുടെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭയിൽ എന്‍ജിനീയറിങ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇന്നലെ സസ്പെൻഡ് ചെയ്തത്. കെട്ടിടത്തിന്റെ ഒക്യുപ്പെൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടിൽച്ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തദ്ദേശ അദാലത്തിൽ ഇവരുടെ പ്രശ്നത്തിന് നിയമാനുസൃതം തീർപ്പുണ്ടാക്കുകയും നമ്പർ ലഭിക്കുകയും ചെയ്തിരുന്നു. ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വച്ചുതാമസിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടികയും തയ്യാറാക്കും. ഇവരെ തദ്ദേശ വകുപ്പ് വിജിലൻസ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളിൽ പൊലീസ് വിജിലൻസിന്റെ അന്വേഷണവും ഉറപ്പാക്കും. ഇതിനകം തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.