13 December 2025, Saturday

ആശുപത്രികള്‍ ആഗോള ഭീമന്മാർ കയ്യടക്കുമ്പോള്‍

എം ജയചന്ദ്രന്‍
August 7, 2025 4:15 am

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ലോകത്തെ വമ്പൻ ബ്രാൻഡുകളുമായി കൈ കോർക്കുന്നതാണ്, ആരോഗ്യമേഖലയുടെ അണിയറയിലെ പുതിയ കാഴ്ചകൾ. അരങ്ങിലേക്ക് ചെന്നാൽ കൂറ്റൻ ആശുപത്രി സമുച്ചയങ്ങളായി ഇവയാകെ വ്യത്യസ്തമായ രൂപഭാവങ്ങൾ കൈവരിക്കുന്നതും കാണാനാകും. ശക്തമായ ആരോഗ്യ സംരക്ഷണ — അടിസ്ഥാനസൗകര്യങ്ങൾക്കും, ഉയർന്ന നിലവാരമുള്ള പൊതുജനാരോഗ്യ സേവനങ്ങൾക്കും വിഖ്യാതമാണ് കേരളം. ഇന്ത്യയുടെ കുതിച്ചുയരുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രധാന വിപണിയായി, ആഗോള സ്വകാര്യ ഇക്വിറ്റി ഭീമന്മാരുടെ മുഖ്യ ഇൻവെസ്റ്റ്മെന്റ് ഹബ്ബ് ആയി, സംസ്ഥാനം മറ്റൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. 

സർക്കാർ ഉടമസ്ഥതയിലുള്ള പൊതുജനാരോഗ്യ സംവിധാനം ജനാധിപത്യപരമായ കാര്യക്ഷമതയോടെ നിലനിൽക്കുമ്പോൾത്തന്നെ, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളെ വർധിത താല്പര്യത്തോടെ ചേർത്തുനിർത്തുകയും ചെയ്യുന്നവരാണ് കേരള ജനത. ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പ് ഇൻ‌കോർപറേറ്റഡ്, കെ‌കെ‌ആർ ആന്റ് കമ്പനി (രണ്ടും യുഎസ്) തുടങ്ങിയ ലോകപ്രശസ്തമായ അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ ചില സ്വകാര്യ ആശുപത്രി ശൃംഖലകള്‍ ഏറ്റെടുത്തുകഴിഞ്ഞു. സമാനമായ നീക്കങ്ങൾ മറ്റ് മാനേജ്മെന്റുകളുമായി വേറെ വമ്പൻമാരും നടത്തിക്കൊണ്ടിരിക്കുന്നു. വർധിച്ചുവരുന്ന ചികിത്സാവശ്യങ്ങൾ, മെഡിക്കൽ ടൂറിസം കൈവരിക്കുന്ന പ്രാധാന്യം, ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണ പ്ലാറ്റ്‌ഫോമുകളുടെ പുത്തൻ സാധ്യതകൾ എന്നിവയൊക്കെയാണ് ഈ മേഖലയെ ആകർഷണീയവും കൂടുതൽ മികവുറ്റതുമാക്കുന്നത്. അതുകൊണ്ടാണിപ്പോൾ ഇവയെ ഹെൽത്ത് കെയർ ഇൻഡസ്ട്രി എന്നുതന്നെ വിളിക്കുന്നത്.

