പന്ത്രണ്ട് വര്‍ഷം കാവലായിരുന്നവള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ് മാനവീയം വീഥി.
മാനവീയം വീഥിയുടെ സ്വന്തമായ റാണി എന്ന നായയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞ പത്തിനാണ് റാണിയെ കാണാതായത്. റാണിയ്ക്കായി നവമാധ്യമങ്ങളിലടക്കം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുള്ള അന്വേഷണം തുടരുകയാണ്.
പന്ത്രണ്ട് വര്‍ഷം മുന്‍പ് മാനവീയം വീഥിയില്‍ എത്തിയ റാണി സന്ദർശകരോടൊപ്പമാണ് സമയം ചിലവഴിച്ചിരുന്നത്. വരുന്നവരെല്ലാം അവള്‍ക്ക് ഭക്ഷണവും വെള്ളവും ചായയും നല്‍കും. വെട്ടുകേക്കാണ് റാണിയുടെ ഇഷ്ടഭക്ഷണം. അവളുമായി ചങ്ങാത്തമുള്ളവരെല്ലാം വെട്ടുകേക്ക് വാങ്ങി നല്‍കാതെ മടങ്ങാറില്ല. മാനവീയത്തില്‍ ചായക്കട നടത്തുന്ന വിജയ അണ്ണന്‍ ആണ് റാണിക്ക് ചോറ് കൊടുക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന റാണി മാനവീയം പരിസരം വിട്ട് മറ്റെങ്ങോട്ടും പോകില്ലെന്നാണ് ഈറ്റില്ലം മ്യൂസിക് ബാന്റിലെ അംഗം ദേവന്‍ നാരായണന്‍ പറയുന്നത്. റാണിയെ ആരോ മനഃപ്പൂര്‍വ്വം മാറ്റിയതാകാമെന്നും ദേവന്‍ പറയുന്നു.
റാണിയെ കാണാതായെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണം എന്നതുള്‍പ്പെടെ നിരവധി പോസ്റ്ററുകള്‍ മാനവീയം വീഥിയില്‍ സ്ഥാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി വാട്സ്‌ആപ്പ് ഗ്രൂപ്പും ആരംഭിച്ചു. പൊലീസിന്റെ സഹകരണത്തോടെ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. പൊലീസില്‍ പരാതിയും നല്‍കിയെങ്കിലും കേസ് എടുത്തിട്ടില്ല.
എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന റാണി ഒരിക്കല്‍പോലും ആരെയും ആക്രമിച്ചിട്ടില്ല. അങ്ങനെയാണ് എല്ലാവര്‍ക്കും റാണി പ്രിയപ്പെട്ടവള്‍ ആയത്. റാണിയുടെ തിരോധാനത്തെ തുടര്‍ന്ന് വിഷയം ജനശ്രദ്ധയിലെത്തിക്കാന്‍ പ്രതിഷേധ പ്രകടനങ്ങളും സംഗീത സദസുകളും വരെ സംഘടിപ്പിച്ചു. എബിസി പദ്ധതിയുടെ ഭാഗമായി റാണിയെ പിടിച്ചുകൊണ്ടു പോയി എന്ന് കരുതി ജില്ലയിലെ ഷെല്‍ട്ടര്‍ ഹോമുകളിലും അന്വേഷിച്ചു. എന്നാല്‍ അവിടെയും കണ്ടെത്താനായില്ല. സമീപത്തെ ബാങ്കിലേയും ക്ഷേത്രത്തിലേയും സിസിടിവി പരിശോധിച്ചുവെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നു എന്നു പറഞ്ഞ് റസിഡന്റ്സ് അസോസിയേഷനുകള്‍ നിരന്തരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. റാണിയുടെ തിരോധാനത്തില്‍ ഇവര്‍ക്കും പങ്കുണ്ടോ എന്നാണ് മാനവീയത്തിലെ സ്ഥിരം സന്ദര്‍ശകരുടെ സംശയം.
നവമാധ്യമങ്ങളിലൂടെയടക്കം അന്വേഷണം തുടരുന്നതിനിടെ എല്ലാവരുടെയും പൊന്നോമനയായ റാണിയെക്കുറിച്ചുള്ള വിവരം അറിയിക്കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികവും വാട്സ്ആപ്പ് കൂട്ടായ്മയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Where is the Rani? Manaveeyam awaits
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.