24 March 2025, Monday
KSFE Galaxy Chits Banner 2

ലൗ ജിഹാദ് വീണ്ടുമെത്തുമ്പോൾ

ടി കെ മുസ്തഫ
March 23, 2025 4:48 am

ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് പര്യാപ്തമായവിധം ജനങ്ങളുടെ ഐക്യം തകർത്ത് നാടിനെ ആന്തരികമായി ദുർബലപ്പെടുത്തുകയും ന്യൂനപക്ഷ വിരുദ്ധതയിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രം രൂപീകരിച്ചെടുക്കുകയും ചെയ്യുക എന്നുള്ളതാണ് ആർഎസ്എസ് അജണ്ട. മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയുമെന്നപോലെ ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തരശത്രുക്കളായിത്തന്നെയാണ് അവർ വിലയിരുത്തുന്നത്.
ക്രൈസ്തവർക്കെതിരായ ഗോൾവാൾക്കറുടെ ഒരു വിമർശനം ഇപ്രകാരമാണ്. “നമ്മുടെ ജീവിതത്തിന്റെ സാമൂഹ്യവും മതപരവുമായ ഘടന തകർക്കുവാൻ മാത്രമല്ല വിവിധ കേന്ദ്രങ്ങളിലും കഴിയുമെങ്കിൽ നാട്ടിലാകമാനവും രാഷ്ട്രീയാധിപത്യം സ്ഥാപിക്കുന്നതിനുംകൂടി ശ്രമിക്കുകയാണ് നമ്മുടെ നാട്ടില്‍ ഇന്നു താമസിക്കുന്ന ക്രൈസ്തവ മാന്യന്മാർ ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ ദിവ്യപക്ഷങ്ങൾക്കുകീഴിൽ മനുഷ്യവർഗത്തിന് ശാന്തിയും സാഹോദര്യവും കൈവരുത്തുകയെന്ന ആകർഷകമായ മുഖംമൂടിയോടുകൂടി കാലുകുത്തിയേടത്തെല്ലാം അവർ വഹിച്ചിട്ടുള്ള പങ്ക് ഇതുതന്നെയാണ്.” എന്നാൽ തങ്ങളുടെ രാഷ്ട്രീയ അധീശത്വത്തിന് വേണ്ടി ആഭ്യന്തര ശത്രുക്കൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും പ്രാഥമികമായി ഒരു ശത്രുവിനെ നിർമ്മിക്കുകയും ആ ശത്രുവിനെ പരമാവധി ക്രൂരമായി അവതരിപ്പിക്കുകയും അവരോട് പൊരുതാൻ രണ്ടാം ശത്രുവിന് പ്രചോദനം നൽകുകയും ചെയ്യുക എന്നുള്ളതാണ് നിലവിൽ ഫാസിസ്റ്റ് ശക്തികൾ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്.
യഹൂദർ ഭക്ഷണത്തിൽ വിഷം കലർത്തി മറ്റുള്ളവരെ കൊല്ലുന്നുവെന്ന വ്യാജാരോപണം വ്യാപകമായി പടച്ചുവിട്ട് ജനങ്ങളിൽ നിരന്തര ഭീതി വളർത്തിയ നാസികളുടേതിന് സമാനമായ രീതിയിലാണ് ഇസ്ലാം സൗഹൃദങ്ങളും പ്രണയങ്ങളുമെല്ലാം അത്യന്തം അപകടകരമാണെന്ന വിഷലിപ്ത പ്രചരണം കേരളത്തിന്റെ മത സാംസ്കാരിക പാരമ്പര്യത്തെ തകർത്തുകൊണ്ട് തല്പരകക്ഷികൾ അഴിച്ചുവിടുന്നത്. ബഹുസ്വര സമൂഹത്തിൽ ചിലരെ ഭീതിയുടെയും സംശയത്തിന്റെയും മറവിൽ നിർത്തി മതസ്പർധ വളർത്തിയെടുക്കുക എന്ന അടിസ്ഥാന ലക്ഷ്യം മുൻനിർത്തി സംഘ്പരിവാർ രൂപപ്പെടുത്തിയെടുത്ത ലൗ ജിഹാദ് ആരോപണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 

