22 January 2026, Thursday

വര്‍ഗീയകലാപങ്ങളുടെ തുടര്‍ക്കാഴ്ച എന്തുകൊണ്ട്

സഫി മോഹന്‍ എം ആര്‍
August 8, 2023 4:13 am

രാജ്യത്ത് പല സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന വര്‍ഗീയകലാപങ്ങള്‍ക്ക് എന്താണ് കാരണം? കലാപങ്ങള്‍ അതിതീവ്രമായ രീതിയിലാകുന്നതിന്റെ യഥാര്‍ത്ഥ വസ്തുത എന്താണ്? മതനിരപേക്ഷതയ്ക്ക് എതിരായ ഭരണകൂടങ്ങളുടെ സമീപനമാണ് ഇത്തരം കലാപങ്ങള്‍ ഉണ്ടാകാനുള്ള മൂലകാരണം. ഭൂരിപക്ഷമതവിഭാഗത്തെ പ്രീണിപ്പിച്ചുകൊണ്ട് അധികാരത്തില്‍ തുടരുക എന്ന ഒറ്റ അജണ്ട മാത്രമേ അവര്‍ക്കുള്ളുവെങ്കിലും അതിലൂടെയുണ്ടാകുന്ന വര്‍ഗീയ ലഹളയ്ക്ക് രാജ്യത്തെ ജനങ്ങള്‍ കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. കഴിഞ്ഞ മൂന്ന് മാസമായി മണിപ്പൂരില്‍ നടക്കുന്ന ദാരുണമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പു നല്‍കുന്ന ജീവനും സ്വാതന്ത്ര്യത്തിനും അന്തസിനും സ്വകാര്യതയ്ക്കുമുള്ള പൗരാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ഭരണഘടനാപരമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത മണിപ്പൂര്‍ സര്‍ക്കാരിനെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഒരു കനത്ത വെല്ലുവിളിയുമാണ്. ഹരിയാനയില്‍ തുടരുന്ന വര്‍ഗീയകലാപങ്ങളും ഒരുദിവസം കൊണ്ട് പൊട്ടിപ്പുറപ്പെട്ടതല്ല. മതഭ്രാന്തന്‍മാരെ വര്‍ഷങ്ങളായി അഴിഞ്ഞാടാന്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായിട്ടാണ് ഈ ലഹളയും ഉണ്ടായിരിക്കുന്നത്. മോനു മനേസറിനെ പോലുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് ഹരിയാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ബജ്‌റംഗദള്‍ പ്രവര്‍ത്തകനായ ഇയാള്‍ പശുവിന്റെ പേരില്‍ രണ്ട് മുസ്ലിം യുവാക്കളെ മര്‍ദിച്ച് കൊന്നു. വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ജാഥയില്‍ പങ്കെടുക്കും എന്ന പ്രകോപനപരമായ വെല്ലുവിളിയും ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയിട്ടുണ്ട്. വര്‍ഗീയ ലഹളകള്‍ നടത്തുന്ന ഇത്തരം ക്രിമിനലുകളെ അമര്‍ച്ച ചെയ്യുന്നതിന് പകരം ഭരണകൂടങ്ങള്‍ അവരെ സംരക്ഷിക്കുന്ന കാഴ്ചയാണ് കാണുന്നത്.

 

 


ഇതുകൂടി വായിക്കൂ; വെന്തുരുക്കിയ കറുത്തദിനം


 

ഹരിയാനയിലെ വര്‍ഗീയ ലഹളകള്‍ നിരവധി ജീവനെടുക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട ഗതികേടിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിച്ചിരിക്കുകയുമാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നതിനാല്‍ അവിടെ എന്തുസംഭവിക്കുന്നു എന്ന് പുറംലോകം അറിയുന്നില്ല. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മതപ്രീണന നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മതാധിഷ്ഠിത ആശയങ്ങള്‍ കാണാന്‍ കഴിയും. പൗരന്റെ ശാസ്ത്രബോധം വളര്‍ത്തുക എന്ന പ്രാഥമികമായ കര്‍ത്തവ്യം ഭരണഘടനാപരമായി നിറവേറ്റേണ്ട മതനിരപേക്ഷ രാഷ്ട്രത്തിലെ ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത്തരം പ്രവണതകള്‍ കാണുന്നത്. സുപ്രീം കോടതി 2018ലെ ടെഹ്സിന്‍ പൂനാവാലാ കേസിന്റെ വിധിന്യായത്തില്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ ഉണ്ടാക്കുന്ന പ്രസംഗങ്ങളും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ഉണ്ടാകുന്നതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ;  പ്രതീക്ഷ നല്‍കുന്ന സുപ്രീം കോടതി വിധി


 

ഈ വിധിന്യായം നടപ്പിലാക്കുന്നതില്‍ ഹരിയാനാ, മധ്യപ്രദേശ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഇത്തരം മതപ്രീണനങ്ങള്‍ നടന്നുവന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ ഗുജറാത്തും കര്‍ണാടകയും ആയിരുന്നെങ്കിലും കര്‍ണാടകയില്‍ പുതുതായി നിലവില്‍ വന്ന സര്‍ക്കാര്‍ മുന്‍സര്‍ക്കാര്‍ എടുത്ത മതപ്രീണന നയങ്ങള്‍ ഓരോന്നായി മാറ്റിക്കൊണ്ട് സംസ്ഥാനത്ത് ഭരണഘടനാ ആശയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ ഇപ്പോഴും പശുവും പുരാണ മത ചരിത്രവുമായി മുന്നോട്ടുപോകുകയാണ്.
സ്കൂളില്‍ നിന്ന് കുട്ടികള്‍ ഇത്തരം കാര്യങ്ങള പഠിക്കണം എന്ന വാശിയിലാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. സ്ഥിതിസമത്വ മതനിരപേക്ഷ ഭരണഘടനാ ആശയങ്ങള്‍ പ്രചരിപ്പിക്കേണ്ട സര്‍ക്കാരുകള്‍ അതില്‍ പൂര്‍ണമായി പരാജയപ്പെട്ടതാണ് ഇന്ന് രാജ്യം നേരിടുന്ന സങ്കീര്‍ണമായ മനുഷ്യാവകാശ ലംഘനങ്ങളുടെ മൂലകാരണം. ഇത്തരം ജനാധിപത്യ വിരുദ്ധ സര്‍ക്കാരുകളെ പുറത്താക്കി ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ വന്നാല്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യ സംരക്ഷണം ഉണ്ടാകൂ.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.