
തൃശൂർ: വയനാട് പുനർനിർമാണത്തിനായുള്ള കേന്ദ്ര ധനസഹായത്തിൽ കേരളത്തെ അവഗണിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജൻ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രസ്വഭാവമുള്ള ദുരന്തമായി അംഗീകരിക്കണമെന്ന് ശുപാർശ നല്‍കിയിട്ടും കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സഹായമായി 260 കോടി കേരളത്തിന് നൽകിയെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. 250.56 കോടി കേന്ദ്രം അംഗീകരിച്ചു എന്നാണ് അറിയുന്നത്. കേരളത്തിന് അർഹതപ്പെട്ട തുക നൽകാതിരിക്കാനുള്ള നീക്കമാണിതെന്നും കേരളത്തോടുള്ള അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം ഉണ്ടായി അഞ്ചുമാസം കഴിയുന്നത് വരെയും എൽ 3 വിഭാഗത്തിൽപ്പെട്ടതാണ് ഈ ദുരന്തം എന്ന് അറിയിച്ചിരുന്നില്ല. 1202 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം മെമ്മോറാണ്ടം നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം നൽകിയില്ല. പുനർനിർമ്മാണത്തിനുള്ള 2000 കോടിയുടെ അപേക്ഷ നൽകിയിട്ട് 260 കോടിയാണ് നൽകിയത്. ഇത് കേരളത്തോടുള്ള അവഗണനയാണ്. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചില്ല. കോടതി അന്ത്യശാസനം കൊടുത്തിട്ടും കേന്ദ്രം കോടതിയിൽ മറുപടി പറയുന്നില്ല. ദുരന്തത്തിൽ സഹായിക്കാൻ എത്തിയ സൈനികരുടെയും മറ്റും പണം കേന്ദ്രം ആവശ്യപ്പെടുകയാണ് പിന്നീട് ചെയ്തത്. ഇതിലൂടെ കേരളത്തെ ആവർത്തിച്ച് അപമാനിക്കുകയാണ് ഉണ്ടായത്.
ത്രിപുരയിൽ ഉണ്ടായ ദുരന്തത്തിൽ ഐഎംസിടി പരിശോധിക്കുന്നതിന് മുമ്പ് തന്നെ പണം അനുവദിച്ചു. കേരള ഭരണകൂടം കേന്ദ്രത്തിന് അനുകൂലമല്ലെന്നതുകൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്നു. വയനാട് കേന്ദ്ര ധനസഹായവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഇക്കാര്യങ്ങൾ ഉന്നയിക്കാൻ എംപിമാരോട് ആവശ്യപ്പെടുമെന്നും വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.