19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2024
March 10, 2024
March 6, 2024
February 28, 2024
February 17, 2024
February 12, 2024
February 11, 2024
February 11, 2024
December 18, 2023
July 1, 2023

വന്യജീവി ആക്രമണം: ഏഴു വർഷത്തിനിടെ മരിച്ചത് 800 പേര്‍

ഈ വർഷം അഞ്ചു പേർക്ക് കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു
കെ കെ ജയേഷ്
കോഴിക്കോട്
February 11, 2024 8:51 am

സംസ്ഥാനത്ത് ആനയുൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. ഏഴു വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ 800ലധികം പേരാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഇതുവരെ അഞ്ചു പേർക്കാണ് കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്. പ്രകൃതിയിലുള്ള മനുഷ്യരുടെ തെറ്റായ ഇടപെടലും കേരളത്തിലെ കാടുകളിൽ മൃഗങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വർധനവുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെ നയിക്കുന്നതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

2011ലെ കണക്കുകൾ പ്രകാരം 7,500 ഓളം ആനകളാണ് കേരളത്തിലെ കാടുകളിലുള്ളത്.കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥയും വനങ്ങളുടെ തുടർച്ചയില്ലായ്മയുമാണ് മൃഗങ്ങൾ കാടിറങ്ങാനുള്ള ഒരു കാരണം. സ്വാഭാവിക വനത്തിന്റെ ഘടനയിൽ മാറ്റമുണ്ടാക്കുന്ന ഇടപെടലുകളാണ് മറ്റൊരു പ്രധാന പ്രതിസന്ധി. കാട്ടിൽ തേക്ക്, യൂക്കാലി തുടങ്ങിയവ വച്ചുപിടിപ്പിച്ചതോടെ സ്വാഭാവിക വനത്തിന് നാശമുണ്ടാവുകയും ചതുപ്പുകളും ജലസ്രോതസുകളും വറ്റി വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുകയുമാണ്. സ്വകാര്യ വ്യക്തികൾ വാങ്ങിക്കൂട്ടുന്ന തോട്ടങ്ങൾ പലതും കാടുപിടിച്ചു കിടക്കുന്ന സ്ഥിതിയാണുള്ളത്.

കാടിറങ്ങുന്ന വന്യമൃഗങ്ങൾ ഇത്തരം തോട്ടങ്ങളാണ് പലപ്പോഴും താവളമാക്കുന്നത്. അധിനിവേശ സസ്യങ്ങളുടെ വ്യാപനവും വന്യമൃഗങ്ങൾ കാടിറങ്ങാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. വനം വകുപ്പ് നടത്തിയ പഠനത്തിൽ കൃഷിയിടങ്ങളിലെ പഴങ്ങളും പച്ചക്കറികളുമടക്കം ഇഷ്ടവിഭവങ്ങൾ തേടിയാണ് ആനകൾ ജനമേഖലകളിലേക്ക് എത്തുന്നതെന്നായിരുന്നു കണ്ടെത്തിയത്. വനമേഖലയോട് ചേർന്ന ജനവാസ മേഖലകൾ ആനകളെ ആകർഷിക്കാത്ത വിധം വൃത്തിയായി സൂക്ഷിക്കാനും മനുഷ്യ സാമീപ്യം പരമാവധി ഒഴിവാക്കാനും നിർദേശം നൽകിയിരുന്നു. കാടിനോട് ചേർന്നുള്ള വലിയ ഖനന പദ്ധതികൾ, ക്വാറികൾ, ടൂറിസത്തിന്റെ പേരിലുള്ള വനം കയ്യേറ്റം, വനത്തോട് ചേർന്നുള്ള കൃഷി എന്നിവയെല്ലാം ആനകളുടെ സഞ്ചാര വഴികളിൽ തടസം സൃഷ്ടിക്കുന്നുണ്ട്.

ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന ആനകളും കടുവകളുമാണ് പ്രധാനമായും ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്. 2012ലെ സെൻസസ് പ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം 120 കടുവകളാണുള്ളത്. നിലവിൽ 180 കടുവകളെങ്കിലും ഉണ്ടാവുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കർണാടക, തമിഴ്‌നാട് വനങ്ങളിൽ നിന്നുള്ള കടുവകളും ആനകളും വയനാട് ഉൾപ്പെടെയുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങളിലേക്ക് എത്തുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന പച്ചപ്പും ജലസ്രോതസും നിറഞ്ഞ അന്തരീക്ഷമാണ് കേരളത്തിലേക്ക് കടക്കാൻ മൃഗങ്ങളെ പ്രേരിപ്പിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടുന്ന കടുവകളെ കാട്ടിൽ തുറന്നുവിടുന്നതും പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. തങ്ങളുടെതായ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്ന ആൺ കടുവകൾ അവിടെ നിന്നും പുറത്താക്കപ്പെടുമ്പോഴാണ് നാട്ടിലേക്കിറങ്ങുന്നത്. ഈ കടുവയെ തിരികെ അതേ കാട്ടിൽ വിടുന്നതുകൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Eng­lish Sum­ma­ry: wild ani­mals attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.