9 December 2025, Tuesday

സംഘ്പരിവാർ കാപട്യം തിരിച്ചറിയുമ്പോള്‍

ടി കെ മുസ്തഫ
August 11, 2025 4:15 am

ബൈബിളിൽ ‘അപ്പൊസ്തല പ്രവൃത്തികളു‘ടെ പുസ്തകത്തിൽ തന്റെ രണ്ടാമത്തെ മിഷണറി യാത്രയ്ക്കിടെ പൗലോസും ശീലാസും ഫിലിപ്പിയയിൽ എത്തിച്ചേരുകയും അവിടെ വച്ച് സുവിശേഷ പ്രവർത്തനം നിമിത്തമായി അവർ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നതായി വായിക്കാൻ കഴിയുന്നുണ്ട്. എന്നാൽ തടവറയിലും പതറാത്ത പൗലോസും ശീലാസും അവിടെയും പ്രാർത്ഥനയും പ്രബോധനവുമായി കഴിച്ചുകൂട്ടുകയും അവരുടെ വിശ്വാസ തീക്ഷ്ണത നിമിത്തമായി തടവറയുടെ അടിത്തറയിളകി വാതിലുകൾ തുറക്കപ്പെടുകയും എല്ലാവരുടെയും ചങ്ങലകൾ അഴിയുകയും ചെയ്തു. പിറ്റേന്ന് പുലർന്നപ്പോൾ ഇവർ നിസാരരല്ലെന്ന് മനസിലാക്കിയ അധികാരികൾ അവരെ സ്വതന്ത്രരാക്കാൻ തീരുമാനിക്കുകയും കാരാഗൃഹപ്രമാണി വിവരം പൗലോസിനെ അറിയിക്കുകയും ചെയ്യുന്നു.
അപ്പോൾ പൗലോസ് പറയുന്ന വാക്യം ഇപ്രകാരമാണ്: “റോമാപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നെ വന്ന് ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ” (അപ്പൊസ്തല പ്രവൃത്തികൾ 16: 37). ക്രൈസ്തവ വിഭാഗത്തെ അന്യവല്‍ക്കരിക്കാനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമായി മതപരിവർത്തനവും മനുഷ്യക്കടത്തുമടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത് ജയിലിലടച്ചതിന് ശേഷവും കേരളത്തിൽ സംരക്ഷിത വേഷമണിഞ്ഞ് രംഗപ്രവേശനം ചെയ്യുന്ന സംഘ്പരിവാർ കാപട്യം തിരിച്ചറിഞ്ഞ ക്രൈസ്തവ നേതൃത്വത്തിൽ നിന്ന് കേരളീയ സമൂഹം കഴിഞ്ഞ ദിവസങ്ങളിൽ കേട്ടതും ഇപ്രകാരമുള്ള ആർജവത്തിന്റെ സ്വരമായിരുന്നു. 

ഫാസിസത്തിന്റെ സ്ഥിരവാഴ്ചയ്ക്ക് പരിസരമൊരുക്കാൻ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും രാഷ്ട്രശത്രുക്കളായി പ്രഖ്യാപിക്കുകയും അവർക്കെതിരെ വിപരീതോർജം വളർത്തി, അതിനെ ഏകോപിപ്പിച്ച് അധീശത്വം നേടാൻ കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെടുന്ന പ്രശ്നങ്ങളെ ഊതി ജ്വലിപ്പിക്കുകയുമാണ് സംഘ്പരിവാർ ചെയ്യുന്നതെന്ന് ഏവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. ജർമ്മനിയുടെ സമസ്ത പ്രശ്നങ്ങളുടെയും മൂലകാരണം കമ്മ്യൂണിസ്റ്റുകാരും ജൂതന്മാരുമാണെന്നും ജർമ്മൻ ജനതയെ വംശീയമായും ഗോത്രപരമായും ഒന്നിപ്പിക്കാൻ നിയുക്തരായവർ നാസികളാണെന്നുമുള്ള ഹിറ്റ്‌ലേറിയൻ കാഴ്ചപ്പാടിന് സമാനമായി ഹിന്ദുത്വ രാഷ്ട്രത്തിലെ ആന്തരിക ഭീഷണികളിൽ പ്രമുഖരും അപകടകാരികളുമായ ശത്രുഘടകമായി മുസ്ലിങ്ങളെയും ക്രൈസ്തവരെയും വിലയിരുത്തുകയും ക്രൈസ്തവ വിരുദ്ധതയിലേക്കും ഇസ്ലാം വിരുദ്ധതയിലേക്കും കേന്ദ്രീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രം നിർമ്മിച്ചെടുക്കുകയും ചെയ്യാറുണ്ട് സംഘ്പരിവാർ. 