ലോകത്തിലെ ഏറ്റവും മുന്തിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് യുഎസിലെ ബ്ലാക്ക്‌സ്റ്റോൺ കമ്പനി. കെയർ എന്ന ബ്രാൻഡിൽ ഹോസ്പിറ്റലുകൾ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന്റെ (ക്യുസിഐഎൽ) ഭൂരിപക്ഷ ഓഹരികൾ 2023ൽ ഏറ്റെടുത്തുകൊണ്ടാണ്, ബ്ലാക്ക്‌സ്റ്റോൺ ഇന്ത്യയിലെത്തിയത്. കേരളത്തിലെ ഒരു പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെൽത്തിന്റെ ഭൂരിപക്ഷ ഓഹരികളും തുടര്‍ന്ന് സ്വന്തമാക്കി. ഈ മൾട്ടിലെയർ ഇടപാടിൽ ബ്ലാക്ക്‌സ്റ്റോണും അതിന്റെ പങ്കാളിയായ ടിപിജിയും (ടെക്സാസ് പസഫിക്ക് ഗ്രൂപ്പ്, എവർകെയർ ഹെൽത്ത് ഫണ്ട് വഴി) കിംസ് ഹെൽത്തിന്റെ ഏകദേശം 80% ഷെയര്‍ സ്വന്തമാക്കി, ഇന്ത്യൻ പിഇ സ്ഥാപനമായ ട്രൂ നോർത്ത് അതിന്റെ പക്കലുണ്ടായിരുന്ന 61% കിംസ് ഓഹരികളും ബ്ലാക്ക്സ്റ്റോണിന് വിറ്റതോടെയാണ് 80% എന്ന വലിയ പങ്കാളിത്തം യുഎസ് ഭീമന് കൈവന്നത്. ഈ ഇടപാടിൽ കിംസ് ഹെൽത്തിന് 3,300 കോടി രൂപയും, കെയർ ഹോസ്പിറ്റലിന് 6,600 കോടി രൂപയും. ലഭിച്ചു.
ഡോ. എം ഐ സഹദുള്ള സ്ഥാപിച്ച കിംസ് ഹെൽത്തിന് കേരളത്തിൽ 1,400 കിടക്കകളുള്ള നാല് ആശുപത്രികളുണ്ട്. കാർഡിയോളജി, ഓങ്കോളജി, ന്യൂറോ സയൻസസ് തുടങ്ങിയ മേഖലകളിലെ നൂതന ചികിത്സകളിൽ ഉൾപ്പെടെ കിംസ് പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഡോ. സഹദുള്ള 20% ഓഹരി നിലനിർത്തി, ചെയർമാനും മാനേജിങ് ഡയറക്ടറുമായി ശൃംഖലയെ നയിക്കുന്നു. കെയർ ഹോസ്പിറ്റൽസും കിംസ് ഹെൽത്തും ഉൾപ്പെടുന്ന സംയുക്ത പ്ലാറ്റ്‌ഫോം ഇപ്പോൾ 11 നഗരങ്ങളിലായി 4,000ത്തിലധികം കിടക്കകളുള്ള 23 ഇടങ്ങളിൽ പ്രവർത്തിക്കുന്നു.
മറ്റൊരു ആഗോള പിഇ ഹെവിവെയ്റ്റായ കെകെആർ ആന്റ് കമ്പനി, കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ (ബിഎംഎച്ച്) 70% ഓഹരികൾ 2,000 കോടി രൂപയ്ക്ക് ഏറ്റെടുത്തത് 2024 ജൂലൈയിലാണ്. ആശുപത്രി ശൃംഖലയുടെ മൂല്യം ഏകദേശം 2,500 കോടി. 1987ൽ ഡോ. കെ ജി അലക്സാണ്ടർ സ്ഥാപിച്ച ബിഎംഎച്ച്, കേരളത്തിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയാണ്. കോഴിക്കോട്ടും കണ്ണൂരിലും 1,000 കിടക്കകളുണ്ട്. കാർഡിയോളജി, ഓങ്കോളജി, ന്യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഓർത്തോപീഡിക്സ് എന്നിവയുൾപ്പെടെ 40 മെഡിക്കൽ, സർജിക്കൽ വകുപ്പുകളിൽ സമഗ്രസേവനം നൽകുന്നു ഈ ആശുപത്രി.

