1 January 2026, Thursday

Related news

December 29, 2025
December 27, 2025
December 21, 2025
December 19, 2025
December 17, 2025
December 16, 2025
November 16, 2025
November 6, 2025
November 2, 2025
November 1, 2025

ബംഗാളില്‍ വ്യാപക സംഘര്‍ഷം

Janayugom Webdesk
കൊല്‍ക്കത്ത
May 7, 2024 11:02 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം. വിവിധ ജില്ലകളില്‍ വ്യാപകമായി സംഘര്‍ഷവും ബൂത്തുപിടിത്തവും കള്ളവോട്ട് സംഭവങ്ങളുമുണ്ടായി. അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇവിഎം തകരാറുകളും റിപ്പോര്‍ട്ട് ചെയ്തു.
മുര്‍ഷിദാബാദ്, ജാംഗിപൂര്‍ മണ്ഡലങ്ങളിലാണ് ഏറെ അക്രമസംഭവങ്ങളുണ്ടായത്. മുര്‍ഷിദാബാദിലെ ലോചന്‍പൂരില്‍ സിപിഐ(എം) ബൂത്ത് ഏജന്റിനെ അടിച്ചോടിച്ചെന്നും പകരം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്തില്‍ ഇരുന്നതായും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുഹമ്മദ് സലിം ആരോപിച്ചു. ഡോംകല്‍ സബ്ഡിവിഷനിലെ റാണിനഗര്‍ ബ്ലോക്കിലെ ലോചന്‍പൂര്‍ ഏരിയയിലെ 36-ാം നമ്പര്‍ ബൂത്തില്‍ കേന്ദ്ര സേനയുടെ മുന്നില്‍ വച്ചായിരുന്നു സംഭവം. മുര്‍ഷിദാബാദിലെ ജംഗിപൂരിലെ പോളിങ് ബൂത്തില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബെര്‍ഹാംപൂര്‍ സബ്ഡിവിഷനിലെ ഹരിഹര്‍പാരയില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി. സമര്‍ഗഞ്ജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. ബംഗാളിലെ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പുകളിലും വ്യാപകമായ അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കിയെന്ന എന്‍സിപി (എസ്‌പി) വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ എന്‍സിപി അജിത് പവാര്‍ പക്ഷത്തെ അഞ്ചുപേരെ അറസ്റ്റു ചെയ്‌തു. ഉത്തര്‍പ്രദേശില്‍ മെയിൻപുരി ലോക്‌സഭ മണ്ഡലത്തിലെ ബൂത്തുകൾ കൊള്ളയടിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിക്കുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരെ പൊലീസ് സ്റ്റേഷനുകളിൽ തടഞ്ഞുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അസമില്‍ 965 ഇവിഎമ്മുകള്‍ക്ക് തകരാര്‍ നേരിട്ടതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ ധുബ്രിയില്‍ 280 വോട്ടിങ് യന്ത്രങ്ങളും, ബാർപേട്ടയിൽ 265, ഗുവാഹട്ടിയിൽ 226, കൊക്രജാറിൽ 194 എന്നിങ്ങനെയും ഇവിഎമ്മുകള്‍ മാറ്റിസ്ഥാപിക്കേണ്ടതായി വന്നു. വ്യാപകമായി ഇവിഎമ്മുകള്‍ കേടായതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

മൂന്നാംഘട്ടത്തിലും കുറഞ്ഞ പോളിങ് 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിലും കുറഞ്ഞ ശതമാനം പോളിങ്. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
61.19 ശതമാനം പോളിങ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. അന്തിമ വിശകലനത്തില്‍ അല്പം കൂടി ഉയര്‍ന്നേക്കും. ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 66.14, രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവും പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പോളിങ് ശതമാനം കുറഞ്ഞതോടെ വോട്ടര്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല.
അസമിലാണ് ഏറ്റവും കൂടുതൽ പോളിങ്. 74.86 ശതമാനം. ബിഹാർ‑56.01, ഛത്തീസ്ഗഢ്: 66.87, ദാദ്ര & നഗർ ഹവേലി, ദാമൻ ആന്റ് ദിയു-65.23, ഗോവ‑72.52, ഗുജറാത്ത്-55.22, കർണാടക ‑66.05, മധ്യപ്രദേശ്-60.28, മഹാരാഷ്ട്ര: ‑55.13, പശ്ചിമ ബംഗാൾ‑73.93 ശതമാനം എന്നിങ്ങനെയാണ് പോളിങ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലെ ഗാന്ധിനഗറിലും ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലും വോട്ട് രേഖപ്പെടുത്തി. കർണാടകയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗുജറാത്തിലെ അമ്രേലിയിലെ വനിതാ പോളിങ് ഓഫിസറും ഹൃദയാഘാതം മൂലം മരിച്ചു.
ഗുജറാത്തിലെ ബനസ‌്കാന്തയില്‍ സിആർപിഎഫ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ യുവാക്കൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. 

Eng­lish Sum­ma­ry: Wide­spread con­flict in Bengal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.