കോട്ടയത്തെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായെന്നും ഇവരിൽ 41 പേരെ മാത്രമാണ് തിരികെ ലഭിച്ചതെന്നും ചെറുപ്രായത്തിൽത്തന്നെ പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ ക്രൈസ്തവ മാതാപിതാക്കള്‍ തയ്യാറാകണമെന്നുമുള്ള ബിജെപി നേതാവ് പി സി ജോർജിന്റെ പ്രകോപനപരമായ പ്രസംഗമാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കിയത്. പ്രണയം നടിച്ച് മുസ്ലിം യുവാക്കൾ സംഘടിതമായി ഹൈന്ദവ — ക്രൈസ്തവ യുവതികളെ വിവാഹം ചെയ്യുന്നുവെന്നും അനന്തരം തീവ്രവാദ സ്വഭാവത്തോടെ അരങ്ങേറുന്ന ആസൂത്രിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുവെന്നുമാണ് ആരോപണം. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രണയം ഭരണഘടനാപരമായ അവകാശമാണെന്ന വസ്തുത നിലനിൽക്കെയാണ് അത്തരം പ്രണയത്തിലൂടെ വിവാഹിതരാകുന്നവരിൽ ഒരാൾ മറ്റൊരാളുടെ മതം സ്വീകരിക്കുന്നതിനെ തീവ്രവാദ സ്വഭാവം ആരോപിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ലൗ ജിഹാദ് എന്ന വിദ്വേഷ പ്രചരണത്തിന് തുടക്കം കുറിച്ചത് 1990കളുടെ അന്ത്യത്തിൽ കർണാടകത്തിൽ നിന്നാണെന്ന് കാണാൻ കഴിയും. 2019ൽ ഫസ്റ്റ് പോസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ‘തീരദേശ കർണാടക കാവിവൽക്കരിക്കപ്പെട്ടതെങ്ങനെ?’ എന്ന ഗ്രീഷ്മ കുതറിന്റെ ലേഖനത്തിൽ അസത്യങ്ങളും വിദ്വേഷവെറികളും കുത്തിനിറച്ച ഹിന്ദുത്വ വാദികളുടെ ലൗ ജിഹാദ് പ്രചരണങ്ങളെ സംബന്ധിച്ച് വിവരിക്കുന്നുണ്ട്. കേരളത്തിൽ 2007ൽ ഹിന്ദു ജാഗ്രതാ സമിതിയുടെ വെബ്സൈറ്റിലാണ് ലൗ ജിഹാദ് എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ആദ്യ ലൗ ജിഹാദ് കേസ് ആരോപിക്കപ്പെടുന്നത് 2009ലാണ്. പത്തനംതിട്ടയിലെ രണ്ട് എംബിഎ വിദ്യാർത്ഥിനികളെ രണ്ട് മുസ്ലിം യുവാക്കൾ സ്നേഹം നടിച്ച് മതം മാറാൻ പ്രേരിപ്പിച്ചു എന്നതായിരുന്നു കേസ്. കേസ് പരിഗണിക്കവെ ഇതിന്റെ രാജ്യാന്തര, തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഹൈക്കോടതി കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ ആവശ്യ പ്രകാരം സംസ്ഥാന ഡിജിപിയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളത്തിലോ ഇന്ത്യയിൽ മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് നിലനിൽക്കുന്നില്ലെന്നാണ് വെളിപ്പെടുത്തിയത്. 2006 മുതൽ കേരളത്തിൽ 2,667 യുവതികൾ ഇതര മതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ചതായി മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി നിയമസഭയെ അറിയിച്ചിരുന്നു. ഐഎസ്ഐസിൽ സ്ത്രീകൾ ചേരുന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ലെന്നും ലൗ ജിഹാദിനെക്കുറിച്ചുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നും തന്നെയാണ് ഉമ്മൻ ചാണ്ടി നൽകിയ റിപ്പോർട്ടിലും പറയുന്നത്. 

2010ൽ കർണാടക സർക്കാരും ലൗ ജിഹാദുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കണ്ടെത്തിയിരുന്നു. 2012ൽ കേരള പൊലീസ് ലൗ ജിഹാദ് ആരോപണം വീണ്ടും തള്ളിക്കളഞ്ഞു. 2014ൽ ഉത്തർപ്രദേശ് പൊലീസും സമാനമായ രീതിയിൽ ലൗ ജിഹാദ് ആരോപണം മിഥ്യയാണെന്ന് കണ്ടെത്തി അവഗണിച്ചു. കോട്ടയം ജില്ലയില്‍ ടിവി പുരം പഞ്ചായത്തിലെ അഖിലയുടെ ഇസ്ലാം പ്രവേശവും അനന്തരം ഷെഫിൻ ജഹാനുമായുള്ള വിവാഹവും കേരളീയ സാമൂഹ്യ മണ്ഡലങ്ങളിൽ സൃഷ്ടിച്ച വിവാദങ്ങളെത്തുടർന്ന് ലൗ ജിഹാദ് ആരോപണം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ട 89 കേസുകളാണ് സംസ്ഥാനത്തെ വിവിധ കോടതികളിൽ ആ സമയത്ത് ഉണ്ടായിരുന്നത്. ഇതിൽ 11 കേസുകൾ മാത്രമേ അന്വേഷിക്കാനെങ്കിലും പരിഗണിക്കേണ്ടതുള്ളൂ എന്ന് കണ്ടെത്തിയ എൻഐഎ ബാക്കിയെല്ലാ കേസുകളും തള്ളിക്കളയുകയായിരുന്നു. തുടർന്ന് 11 കേസുകളിൽ വിശദമായ അന്വേഷണം നടത്തിയ എൻഐഎ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. 