ഒരു പാൻ ഇന്ത്യ ആശുപത്രി പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള വിശാലമായ തന്ത്രമാണ്  കെകെആറിനുള്ളത്. ആ വളർച്ചയ്ക്ക് മൂലക്കല്ലാണ് ബിഎംഎച്ച്. ഇന്ത്യയിലുടനീളം കൂടുതൽ രോഗികളിലേക്ക് എത്തിച്ചേരുന്നതിനായി ബിഎംഎച്ചിന്റെ സാന്നിധ്യം വികസിപ്പിക്കാനും മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും പിഇ സ്ഥാപനം ലക്ഷ്യമിടുന്നു.  മെഡിക്കൽ/സർജിക്കൽ ഉപകരണ നിർമ്മാതാക്കളായ ഹെൽത്തിയം ഏറ്റെടുത്തതിനും, കാൻസർ ചികിത്സയിൽ കേന്ദ്രീകരിക്കുന്ന ആശുപത്രി ശൃംഖലയായ ഹെൽത്ത്കെയർ ഗ്ലോബൽ എന്റർപ്രൈസസിൽ (എച്ച്സിജി) ഭൂരിപക്ഷ ഓഹരികൾ നേടിയതിനും ശേഷം, 2024ൽ കെകെആറിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആരോഗ്യ സംരക്ഷണ നിക്ഷേപമാണ് ബേബി മെമ്മോറിയലിൽ കണ്ടത്. കെയർ ഹോസ്പിറ്റൽസും കിംസ് ഹെൽത്തും ഏറ്റെടുത്തതിലൂടെ, ഇന്ത്യയിലെ മികച്ച മൂന്ന് ആശുപത്രി ഓപ്പറേറ്റർമാരിൽ ഒരാളായി ബ്ലാക്ക്‌സ്റ്റോൺ അടയാളപ്പെട്ടു. മഹാരാഷ്ട്രയിലെ സഹ്യാദ്രി ഹോസ്പിറ്റൽസിനായുള്ള ബിഡിങ്ങിലും ബ്ലാക്ക്‌സ്റ്റോൺ ഒരു മത്സരാർത്ഥിയാണ്. ന്യൂയോർക്കിലെ ആഗോള നിക്ഷേപക ഭീമനായ കെകെആറിന് മാക്സ് ഹെൽത്ത്കെയർ, ഗ്ലാൻഡ് ഫാർമ, ജെ ബി ഫാർമ എന്നിവയിൽ മുൻകാല നിക്ഷേപങ്ങളോടെ ഇന്ത്യയിൽ ശക്തമായ ട്രാക്ക് റെക്കോഡുമുണ്ട്. ബിഎംഎച്ച് ഏറ്റെടുക്കൽ ഇന്ത്യയിൽ അവരുടെ ആരോഗ്യ സംരക്ഷണ താല്പര്യങ്ങളെ ശക്തിപ്പെടുത്തുന്നു. സഹ്യാദ്രി പോലുള്ള മറ്റ് ഇന്ത്യൻ ആശുപത്രി ശൃംഖലകളിൽ താല്പര്യം പ്രകടിപ്പിക്കുകയും, മണിപ്പാൽ ഗ്രൂപ്പിന് 600 ദശലക്ഷം ഡോളർ ക്രെഡിറ്റ് സൗകര്യം നൽകുകയും ചെയ്തു. 

കിംസ് ഹെൽത്തിലെ 61% ഓഹരികൾ ടിപിജിക്കും ബ്ലാക്ക്‌സ്റ്റോണിനുമായി  കൈമാറിയ ഇന്ത്യൻ പിഇ സ്ഥാപനമാണ് ട്രൂ നോർത്ത്. ആശുപത്രികളിലും സിംഗിൾ‑സ്പെഷ്യാലിറ്റി ശൃംഖലകളിലും നിക്ഷേപം നടത്തുന്ന ട്രൂ നോർത്ത്, ഇന്ത്യയുടെ ആരോഗ്യ സംരക്ഷണമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. കെയർ ഹോസ്പിറ്റൽസ് ആന്റ് കിംസ് ഹെൽത്ത് പ്ലാറ്റ്‌ഫോമിൽ ഗണ്യമായ ഓഹരി നിലനിർത്തുന്ന യുഎസ് ആസ്ഥാനമായുള്ള പിഇ സ്ഥാപനമാണ് ടിപിജി. ബ്ലാക്ക്‌സ്റ്റോൺ കരാറിന് മുമ്പ് കെയർ ആശുപത്രികളെ സ്കെയിൽ ചെയ്യുന്നതിൽ ടിപിജിയുടെ എവർകെയർ ഹെൽത്ത് ഫണ്ട് നിർണായക പങ്കുവഹിച്ചു. കേരളത്തിലെ മറ്റൊരു പ്രധാന ആരോഗ്യ സംരക്ഷണ ദാതാവായ ആസ്റ്റർ ഡിഎം, 2024 ഡിസംബറിൽ ബ്ലാക്ക്സ്റ്റോണും ടിപിജിയും പിന്തുണയ്ക്കുന്ന ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായി ലയിച്ച് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനമായി. 38 ആശുപത്രികളും 10,150ലേറെ കിടക്കകളുമുള്ള ഈ സംവിധാനത്തിലെ ഒരു സുപ്രധാന കണ്ണിയാണ് കിംസ് ഹെൽത്ത്. ഇന്ത്യയിലെ മികച്ച മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നാണിതിപ്പോൾ.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സ്വീഡൻ കമ്പനി ഇക്യുടി, സിംഗപ്പൂർ ഭീമനായ ആയ ടെമാസെക്, യുഎസിലെ മറ്റാെരു പിഇ കമ്പനിയായ ജനറൽ അറ്റ്ലാന്റിക് തുടങ്ങിയ സ്ഥാപനങ്ങളും ഇന്ത്യയിലെയും കേരളത്തിലെയും സ്വകാര്യ ആശുപത്രികൾ സ്വന്തമാക്കുന്നതിനുള്ള നടപടികളിൽ വളരെ സജീവമാണ്. ടെമാസെക്, മണിപ്പാൽ ആശുപത്രിയുടെ വലിയൊരു ഓഹരി സ്വന്തമാക്കുകയും ഇക്യുടി കമ്പനി, ഇന്ദിര ഐവിഎഫ് ശൃംഖലകൾ വാങ്ങുകയും ചെയ്തു. കേരളത്തിൽ ഭാവി ഏറ്റെടുക്കലുകൾക്ക് വലിയ സാധ്യതയും ശേഷിയുമുള്ള മത്സരാർത്ഥികളാണ് ഇവർ. കേരളത്തിന്റെ ആരോഗ്യ സംരക്ഷണമേഖല ആഗോള പിഇ സ്ഥാപനങ്ങളെ പ്രത്യേകമായി ആകർഷിക്കുന്നതിന് പല ഘടകങ്ങളുണ്ട്. ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും പരിചരണത്തിനും പേരുകേട്ട ഒരു വികസിത ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയാണ് സംസ്ഥാനത്തിനുള്ളത്. ഇത് മെഡിക്കൽ ടൂറിസത്തിന് വളരെ അനുയോജ്യമായ ഒരു കേന്ദ്രമാക്കി മാറ്റുന്നു. 

