ഇന്ത്യ‑ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമുകളും ഓരോ മത്സരങ്ങളും വിജയിച്ച് സമനിലയിലാണ്. നാല് മത്സര പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. പരമ്പരയില്‍ മുന്നിലെത്താനുറച്ചാകും ഇരുടീമുകളുമിറങ്ങുക. സൂപ്പര്‍സ്പോര്‍ട്സ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണും റിങ്കു സിങ്ങും അടക്കമുള്ള ബാറ്റിങ്നിര നിരാശപ്പെടുത്തിയിരുന്നു. ബൗളിങ് നിര മികവ് പുലര്‍ത്തിയിട്ടും മത്സരത്തില്‍ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നു. ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മ്മയുടെ മങ്ങിയ ഫോമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. ഐപിഎല്ലിലും സിംബാബ്‌വെയ്ക്കെതിരെയും തകര്‍ത്തടിച്ചെങ്കിലും പിന്നീടിതുവരെ അഭിഷേകില്‍ നിന്ന് വലിയ ഇന്നിങ്സുകളൊന്നും പിറന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ന് അഭിഷേക് ശര്‍മ്മയ്ക്ക് പകരം ഓപ്പണിങ്ങില്‍ ഇന്ത്യ ജിതേഷ് ശര്‍മ്മയ്ക്ക് അവസരം നല്‍കിയേക്കുമെന്നാണ് സൂചന.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ക്രീസിലെത്തും. തിലക് വര്‍മ്മയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാലാം നമ്പറിലെത്തിയത്. താരത്തിനെ പുറത്തിരുത്തിയാല്‍ രമണ്‍ദീപ് സിങ് ഈ സ്ഥാനത്തേക്ക് വരും. ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ബാറ്റിങ്ങിനെത്തും.
ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും ബൗളിങ്ങിൽ കാര്യമായ അവസരം അക്സർ പട്ടേലിന് ലഭിച്ചിരുന്നില്ല. ആദ്യ ടി20യിലും, രണ്ടാം ടി20യിലും ഒരോവർ വീതം മാത്രമാണ് അദ്ദേഹം എറിഞ്ഞത്.
സ്പിൻ അനുകൂലവിക്കറ്റുകളിൽ നടന്ന മത്സരങ്ങളിൽ പോലും അക്സറിന്റെ ബോളിങ് ഇന്ത്യ ഉപയോഗപ്പെടുത്താതെ ഇരുന്നത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. മൂന്നാം ടി20 നടക്കാനിരിക്കുന്ന സെഞ്ചൂറിയനിലെ വിക്കറ്റ് സ്പിന്നർമാരെക്കാൾ പേസർമാരെ അനുകൂലിക്കുന്നതാണെന്നാണ് സൂചന. അതിനാൽ അക്സറിന് ഈ കളിയിലും ബൗളിങ്ങിൽ കാര്യമായ റോളുണ്ടാകാൻ സാധ്യതയില്ല. ആവേഷ് ഖാനെയോ അര്‍ഷദീപിനെയോ പുറത്തിരുത്തിയാല്‍ യഷ് ദയാലിനോ വിജയകുമാര്‍ വൈശാഖിനോ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.