2020 ഫെബ്രുവരി നാലിന് പാർലമെന്റിൽ ബെന്നി ബെഹനാന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി ലൗ ജിഹാദ് നിർവചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലന്ന് മറുപടി നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെന്റിൽ ‘ലൗ ജിഹാദി‘നെ തള്ളുകയുണ്ടായി. സുദിപ്തോ സെൻ സംവിധാനം ചെയ്ത ‘കേരള സ്റ്റോറി ‘എന്ന ചിത്രത്തിന്റെ ട്രെയിലറിൽ 32,000 പെൺകുട്ടികളെ കേരളത്തിൽ മതപരിവർത്തനം നടത്തി ഐസിസിൽ ചേർത്ത് സിറിയയിലും യെമനിലും എത്തിച്ചിട്ടുണ്ടെന്ന നട്ടാൽ കുരുക്കാത്ത വ്യാജം പ്രചരിപ്പിച്ചതും തുടർന്ന് തിരുത്തേണ്ടി വന്നതും നമുക്കറിയാം. 2018ൽ ഇദ്ദേഹം തന്നെ ലൗ ജിഹാദ് പ്രമേയമാക്കി നിർമ്മിച്ച ‘ഇൻ ദ നെയിം ഓഫ് ലൗ; മെലങ്കളി ഓഫ് ഗോഡ്സ് ഓൺ കൺട്രി‘എന്ന ഡോക്യുമെന്ററിയും സംഘ്പരിവാർ പ്രൊപ്പഗാണ്ട തന്നെയായിരുന്നു. 

മതപ്രബോധനത്തിനും മതംമാറ്റത്തിനും ഹീന മാർഗങ്ങൾ സ്വീകരിക്കുന്നുവെങ്കിൽ നിയമപരമായി അതിനെ നേരിടുക തന്നെ വേണം. എന്നാൽ രണ്ട് വ്യക്തികൾ പരസ്പരം തന്റെ മതവിശ്വാസത്തെക്കാൾ പ്രധാനമാണ് ഇതരമത വിശ്വാസിയുമായുള്ള പ്രണയമെന്ന് കരുതുന്നതിനെ, രാജ്യത്തിന്റെ പരമാധികാര നീതിപീഠം പോലും പുറന്തള്ളിയ ആരോപണത്തിന്റെ പേരിൽ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിൽ പ്രചരണം നടത്തുന്നതിന്റെ പിന്നിലെ ദുഷ്ടലാക്ക് നാം തിരിച്ചറിയണം. പ്രണയവും വിവാഹവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പ്രസ്തുത സംവിധാനങ്ങളെ നിർവചിക്കുവാനും പ്രയോഗവല്‍ക്കരിക്കാനുമുള്ള സ്വാതന്ത്ര്യവും അതാത് വ്യക്തികളിൽ നിക്ഷിപ്തവുമാണ്. ഹാദിയ — ഷെഫിൻ ജഹാൻ കേസ് പരിഗണിക്കവെ വിവാഹപ്രായമായ വ്യക്തികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹ ബന്ധത്തിലേർപ്പെടാൻ പരിപൂർണ അവകാശമുണ്ടെന്നും അവിടെ മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് പോലും പ്രസക്തിയില്ലെന്നുമുള്ള സുപ്രീം കോടതി നിരീക്ഷണം ഓർക്കണം. ‘വിവാഹം കഴിക്കാൻ മതം മാറ്റുന്നു’, ‘വിവാഹത്തിന് ശേഷം മതം മാറ്റുന്നു’ എന്നെല്ലാം പരിഭവിക്കുമ്പോൾ ജീവിത പങ്കാളിയെ വിലയിരുത്തേണ്ടതിന്റെയും പങ്കാളിയുടെ ഗുണദോഷങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്റെയും ആവശ്യവും അധികാരവും പ്രഥമമായി വിവാഹ ബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് തന്നെയാണെന്നത് വിസ്മരിക്കരുത്. ലൗ ജിഹാദ് ആരോപണം ബാലിശവും അപക്വവുമാണെന്നാണ് വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിന്നനുരോധമായുള്ള സത്യാന്വേഷണ പഠനത്തിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്. കേരളത്തിനെതിരെ വ്യാജകഥകൾ പ്രചരിപ്പിക്കുന്നത്​ പ്രഖ്യാപിത നയമായി സ്വീകരിച്ച സംഘ്പരിവാറിന് ഇവിടെ ലൗ ജിഹാദ് ഉണ്ടെന്ന പ്രചരണം ദേശീയതലത്തിൽ ശക്തിപ്പെടുത്തേണ്ടത് രാഷ്ട്രീയ ബാധ്യതയാണ്. ഹിന്ദുത്വരാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമായി ആർഎസ്എസും സംഘ്പരിവാറും നടത്തുന്ന ഹീന പ്രചരണത്തെ മറ്റു ചിലർ ഏറ്റുപിടിക്കുന്നതാണ് ഖേദകരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.