
ബിജെപി നേതാവ് കെ അണ്ണാമലൈയും എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. തന്നെ മുംബൈയിൽ പ്രവേശിക്കുന്നത് തടയാൻ രാജ് താക്കറെയെ വെല്ലുവിളിച്ച അണ്ണാമലൈ, കാലുകൾ വെട്ടുമെന്ന ഭീഷണികളെ താൻ ഭയപ്പെടുന്നില്ലെന്നും വ്യക്തമാക്കി. മുംബൈ ഒരു അന്താരാഷ്ട്ര നഗരമാണെന്ന അണ്ണാമലൈയുടെ പരാമർശത്തെ രാജ് താക്കറെ പരിഹസിച്ചതോടെയാണ് തർക്കം രൂക്ഷമായത്. തമിഴ്‌നാട്ടിൽ നിന്ന് ഒരു “രസമല” വന്നിരിക്കുന്നു എന്ന് അണ്ണാമലൈയെ വിശേഷിപ്പിച്ച രാജ് താക്കറെ, മുംബൈ കാര്യങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിന് എന്ത് ബന്ധമാണുള്ളതെന്ന് ചോദിച്ചു. 1960കളിൽ ബാൽ താക്കറെ ഉയർത്തിയ ‘ഹട്ടാവോ ലുങ്കി, ബജാവോ പുങ്കി’ എന്ന വിവാദ മുദ്രാവാക്യവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഇതിന് മറുപടിയായാണ് ചെന്നൈയിൽ അണ്ണാമലൈ വാർത്താസമ്മേളനം വിളിച്ചത്.
“എന്നെ ഭീഷണിപ്പെടുത്താൻ ആദിത്യ താക്കറെയും രാജ് താക്കറെയും ആരാണ്? ഒരു കർഷകന്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. എന്നെ അധിക്ഷേപിക്കാൻ മാത്രമാണ് അവർ യോഗങ്ങൾ സംഘടിപ്പിക്കുന്നത്,” അണ്ണാമലൈ പറഞ്ഞു. മുംബൈയിൽ വന്നാൽ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നവർ അത് പരീക്ഷിക്കട്ടെ എന്നും അത്തരം ഭീഷണികളെ ഭയപ്പെട്ടിരുന്നെങ്കിൽ താൻ ഗ്രാമത്തിൽ തന്നെ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ ഒരു ലോകോത്തര നഗരമാണെന്ന് പറയുന്നത് മഹാരാഷ്ട്രക്കാർ അത് നിർമ്മിച്ചില്ല എന്ന അർത്ഥത്തിലല്ല. കാമരാജിനെ ഇന്ത്യയുടെ നേതാവ് എന്ന് വിളിക്കുന്നത് കൊണ്ട് അദ്ദേഹം തമിഴനല്ലാതാകുമോ എന്നും അജ്ഞത കൊണ്ടാണ് താക്കറെമാർ ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ധവ് താക്കറെയും രാജ് താക്കറെയും കൈകോർത്തതിന് പിന്നാലെയാണ് ഈ വാക്പോര് നടക്കുന്നത്. മറാഠി ജനതയ്ക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ് തങ്ങൾ ഒന്നിച്ചതെന്ന് ഉദ്ധവ് വ്യക്തമാക്കിയപ്പോൾ, മുംബൈ നേരിടുന്ന ‘അപകടം’ കണക്കിലെടുത്താണ് ഒത്തുതീർപ്പിലെത്തിയതെന്ന് രാജ് താക്കറെയും പറഞ്ഞു. ബിജെപിയുടെ വ്യാജ ഹിന്ദുത്വത്തെ ലക്ഷ്യം വെച്ചാണ് താക്കറെ സഹോദരന്മാരുടെ പ്രചാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.