എം എസ് ഗോൾവാൾക്കറുടെ വിചാരധാരയിലെ ‘ആഭ്യന്തര ഭീഷണികൾ’ എന്ന അധ്യായം ആരംഭിക്കുന്നത് തന്നെ ഇങ്ങനെയാണ്: “ലോകത്തെ പല രാജ്യങ്ങളും നമ്മെ പഠിപ്പിക്കുന്ന ദുരന്തപാഠം രാജ്യത്തിന് പുറത്തുനിന്നുള്ള ആക്രമണകാരികളെക്കാളധികം അപകടകരം രാജ്യത്തിനകത്തുള്ള വിരുദ്ധശക്തികളാണ്” (വിചാരധാര പേജ് 77). ഇതര മതങ്ങളെയെല്ലാം ഹിന്ദുത്വത്തിന് അന്യവും ദ്രോഹകരവുമായ ഘടകങ്ങളായി അവതരിപ്പിക്കുമ്പോൾത്തന്നെ മുസ്ലിം — ക്രിസ്തീയ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ഈ ചേരിതിരിവിലൂടെ കേരളത്തിൽ ചുവടുറപ്പിക്കുകയും അതുവഴി വിദ്വേഷ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് അനിവാര്യമായ ‘പ്രതിയോഗി‘യെ കെട്ടിപ്പടുക്കാൻ കിട്ടുന്ന സുവർണാവസരമായി സമർത്ഥമായി ഉപയോഗിക്കുകയും ചെയ്യുകയാണവർ. 

ഇസ്ലാം മതവുമായി ബന്ധപ്പെട്ട സകലതിനെയും വിദ്വേഷ പ്രചരണങ്ങളിലൂടെ പ്രശ്നവല്‍ക്കരിച്ച് മുസ്ലിങ്ങളെ അന്യാധീനപ്പെടുത്താൻ അപവാദങ്ങൾ പടച്ചുണ്ടാക്കുകയും അതുവഴി ക്രൈസ്തവ മതനേതൃത്വത്തെയും സമുദായാംഗങ്ങളെയും പാട്ടിലാക്കി തങ്ങളുടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാനാകുമെന്ന് വ്യാമോഹിക്കുകയും ചെയ്യുകയാണ്. പരസ്പരം ഭിന്നിപ്പും അവിശ്വാസവും തെറ്റിദ്ധാരണകളും ഉണ്ടാകുന്നവിധത്തിൽ വിവാദ വിഷയങ്ങളുണ്ടായാല്‍ അതിന്മേൽ വർഗീയ വികാരങ്ങൾ ആളിക്കത്തിക്കുന്നതിനുവേണ്ടി പരമാവധി പരിശ്രമിക്കുകയും ചെയ്യും. എന്നാൽ ഉത്തരേന്ത്യയിൽ ക്രൈസ്തവ വിരുദ്ധത നിർബാധം അഴിച്ചുവിട്ട് വർഗീയമായ വലിയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും സാഹചര്യം വഷളാക്കി ആസൂത്രിതവും ദുരുദ്ദേശപരവുമായ പ്രചാരണത്തിലൂടെ ധ്രുവീകരണം നടത്തുന്നതിനുമാണ് അവരുടെ ശ്രമം.
ക്രൈസ്തവർക്കുമേൽ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനായി 1952ൽ ഇപ്പോഴത്തെ ഛത്തീസ്ഗഢിലെ ജേഷ്‌പൂരിൽ രമാകാന്ത് ദേശ്പാണ്ഡെ സ്ഥാപിച്ച ‘വനവാസി കല്യാൺ ആശ്രം’ (വികെഎ) ഗോത്രവർഗമേഖലയിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ മിഷണറിമാരെയാണ് പ്രധാനമായും പ്രതിയോഗികളായി കണ്ടിരുന്നത്. അതുപോലെ 1920കളിൽ സജീവമായ ശുദ്ധിപ്രസ്ഥാനത്തിന്റെ വർഗീയ അജണ്ടയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗോത്രവർഗ മേഖലകളിൽ മിഷണറിമാരുടെ പ്രവർത്തനങ്ങൾ തകർക്കുന്നതിന് വേണ്ടി ആർ
എസ്എസ് 1977ൽ അഖിലേന്ത്യാതലത്തിൽ ആരംഭിച്ച ‘ഭാരതീയ വന കല്യാൺ ആശ്രം’ (ബിവികെഎ), ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഹൈന്ദവരെ തിരികെ ഹിന്ദുവാക്കുന്ന പുനഃപരിവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു. വനവാസി കല്യാൺ ആശ്രമിന്റെ അനുബന്ധ സംഘടനയാണ് ഭാരതീയ ജന സംസ്കാർ മഞ്ച് (ഇന്ത്യൻ ഗോത്ര വർഗ സാംസ്കാരികവേദി).
ഒഡിഷയിലെ കണ്ഡമാൽ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2010ൽ പുറത്തുവന്ന ജസ്റ്റിസ് എ പി ഷായുടെ അധ്യക്ഷതയിലുള്ള വസ്തുതാന്വേഷണ കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ, വർഗീയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതും സാമൂഹിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള കുത്സിത ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതുമായ ആർഎസ്
എസ് അജണ്ടയെ കൃത്യമായി തുറന്നുകാണിക്കുന്നു. “കണ്ഡമാൽ അക്രമങ്ങളുടെ ചരിത്ര പശ്ചാത്തലം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനമാണ്. രണ്ടായിരത്തിലേറെ മു സ്ലിങ്ങളെ കൊന്നൊടുക്കിയതും മുസ്ലിം സമുദായത്തിന് വൻ നാശനഷ്ടങ്ങളുണ്ടാക്കിയതുമായ 2002ലെ ഗുജറാത്ത് വംശഹത്യയെത്തുടർന്നുള്ള കാലഘട്ടത്തിൽ ഒഡിഷയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കുനേരെ നടന്നതും ആസൂത്രിതമായ ആക്രമണമായിരുന്നു. ഈ ദുരന്തവും അപ്രതീക്ഷിതമായിരുന്നില്ല. ഇത്തരമൊരു ആക്രമണം അരങ്ങേറുന്നതിന് പറ്റിയ പ്രദേശം തന്നെയായിരുന്നു കണ്ഡമാൽ. കാരണം മതതീവ്രവാദികളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ദളിത് ആദിവാസി ജനവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ തകരാറിലാക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തണമെന്ന് അവർ കണ്ടു.”
സംഘ്പരിവാർ പ്രചാരകനും വനവാസി കല്യാൺ ആശ്രമം മഠാധിപതിയുമായ ലക്ഷ്മണാനന്ദ സരസ്വതി 2008 ഓഗസ്റ്റ് 23ന് കൊല്ലപ്പെട്ട സംഭവം ക്രൈസ്തവരുടെമേൽ ആരോപിച്ചാണ് ദിവസങ്ങളോളം നീണ്ടുനിന്ന കലാപത്തിന് അന്ന് ആർഎസ്എസ് തിരികൊളുത്തിയത്. ക്രിസ്ത്യാനികൾ സ്വാമിജിയെ കൊലപ്പെടുത്തിയെന്നും തങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നുമുള്ള വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഗൗരി പ്രസാദ് രാഥിന്റെ പ്രഖ്യാപനത്തെ തുടർന്നായിരുന്നു വർഗീയവാദികള്‍ അവിടെ അഴിഞ്ഞാടിയത്. എന്നാൽ പൊലീസിന്റെ നിഗമനം മാവോയിസ്റ്റുകളാണ് സ്വാമിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു. 

ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള ജനതയുടെ വിഭജനം രാഷ്ട്രീയ അജണ്ടയായി സൈദ്ധാന്തീകരിച്ചതിന്റെ ഉത്തമോദാഹരണമായിരുന്നു മെയ്തികളും കുക്കികളും തമ്മിലുള്ള ഭിന്നത വളർത്തിയെടുത്ത് അവർക്കിടയിൽ നിന്നുമുടലെടുത്ത സ്പർധയുടെ മറവിൽ മണിപ്പൂരിനെ മാസങ്ങളോളം കലാപഭൂമിയാക്കി മാറ്റിയത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഒഡിഷയിലെ തീവ്ര ഹിന്ദുത്വവാദികളുടെ ക്രൈസ്തവ വേട്ടയെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളെ ഹിംസാത്മകമായി മർദിച്ചൊതുക്കി ഹൈന്ദവതയുടെ ഏകോപനം ലക്ഷ്യംവയ്ക്കുന്നവർക്ക് കേരളത്തിൽ തങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ക്രൈസ്തവ സ്നേഹമെന്ന കാപട്യത്തിന്റെ മുഖംമൂടി അണിയേണ്ടതായി വരുന്നു. ഛത്തീസ്ഗഢ് സംഭവത്തിൽ മതനിരപേക്ഷ, ജനാധിപത്യ, പുരോഗമന ശക്തികളുടെ സംയുക്ത പോരാട്ടങ്ങൾ രൂപപ്പെട്ടത് ഫാസിസ്റ്റ് അജണ്ട കേരളത്തിൽ വേരോടില്ലെന്നതിന്റെ ശക്തമായ തെളിവാണ്. വ്യാജ കേസ് റദ്ദാക്കുന്നതടക്കമുള്ള വിഷയങ്ങളിൽ കേരളമൊന്നടങ്കം കന്യാസ്ത്രീകൾക്കുവേണ്ടി രംഗത്തുണ്ട്. ഫാസിസത്തിനെതിരെയുള്ള വിവിധ വിഷയങ്ങളിലെ യോജിച്ച പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്ന മത മേലധ്യക്ഷന്മാരുടെ പ്രസ്താവനകൾ സ്വാഗതാർഹമാണ്. ചുരുക്കം ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ മാത്രമാണ് അതിനപവാദം. ന്യൂനപക്ഷ സമുദായങ്ങൾ പരസ്പരമുള്ള തെറ്റിദ്ധാരണകൾ തിരുത്തുകയും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ ആശയ സംവാദങ്ങളിലൂടെയും തുറന്ന ചർച്ചകളിലൂടെയും അത് പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്. ഊഹാപോഹങ്ങളും കെട്ടുകഥകളും മെനഞ്ഞ്, ഇല്ലാത്ത ശത്രുവിനോട് പോരടിക്കുന്ന മനോഭാവത്തിന് തങ്ങൾ ഇരയാക്കപ്പെടുന്നതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കുക തന്നെവേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.