7 January 2025, Tuesday
KSFE Galaxy Chits Banner 2

ഗവർണറുടെ വെല്ലുവിളി ആർക്കെതിരെ?

ടി ടി ജിസ്‌മോന്‍
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
December 19, 2023 4:30 am

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആശയ ദാരിദ്ര്യത്തിൽ നിന്നുമുടലെടുക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എഐവൈഎഫ് ഇന്ന് വൈകിട്ട് ആറിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് ‘ഭരണഘടനാ വിരുദ്ധനായ ഗവർണറെ പിൻവലിക്കുക, ജനാധിപത്യം സംരക്ഷിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് മേഖലാ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. 21ന് സംസ്ഥാനത്തെ മണ്ഡലം കേന്ദ്രങ്ങളിൽ ഗവർണറുടെ ഭരണഘടനാവിരുദ്ധ നിലപാടുകൾക്കെതിരായുള്ള പ്രതിഷേധക്കൂട്ടായ്മകളും സംഘടിപ്പിക്കും. ഡിസംബർ27ന് രാജ്ഭവനിലേക്ക് യുവജന മാർച്ച് നടത്തുകയും ഗവർണർക്ക് ഭരണഘടന കൈമാറുകയും ചെയ്യുന്നുണ്ട്.
കേരളത്തിലെ സർവകലാശാലകളെ സംഘ്പരിവാറിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി ഭരണസമിതിയിലേക്ക് സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്ന ഗവർണറുടെ നിലപാടിനെതിരെ സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് കേരളത്തിലാകമാനം ഉയർന്നു വരുന്നത്. രാജ്യത്തെ പ്രധാന സർവകലാശാലകളെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നതിനും സംഘ്പരിവാറിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുമായുള്ള ഗൂഢ ശ്രമമാണ് ഗവർണറിലൂടെ മറനീക്കി പുറത്തുവന്നത്. യോഗ്യതകൾ മറികടന്നുകൊണ്ട് സർവകലാശാല സെനറ്റിൽ ആർഎസ്എസ്-എബിവിപിക്കാരെ നാമനിർദേശം ചെയ്ത നടപടിയിലൂടെ തെളിഞ്ഞത് ഭരണഘടനയെയും ജനാധിപത്യത്തെയും തൃണവല്‍ഗണിച്ച് സംസ്ഥാന ഭരണം അസ്ഥിരപ്പെടുത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപി-ആർഎസ്എസ് അജണ്ടയാണ്.
സർവകലാശാലകളുടെ ചാൻസലറായ ഗവർണർക്ക് സർവകലാശാലാ നിയമത്തിന്റെതല്ലാതെ മറ്റ് ഭരണഘടനാപരമായ അവകാശങ്ങളില്ലെന്നിരിക്കെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്ത് സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന സമീപനമാണ് സമീപകാലങ്ങളിൽ ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലാകമാനം തന്റെ ജനാധിപത്യ ചട്ടക്കൂടുകൾക്ക് വിരുദ്ധമായ നയങ്ങൾക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ ഭരണഘടനാ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി, രാഷ്ട്രീയ അഴിഞ്ഞാട്ടത്തിലൂടെ വെല്ലുവിളിക്കുന്ന സമീപനമാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  നിയമം ഗവർണർക്കും ബാധകമാണ്


ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ചുകൊണ്ട് ആർഎസ്എസ് പ്രീണന നിലപാട് സ്വീകരിക്കുന്ന ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറന്ന് തെരുവ് ഗുണ്ടയെ പോലെ പെരുമാറുന്നത് അത്യന്തം അപഹാസ്യവും പ്രതിഷേധാർഹവുമാണ്. സമരം ചെയ്യാനുള്ള വ്യക്തികളുടെ അവകാശം ആരുടെയും ഔദാര്യമല്ലെന്നും സമരങ്ങൾ സമൂഹത്തിലെ തിരുത്തൽ പ്രക്രിയയുടെ ഭാഗംകൂടിയാണെന്നുമുള്ള സാമാന്യബോധത്തെ അപഹസിച്ചു കൊണ്ട് ജനാധിപത്യ സമരങ്ങളോട് അസ്വസ്ഥത പ്രകടിപ്പിക്കുകയും ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനം സർക്കാരിന് മുകളിൽ സമാന്തര ഭരണം നടത്താനുള്ള ലൈസൻസാണെന്ന് ധരിക്കുകയും ചെയ്യുകയാണ് ഗവർണർ.
തനിക്കെതിരെ കാലിക്കറ്റ് സർവകലാശാലയിൽ ഉയർന്ന ബാനർ പൊലീസിനെക്കൊണ്ട് നീക്കം ചെയ്യിച്ചും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ‘മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ഗുണ്ടകൾ’ എന്നാക്ഷേപിച്ചും കണ്ണൂരിന് വൃത്തികെട്ട ചരിത്രമുണ്ടെന്ന് ജല്പിച്ചും കേരളത്തിന്റെ മഹിതമായ സമര പാരമ്പര്യത്തെ പുച്ഛിച്ചു തള്ളുകയായിരുന്നു ഗവർണർ.
ജനാധിപത്യ വ്യവസ്ഥകളെ കാറ്റിൽ പറത്തിയും ഭരണഘടനാ വിരുദ്ധ സമീപനങ്ങൾ മുഖമുദ്രയാക്കിയും സംസ്ഥാനത്ത് നിഗൂഢഭരണത്തിന് ശ്രമിക്കുന്ന ഗവർണർ ഇന്നനുഭവിക്കുന്ന സാമൂഹിക‑സാമ്പത്തിക‑രാഷ്ട്രീയ വ്യവസ്ഥകളും വ്യക്ത്യവകാശങ്ങൾപോലും സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമാണെന്നത് മറക്കുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടു കേൾവിയില്ലാത്തതുമായ അസഹിഷ്ണുതയാണ് കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി സംഘടന നടത്തിയ സമരത്തോട് ഗവർണർ പ്രകടിപ്പിച്ചത്. എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ആക്രോശിച്ചാണ് ഗവർണർ പ്രതിഷേധിച്ചത്.
മുമ്പ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടില്ലെന്ന ധാർഷ്ട്യ നിലപാടിന് സുപ്രീം കോടതിയിൽ നിന്ന് വിമർശനം നേരിട്ടയാളാണ് കേരള ഗവർണർ. നിയമ നിർമ്മാണ സഭകൾ പാസാക്കുന്ന ബില്ലുകൾക്ക് തടയിടാനുള്ളതല്ല ഭരണഘടനാപരമായ ഉത്തരവാദിത്തം കയ്യാളുന്ന ഗവർണറുടെ അധികാരം എന്ന് വ്യക്തമാക്കിയായിരുന്നു അന്ന് സുപ്രീം കോടതി വിമർശിച്ചത്.


ഇതുകൂടി വായിക്കൂ: സര്‍വകലാശാലാ കാമ്പസില്‍ ഗവര്‍ണറുടെ നിലമറന്ന കളി


സംഘ്പരിവാർ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയാണ് സംസ്ഥാനത്തിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ വിഷയങ്ങൾ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വിരുദ്ധമായി കൈകാര്യം ചെയ്യുന്നത്. വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെല്ലാം അധികാരം നൽകുന്ന ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രാജ്യത്ത് താൻ വിമർശനത്തിനതീതനാണെന്ന ഫാസിസ്റ്റ് ചിന്താഗതി വിലപ്പോവില്ല.
ഇന്ത്യൻ ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തെയും വെല്ലുവിളിച്ചുകൊണ്ട് ഗവർണർ പദവിയെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ട ഇവിടെ വേരോടില്ല.
1974ലെ ഷംഷേർസിങ് കേസിൽ ഗവർണർക്ക് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കാൻ മാത്രമേ കഴിയൂ എന്നും മന്ത്രിസഭയുടെ തീരുമാനങ്ങൾ നിരസിക്കാൻ ഗവർണർക്ക് ഒരവകാശവുമില്ലെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സ്പഷ്ടമായി പ്രഖ്യാപിച്ചതും ഹർഗോവിന്ദ് പന്തും രഘുകുൽ തിലകും തമ്മിലുള്ള കേസിൽ ഗവർണർ കേന്ദ്ര സര്‍ക്കാരിന്റെ ജീവനക്കാരനോ ഏജന്റോ അല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതും ഗവർണർ മറക്കരുത്. ഇത് കേരളമാണ്, ജനാധിപത്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ജനകീയ സർക്കാരിന് മുകളിൽ ഗവർണർ പരമാധികാരി ചമയേണ്ട!

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.