ഉക്രെയ്‌നിലെ യുദ്ധഭൂമിയില്‍ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന യാതനയ്ക്ക് ഉത്തരവാദി കേന്ദ്രമാണെന്ന് കുറ്റപ്പെടുത്തി മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍. ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ തങ്ങള്‍ പ്രാണ രക്ഷാര്‍ത്ഥം സ്വന്തം പ്രയത്‌നത്തിലാണ് യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. ഉക്രെയ്‌നില്‍ നിന്നും ഹംഗറിയിലേക്ക് കടന്ന് അവിടെ നിന്നും ഇന്ത്യയിലേക്കെത്തിയ ദിവ്യാന്‍ഷു സിങ് എന്ന വിദ്യാര്‍ത്ഥിയാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് റോസാപ്പൂവ് നല്‍കിയാണ് കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചത്. എന്നാല്‍ ആവശ്യസമയത്ത് സഹായിക്കാതെ ഒരു പൂവ് തരുന്നതില്‍ എന്താണര്‍ത്ഥമെന്നും ബിഹാറിലെ മോതിഹാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി തുറന്നടിച്ചു. കേന്ദ്രസര്‍ക്കാര്‍ കൃത്യ സമയത്ത് ഉചിതമായി ഇടപെട്ടിരുന്നെങ്കില്‍ ഈ പൂവുകളുടെയൊന്നും ആവശ്യമില്ലായിരുന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും സംഘര്‍ഷമേഖലയില്‍ നിന്നും ജീവന്‍ കയ്യിലെടുത്താണ് അതിര്‍ത്തി കടന്നതെന്നും ഒഡേസയില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി പറഞ്ഞു.
റൊമാനിയയില്‍ എത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമായിരുന്നില്ലെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉക്രെയ്‌നില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്ര മന്ത്രിമാര്‍ ഭാരത് മാത് കീ ജയ് വിളിച്ച് പുഷ്പങ്ങള്‍ നല്‍കിയാണ് വിമാനത്താവളങ്ങളില്‍ സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുന്നില്‍ ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പരക്കെ വിമര്‍ശനം ഉയരുന്നതിനിടെയാണ് രാഷ്ട്രീയ നാടകം. നിരവധി വിദ്യാര്‍ത്ഥികളാണ് ഇനിയും ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നത്.
English Summary:Why these roses? Students blame central government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.