4 October 2024, Friday
KSFE Galaxy Chits Banner 2

പാൽ ഉൽപാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കും: മന്ത്രി ചിഞ്ചു റാണി

Janayugom Webdesk
തൊടുപുഴ
November 5, 2023 9:43 pm

പാൽ ഉൽപാദനരംഗത്ത് സംസ്ഥാനത്തെ സ്വയം പര്യപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനാവശ്യമായ പദ്ധതികളാണ് ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്നതെന്നും ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇളംദേശം ബ്ലോക്ക് ക്ഷീരകർഷകസംഗമവും കുടയത്തൂർ ക്ഷീരസംഘത്തിന്റെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സർക്കാർ സ്വീകരിച്ച നയപ്രഖ്യാപനങ്ങളുടെ തുടർച്ചയാണ് ഈ സർക്കാരും കൈക്കൊള്ളുന്നത്.

സംസ്ഥാനത്ത് 90 ശതമാനം പാൽ ഉൽപാദനം വർധിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പശുക്കളുടെ എണ്ണം വർധിപ്പിക്കുകയെന്ന ആശയത്തിലെത്തിയത്. അതിനെ തുടർന്ന് എല്ലാ ജില്ലകളിലും കിടാരി പാർക്ക് ആരംഭിച്ചു. ആരോഗ്യവും മികച്ച പാൽ ഉൽപാദന ശേഷിയുമുള്ള കിടാരികളെ വളർത്തിക്കൊണ്ടുവരാനും കിടാരി പാർക്കിലൂടെ സാധിക്കുന്നുണ്ട്. പാലിന്റെ കൊഴുപ്പും ഗുണമേന്‍മയും വര്‍ധിപ്പിക്കാന്‍ സൈലേജ് സംവിധാനം പ്രയോജനപ്പെടത്തണം. സൈലേജ് ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ കേരള ഫീഡ്സും മിൽമയും സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് കാലിത്തീറ്റ — കോഴിത്തീറ്റ വിപണനത്തിന് മാറ്റമുണ്ടാക്കുന്ന പുതിയനിയമം നിയമസഭ പാസാക്കി. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിക്കുന്ന കാലിത്തീറ്റ ഉപയോഗിച്ചതു മൂലം പശുക്കൾ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം പാസാക്കിയതെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷകരുടെ സംരക്ഷണം മുൻ നിർത്തിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃഗസംരക്ഷണത്തിന് പ്രാധാന്യം നൽകി എല്ലാ ജില്ലകളിലും രണ്ട് ബ്ലോക്കുകൾക്ക് വീതം മൊബൈൽ വെറ്റിനറി വാഹനം അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി പരിഗണിച്ചു മൂന്ന് വാഹനങ്ങൾ അനുവദിച്ചു. സംസ്ഥാനത്ത് 29 വാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
ക്ഷീരകർഷകരുടെ ക്ഷേമം ലക്ഷ്യം വച്ച് കിടാരി പാർക്ക്, ക്ഷീരകർഷക സബ്സിഡി, മിൽക്ക് എടിഎം തുടങ്ങി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് പഞ്ചാബാണ് പാൽ ഉൽപാദനത്തിൽ മുന്നിലുള്ള സംസ്ഥാനം. രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. പാൽ ഉൽപാദനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വക്കുന്ന ജില്ലയാണ് ഇടുക്കി. സംസ്ഥാനത്ത് വയനാടും പാലക്കാടും കഴിഞ്ഞാൽ പാൽ ഉത്പാദനം കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.

ഇളംദേശം ബ്ലോക്കിൽ ചർമമുഴ രോഗം ബാധിച്ച് പശുക്കൾ മരണപ്പെട്ട 10 ക്ഷീരകർഷകർക്കായി 2. 76 ലക്ഷം രൂപ നഷ്ടപരിഹാരതുകയുടെ വിതരണവും മന്ത്രി നിർവഹിച്ചു. ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനം നടത്തി ദേശീയപുരസ്കാരം നേടിയവരെയും മന്ത്രി യോഗത്തിൽ ആദരിച്ചു. മികച്ച ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥൻ സുധീഷ് എം പി, മികച്ച ക്ഷീരകർഷകൻ ഷൈൻ കെ ബി, മികച്ച ക്ഷീരകർഷക നിഷ ബെന്നി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ക്ഷീര കർഷക സംഗമത്തിനോട് അനുബന്ധിച്ച് നടത്തിയ കന്നുകാലി പ്രദർശനത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. ക്ഷീരകർഷകസംഗമത്തിന്റെ ഭാഗമായി ക്ഷീരവികസനസെമിനാറും നടത്തി.

കുടയത്തൂർ വെസ്റ്റ് ക്ഷീരസംഘം അങ്കണത്തിൽ നടത്തിയ യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സിപിഐ മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, മിൽമ എറണാകുളം മേഖലാ ചെയർമാൻ എം ടി ജയൻ, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, ത്രിതല പഞ്ചായത്തംഗങ്ങളായ എം ജെ ജേക്കബ്, ഇന്ദു സുധാകരൻ, ആൻസി സോജൻ, കെ എസ് ജോൺ, കെ കെ ജോൺസൺ, മിനി ആന്റണി, അഞ്ജലിന സിജോ, ടെസിമോൾ മാത്യു, പുഷ്പ വിജയൻ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ എൽ ജോസഫ്, എം മോനിച്ചൻ, ഇ കെ ജ്യോതിഷ് കുമാർ, പോൾ മാത്യു എന്നിവർ പങ്കെടുത്തു. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോളസ് പി ഇ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഡോ. കെ സോമൻ പിണയ്ക്കൽ സ്വാഗതവും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന ഓഫീസർ സുധിഷ് എം പി നന്ദിയും പറഞ്ഞു.

ഹൈജീനിക്ക് മിൽക്ക് 
കളക്ഷൻ മുറി ഉദ്ഘാടനം

കുടയത്തൂർ ക്ഷീരസംഘം ഹൈജീനിക്ക് മിൽക്ക് കളക്ഷൻ മുറിയുടെ ഉദ്ഘാടനവും മിൽമ ബിഎംസിയുടെ (ബൾക്ക് മിൽക്ക് കൂളർ) ഉദ്ഘാടനവും മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് അനുവദിച്ച 3. 75 ലക്ഷം രൂപ ധനസഹായത്തോടെയാണ് ഹെെജീനിക്ക് മിൽക്ക് കളക്ഷൻ റൂം നിർമ്മിച്ചിട്ടുള്ളത്. മിൽമയുടെ നേതൃത്വത്തിൽ 3000 ലിറ്റർ സംഭരണശേഷിയുള്ള ബിഎംസിയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

Eng­lish Summary:Will achieve self-suf­fi­cien­cy in milk pro­duc­tion: Min­is­ter Chinchu Rani
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.