22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 21, 2024
November 14, 2024
November 6, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 27, 2024

ഇസ്രയേലിനെതിരെ വ്യാപക വിമര്‍ശനം

Janayugom Webdesk
ഗാസ
March 1, 2024 10:32 pm

വടക്കന്‍ ഗാസയില്‍ ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന ജനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ വിമര്‍ശനം ശക്തമാകുന്നു. യുഎസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ ഇസ്രയേലിനെതിരെ രംഗത്തെത്തി. സംഭവം വിലയിരുത്താനായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. കൂട്ടക്കൊലയുടെ വാര്‍ത്ത ഞെട്ടിച്ചെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. വീറ്റോ അധികാരത്തെ യുഎന്‍ സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തളര്‍ത്തുന്നതിനുള്ള ഉപകരണമായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുത്തുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 

ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന പലസ്തീന്‍ പൗരന്‍മാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഇസ്രയേല്‍ കൂട്ടക്കൊല നടത്തിയെന്ന് ഗാസ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. ഇസ്രയേല്‍ സൈന്യം ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്നും ആളുകളുടെ തലയ്ക്ക് നേരെ ഉന്നം വച്ചാണ് വെടിവച്ചതെന്നും ഹമാസ് ആരോപിച്ചു. ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 766 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്നറിയിപ്പ് എന്ന രീതിയില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഇസ്രയേല്‍ സെെന്യം അവകാശപ്പെടുന്നത്. 

ജനക്കൂട്ടം ഭക്ഷണ സാധനങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് ആരോപിക്കുന്നത്. ജനക്കൂട്ടത്തെ പിരിച്ചു വിടാനായി വാണിങ് ഫയര്‍ നല്‍കുക മാത്രമാണ് സൈന്യം ചെയ്തതെന്നും വക്താവ് ന്യായീകരിച്ചു. ജനക്കൂട്ടത്തിന് നേരെ നിറയൊഴിച്ചിട്ടില്ലെന്നും ലോറികളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി സഹായിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. എ­ന്നാല്‍, ജനങ്ങളെ ലക്ഷ്യമിട്ടുള്ള വെടിവയ്പായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. ആയിരക്കണക്കിന് ആളുകളാണ് ഭക്ഷണം വാങ്ങാനായി ലോറികള്‍ക്ക് മുന്നില്‍ കൂടിയിരുന്നത്. ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തപ്പോള്‍, ലോറികള്‍ മുന്നോട്ടെടുത്തു. ഇതിനിടെ ജനങ്ങള്‍ ചിതറിയോടിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഈജിപ്തില്‍ നിന്ന് ഭക്ഷണ സാധനങ്ങളുമായി എത്തിയ 30 ട്രക്കുകള്‍ കടന്നുപോകുന്നതിനിടെ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. പിന്നാലെ ഇസ്രയേല്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു.

Eng­lish Summary:Widespread crit­i­cism of Israel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.