
കശ്മീരില്‍ വൈറ്റ് കോളര്‍ തീവ്രവാദം പിടിമുറുക്കിയതായി അന്വേഷണ ഏജന്‍സികള്‍. നൗഗാം പോസ്റ്ററുകൾ, ഫരീദാബാദ് സ്‌ഫോടകവസ്തുക്കൾ, ചെങ്കോട്ട ആക്രമണം, നൗഗാം പൊലീസ് സ്റ്റേഷൻ ദുരന്തം എന്നിവയെ അന്വേഷണ ഏജൻസികൾ ബന്ധിപ്പിക്കുമ്പോൾ അക്കാദമിക് വിദഗ്ധരും ഡോക്ടര്‍മാരും വ്യാപാരികളും ഉള്‍പ്പെടുന്ന പുറമേ സമാധാന ജീവിതം നയിക്കുന്നവരും വൈറ്റ് കോളര്‍ തീവ്രവാദ വലയ്ക്കുള്ളില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരാഴ്ചയായി അന്വേഷണ ഏജന്‍സികള്‍ ശ്രീനഗര്‍, അനന്തനാഗ്, കുല്‍ഗാം, ഷോപ്പിയാന്‍, പുല്‍വാമ ജില്ലകളിലും നിരവധി റെയ്ഡുകളാണ് നടത്തിയത്. ഫോണുകളും ലാപ്പ് ടോപ്പുകളും മുതല്‍ യാത്രരേഖകള്‍ വരെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതില്‍ നിന്ന് ഫരീദബാദ് സ്ഫോടക വസ്തു വേട്ട, ചെങ്കോട്ട കാര്‍ സ്ഫോടനം, പരിശോധനയ്ക്കിടെ നൗഗാം പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറി എന്നിവയുടെ സമയക്രമവുായി സംശയാസ്പദമായി പൊരുത്തപ്പെടുന്ന ചലനത്തിന്റെയും ആശയ വിനിമയത്തിന്റെയും രീതിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
അനന്തനാഗിലെ മലക്നാഗ് പ്രദേശത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കശ്മീരി ഡോക്ടറുടെ വസതിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഹരിയാന സ്വദേശിനിയായ വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. കുല്‍ഗാമിലെ ഗാസിഗുണ്ട് മേഖലയില്‍ ജെയ്ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഡ്രൈഫ്രൂട്ട് വ്യാപാരി ബിലാല്‍ അഹമ്മദ് വാനി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത് വഴിത്തിരിവായി മാറിയിരിക്കുകയാണ്.
ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതികളായ ഡോ. ആദില്‍ റാത്തറിന്റെയും ഡോ മുസാഫര്‍ റാത്തറിന്റെയും അയല്‍വാസിയായ ബിലാല്‍ അഹമ്മദും മകന്‍ ജാസിറും ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. റാത്തര്‍ സഹോദരന്മാരാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദുക്കള്‍. ഇതില്‍ സ്ഫോടനത്തിന് ചൂക്കാന്‍ പിടിച്ച ഡോ. മുസാഫര്‍ റാത്തര്‍ അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായാണ് സംശയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.