28 January 2026, Wednesday

അജിത് പവാറിനൊപ്പം ജീവൻപൊലിഞ്ഞ ക്യാപ്റ്റൻ ശാംഭവി പതക് ആരെന്നോ?

Janayugom Webdesk
January 28, 2026 4:56 pm

ബാരാമതിയിൽ അടിയന്തര ലാൻഡിങ്ങിനിടെ വിമാനം തകർന്ന് വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ ഉള്‍പ്പെടെ മരിച്ചുവെന്ന വാർത്ത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ആരാണ് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് എന്ന ചോദ്യം ഈ സാഹചര്യത്തിൽ എല്ലാവരുടേയും മനസിൽ ഉയർന്നിട്ടുണ്ടാവും. അറിയാം…

ആരാണ് ശാംഭവി പതക്?

ന്യൂഡൽഹിയിലെ എയർ ഫോഴ്‌സ് ബൽ ഭാരതി സ്‌കൂളിൽ 2016–2018 വർഷമാണ് ശാംഭവി പതക് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇതിന് ശേഷം ന്യൂസിലൻഡ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പൈലറ്റ് അക്കാദമിയിൽ നിന്ന് കൊമേഴ്‌സ്യൽ പൈലറ്റ് ട്രെയിനിങ്ങും ഫ്‌ളൈറ്റ് ക്രൂ ട്രെയിനിങ്ങും പൂർത്തിയാക്കി. മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എയ്‌റോനോട്ടിക്‌സ്, ഏവിയേഷൻ ആൻഡ് എയ്‌റോസ്‌പേസിൽ ബിഎസ്‌സി ബിരുദവും ശാംഭവി നേടിയിട്ടുണ്ട്.

സ്‌പൈസ്‌ജെറ്റ് ലിമിറ്റഡിന്റെ ഏവിയേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് (2022 മാർച്ച്), ജോർദാൻ എയർലൈൻ ട്രെയിനിങ് ആൻഡ് സിമുലേഷനിൽ നിന്ന് എ320 വിമാനങ്ങൾക്കായുള്ള ജെറ്റ് ഓറിയന്റേഷൻ ട്രെയിനിങ് (2022 ഫെബ്രുവരി), ഡിജിസിഎയിൽ നിന്ന് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (2020 മേയ്), സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ന്യൂസിലൻഡിൽ നിന്ന് സിഎഎ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (2019 നവംബർ), ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ലെവൽ 6 എന്നിവയാണ് ക്യാപ്റ്റൻ ശാംഭവി പതകിന്റെ നേട്ടങ്ങൾ. അജിത് പവാറിനേയും വഹിച്ചുകൊണ്ടുള്ള വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ അഥവാ പ്രധാന പൈലറ്റായിരുന്നത് ക്യാപ്റ്റൻ ശാംഭവി പതക് ആണ്. അപകടത്തിൽ ഇവരും തൽക്ഷണം മരിച്ചിരുന്നു. ഒരു സൈനികോദ്യോഗസ്ഥന്റെ മകളാണ് ഡൽഹി സ്വദേശിനിയായ ഈ യുവ പൈലറ്റ്. 1500 മണിക്കൂറോളം വിമാനം പറത്തി പരിചയമുണ്ട് ശാംഭവിക്ക്.

ബുധനാഴ്ച രാവിലെ 08:10‑ന് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 08:49-ഓടെയാണ് അപകടത്തിൽ പെട്ടത്. ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിന്റെ വിമാനമാണ് തകർന്നുവീണത്. ലിയർജെറ്റ് 45 എന്ന മോഡൽ വിമാനമാണ് അപകടത്തിൽ പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.