26 June 2024, Wednesday
KSFE Galaxy Chits

Related news

June 1, 2024
May 18, 2024
May 17, 2024
May 12, 2024
April 29, 2024
April 25, 2024
April 25, 2024
April 24, 2024
April 24, 2024
April 20, 2024

ആർഎംപി നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം

Janayugom Webdesk
കോഴിക്കോട്
May 12, 2024 10:31 pm

യുഡിഎഫ് വേദിയിൽ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ നടത്തിയത് തെരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ യുഡിഎഫ് നടത്തിയ സ്ത്രീ വിരുദ്ധ പ്രചരണങ്ങളുടെയും വർഗീയ വിദ്വേഷ നടപടികളുടെയും തുടർച്ച. ഇതിനെതിരെ സാംസ്കാരിക കേരളത്തില്‍ വ്യാപക പ്രതിഷേധം.
സിപിഐ(എം) വർഗീയതയ്ക്കെതിരെ നാടൊന്നിക്കണം എന്ന പേരിൽ യുഡിഎഫ്- ആർഎംപി നേതൃത്വത്തിൽ വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കെ കെ ശൈലജയെയും നടി മഞ്ജുവാര്യരെയും കേട്ടലറയ്ക്കുന്ന ഭാഷയിൽ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ അധിക്ഷേപിച്ചത്. ‘ടീച്ചറുടെ അശ്ലീല വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ വീഡിയോ ഉണ്ടാക്കിയെന്ന് കേട്ടാൽ നമുക്ക് മനസിലാകും’ എന്നായിരുന്നു ഹരിഹരന്റെ ആക്ഷേപം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ കെ രമ എംഎൽഎ, യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഹരിഹരന്റെ പ്രസംഗം. വൃത്തികെട്ട സ്ത്രീവിരുദ്ധ പരാമർശത്തെ പൊട്ടിച്ചിരികളോടെയും കയ്യടികളോടെയുമാണ് യുഡിഎഫ്-ആർഎംപി നേതാക്കളും അണികളും സ്വീകരിച്ചത്. 

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെയും ന്യൂനപക്ഷങ്ങളെയും ഇതേ പ്രസംഗത്തിൽ കെ എസ് ഹരിഹരൻ ആക്ഷേപിച്ചിട്ടുണ്ട്. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുക്കത്ത് നിന്നുള്ള ഒരു മൗലവി വേദിയിൽ മുഖ്യമന്ത്രിയുടെ പിന്നിൽ നിസ്ക്കരിച്ചുവെന്നായിരുന്നു ഹരിഹരൻ പരിഹസിച്ചത്. ‘കടപ്പുറത്തിന് സമീപം പള്ളിയുണ്ട്. പക്ഷെ എൽഡിഎഫിന്റെ വേദിയിൽ നിസ്കരിച്ചാലേ മതന്യൂനപക്ഷങ്ങളോടുള്ള അവരുടെ കൂറ് തെളിയിക്കാൻ പറ്റൂ. എന്നാൽ സ്റ്റേജിലുള്ള എളമരം കരീം, അഹമ്മദ് ദേവർകോവിൽ അടക്കമുള്ളവർക്ക് നിസ്കരിക്കേണ്ട.
മുക്കം മൗലവിക്ക് നിസ്കരിക്കാൻ മുട്ടിയിട്ട് മുഖ്യമന്ത്രിക്ക് പുറകിൽ വേദിയിൽ നിസ്കരിക്കുകയാണ് എ­ന്നൊ­ക്കെയായിരുന്നു പരിഹാസം. തെരഞ്ഞെടുപ്പ് സമയത്ത് കെ കെ ശൈലജ യ്ക്കെതിരെ വളരെ മോശമായ രീതിയിലായിരുന്നു യുഡിഎഫ് പ്രചരണങ്ങളെല്ലാം. മോർഫിങ് വീഡിയോ അടക്കം നിർമ്മിച്ചാണ് യുഡിഎഫ് വടകരയിൽ പ്രവർത്തിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചതിന് പിന്നാലെ വർഗീയ പ്രചരണങ്ങളും യുഡിഎഫ്- ആർഎംപി നേതൃത്വം അഴിച്ചുവിട്ടു. 

തെരഞ്ഞെടുപ്പ് കാലം വർഗീയ- സ്ത്രീവിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യു‍ഡിഎഫ് ജാള്യത മറയ്ക്കാനായി നടത്തിയ പരിപാടിയാണ് അതിലേറെ സ്ത്രീവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ സമ്മേളനമായി അവസാനിച്ചത്. ഇതോടെ യുഡിഎഫും ആർഎംപിയും വെട്ടിലാവുകയും ചെയ്തു. പൊതുസമൂഹത്തിൽ പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ചെന്ന് വരുത്തുകയായിരുന്നു കെ എസ് ഹരിഹരൻ ചെയ്തത്. വടകരയിൽ നടത്തിയ പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയെന്നും അ­തിൽ ഖേദിക്കുന്നുവെന്നുമാണ് ഹരിഹരൻ ഫേ­സ്ബുക്കിൽ കുറിച്ചത്.
എന്നാൽ വിഷയം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ച ആയതോടെ ഹരിഹരനെ തള്ളിപ്പറയാൻ വി ഡി സതീശനും കെ കെ രമയും ഷാഫി പറമ്പിലും ഉൾപ്പെടെയുള്ളവർ നിർബന്ധിതരാവുകയായിരുന്നു. ഹരിഹരന്റെ വിവാദ പരാമർശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് അറിയിച്ച് വി ഡി സതീശൻ വാർത്താക്കുറിപ്പും ഇറക്കി. 

ഇതേസമയം കെ എസ് ഹരിഹരനെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി. സ്ത്രീ വിരുദ്ധ പരാമർശത്തിൽ ലൈംഗിക അധിക്ഷേപത്തിനുൾപ്പെടെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഹരിഹരന്റെ മാത്രം പരാമർശമായി കാണുന്നില്ലെന്നും യുഡിഎഫിന്റെ നേതാക്കൾ ഇരുന്ന വേദിയായിരുന്നു അതെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു.
യുഡിഎഫിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തിയ പരിപാടി ആർഎംപി നേതാവിന്റെ പ്രസംഗത്തോടെ തകർന്നടിഞ്ഞതിലുള്ള രോഷം കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. ഹരിഹരന്റെ പരാമർശത്തിൽ ആർ എം പിയിൽ ഒരു വിഭാഗത്തിനും കടുത്ത പ്രതിഷേധമുണ്ട്. യുഡിഎഫുമായി സഹകരിക്കാൻ തുടങ്ങിയതോടെ പാർട്ടി അതിന്റെ നിലപാടുകളെല്ലാം കാറ്റിൽ പറത്തിത്തുടങ്ങിയെന്നാണ് ഇവരുടെ ആരോപണം. 

Eng­lish Sum­ma­ry: Wide­spread protest over RMP lead­er’s anti-women statement

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.