കിംസ് ഹെൽത്ത്, ബിഎംഎച്ച് തുടങ്ങിയ ആശുപത്രികൾ അവരുടെ പ്രവർത്തന മികവു കളിലൂടെ വലിയ വിജയവും വളർച്ചയുമാണ് കൈവരിച്ചത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങൾ ഈ വിജയമാതൃകകൾക്ക് ഓർഗാനിക് ഗ്രോത്തിനുള്ള പുത്തൻ പാതകൾ ഒരുക്കിക്കൊടുക്കുന്നു  എന്നതാണ് മുഖ്യ സവിശേഷത. ഇന്ത്യയിലെ കുറഞ്ഞ കിടക്ക — ജനസംഖ്യാ അനുപാതം 0.5 (1,000 പേർക്ക് 0.5 കിടക്കകൾ) മാത്രമാണ്. പക്ഷേ കേരളത്തിലിത് 1.5 എന്ന നല്ല നിലയിലാണ്. ജപ്പാനിൽ 12.5, ചൈനയിൽ 4.3, യുഎസിൽ 2.5 ആണ് നിരക്ക്. 2023ൽ ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ നിക്ഷേപങ്ങൾ റെക്കോഡ് 550 കോടി ഡോളറിലെത്തി, (41,250 കോടി രൂപ). ഇതിന്റെ 20% സിംഗിൾ — സ്പെഷ്യാലിറ്റി ആശുപത്രികൾക്കായി നീക്കിവച്ചിട്ടുണ്ട്. ഈ കുതിച്ചുചാട്ടം ഇൻവെസ്റ്റർമാരുടെ സുപരീക്ഷിതമായ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ സുരക്ഷാ വ്യവസായത്തിലേക്ക് ബ്ലാക്ക്‌സ്റ്റോണിന്റെയും കെകെആറിന്റെയും പ്രവേശനം ഈ മേഖലയുടെ നിർണായകമായ ഒരു പരിവർത്തന ഘട്ടമാണ്. രോഗികളുടെ ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നൂതന മെഡിക്കൽ സാങ്കേതികവിദ്യ, ഡിജിറ്റൽ കഴിവുകൾ, ക്വാട്ടേണറി കെയർ സ്പെഷ്യാലിറ്റികൾ (പ്രൈമറി, സെക്കൻഡറി, ടെറിഷ്യറി കെയറുകൾക്ക് ശേഷമുള്ള അത്യാധുനികവും അദ്വിതീയവുമായ ഘട്ടം) എന്നിവയിൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾ മുഖേന വൻ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
കെയർ — കിംസ് ഹെൽത്ത് നെറ്റ്‌വർക്ക്, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ തുടങ്ങിയ വലിയ ആശുപത്രി പ്ലാറ്റ്‌ഫോമുകളുടെ രൂപീകരണം, കൂടുതൽ വിപണി കേന്ദ്രീകരണത്തിലേക്ക് നയിച്ചേക്കാമെന്ന് കരുതുന്നവരുമുണ്ട്. പക്ഷേ, സഹ്യാദ്രി ആശുപത്രികൾ പോലുള്ള ആസ്തികൾക്കായി ഒന്നിലധികം ആഗോള പ്രമുഖർ മത്സരിക്കുന്നതിനാൽ, ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണ ആസ്തികൾക്ക് വേണ്ടിയുള്ള മത്സരമാണ് ശക്തമാവുക. ഇത് ഹെൽത്ത് കെയർ ഇൻഡസ്ട്രിയുടെ ഉള്ളടക്കവും മൂല്യവും വർധിപ്പിക്കുമെന്ന് കരുതാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.