
ഇന്ത്യയുടെ ഏകദിന ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താത്തതില്‍ മാനേജ്മെന്റിനെ വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിങ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ യുവ താരങ്ങളുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഹര്‍ഭജന്റെ പ്രതികരണം.
ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയുമാണ് നിലവില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലെ പേസര്‍മാര്‍. എന്നാല്‍ ഇന്ത്യ വമ്പന്‍ സ്കോര്‍ നേടിയിട്ടും ഇവര്‍ തല്ലുവാങ്ങിക്കൂട്ടിയതാണ് തോല്‍വിക്ക് കാരണമായത്. മുഹമ്മദ് ഷമി ഇന്ത്യ ജേതാക്കളായ ചാമ്പ്യന്‍സ് ട്രോഫിയിലാണ് അവസാനമായി കളിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഷമി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്, ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലെടുക്കുന്നില്ലെന്നും ഹര്‍ഭജന്‍ വിമര്‍ശിച്ചു. ഹര്‍ഭജന്‍ തന്റെ യുട്യൂബ് ചാനലിലാണ് ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
‘മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് മനസിലാകുന്നില്ല. പ്രസിദ്ധ് നല്ല ബൗളറാണെങ്കിലും ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. നിങ്ങള്‍ക്ക് നല്ല ബൗളര്‍മാരുണ്ടായിരുന്നു. മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുക്കെ ഒതുക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിച്ചത്. ബുംറയുണ്ടെങ്കില്‍ ഇന്ത്യന്‍ ബൗളിങ് വ്യത്യസ്തമാണ്. ഇല്ലെങ്കില്‍ തിരിച്ചും. ജസ്പ്രീത് ബുംറയില്ലാതെ മത്സരങ്ങള്‍ ജയിക്കേണ്ട കല നമ്മള്‍ പഠിക്കേണ്ടതുണ്ട്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് ബൗളിങ്ങില്‍ മാച്ച്-വിന്നര്‍മാര്‍ ഇല്ലെന്നത് ആശങ്കാജനകമാണ്. ഇംഗ്ലണ്ടില്‍ ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു.
ബുംറ കളിക്കാത്ത എല്ലാ ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചു. എന്നാല്‍ ചെറിയ ഫോര്‍മാറ്റുകളില്‍ ഫാസ്റ്റ് ബൗളിങ്ങായാലും സ്പിന്നായാലും കളി ജയിപ്പിക്കാന്‍ കഴിയുന്നവരെ കണ്ടെത്തേണ്ടതുണ്ട്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാൻ കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകദിനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാനാകുന്ന ഒരു ബൗളറെ കൂടി ലഭിക്കും’-ഹര്‍ഭജന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.