7 February 2026, Saturday

സന്തോഷ കപ്പെടുക്കുമോ കേരളം

സുരേഷ് എടപ്പാൾ 
February 7, 2026 10:54 pm

അസമിലെ ധാകുവാഖാന മൈതാനിയിൽ നാളെ കേരളത്തിന് കണക്കു തീർക്കലിന്റെ ദിനമാണ്. 2012–2013 ൽ കൊച്ചിയിൽ സർവീസിൽ നിന്നേറ്റ പരാജയത്തിന് മറുപടി നൽകണം. ഒപ്പം കഴിഞ്ഞ വർഷം ഹൈദരബാദിൽ കാലാശപ്പോരില്‍ അധിക സമയ ഗോളിൽ ബംഗാൾ സ്വന്തമാക്കിയ കപ്പ് തിരികെ പിടിക്കണം. ലക്ഷ്യം വലുതാണ്, കടമ്പ അതിനൊത്ത് കടുത്തതുമാകുമ്പോൾ ഇന്നത്തെ സന്തോഷ് ട്രോഫി ഫൈനലിന്റെ ആവേശം ഇരട്ടിയാണ്.
16-ാം തവണയാണ് കേരളം സ­ന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. തുടർച്ചയായ രണ്ടാം വട്ടം കലാശപ്പോരിനിറങ്ങുമ്പോൾ ജയം സമ്മാനിക്കുക ഏട്ടാം കിരീട നേട്ടം. പട്ടാള സ്ക്വാഡിനും ഏട്ടാം തവണ കപ്പ് നേടാനുള്ള സുവർണാവസരമാണ് സിലാപത്തർ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. നിലവിലെ ഫോമിൽ സർവീസസിന്റെ വെല്ലുവിളി കേരളത്തിന് മറികടക്കാൻ കഴിയുമെങ്കിലും ദിവസഫലം കൂടി അനുകൂലമാകേണ്ടതുണ്ട്. 79-ാമത് സന്തോഷ്‌ ട്രോഫിയിൽ ഏറ്റവും മികച്ച പ്രകടനമാണ് പഞ്ചാബിനെതിരെ കേരളം പുറത്തെടുത്തത്. ഈ ടൂർണമെന്റിലെന്നല്ല അടുത്ത കാലത്തൊന്നും കേരളം ഇത്ര സുന്ദരമായി കളത്തിൽ നിറയുന്നത് കണ്ടിട്ടില്ല. അതു തന്നെയാണ് ഗ്രൂപ്പ് മത്സരത്തിൽ തങ്ങളെ തോല്പിച്ച ടീമിനെതിരെ ഫൈനൽ പോരിനിറങ്ങുമ്പോ­ൾ കേരളത്തിന്റെ വർധിച്ച ആത്മവിശ്വാസത്തിനാധാരം.
സെമിയിൽ പഞ്ചാബിനെ 4–0ത്തിന് തകർത്താണ് ജി സഞ്ജു നയിക്കുന്ന കേരളടീം ഫൈനലിലെത്തിയത്. റെയിൽവേയ്‌സിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്താണ് സർവീസസിന്റെ വരവ്. പ്രാഥമിക റൗണ്ടിൽ കേരളത്തെ തോല്പിച്ച ഏക ടീമാണ് സർവീസസ്. ഗ്രൂപ്പ് റൗണ്ടിൽ പഞ്ചാബിനെ 3–1ന് തോല്പിച്ച് തുടങ്ങിയ കേരളം രണ്ടാം മത്സരത്തിൽ 1–1ന് റെയിൽവേയ്സുമായി സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് ഒഡിഷയെ 1–0ത്തിനും മേഘാലയയെ 3–0ത്തിനും കീഴടക്കിഗ്രൂപ്പിൽ ഒന്നാമന്മാരായെങ്കിലും അവസാന മത്സരത്തിൽ സർവീസസിനോട് ഏകപക്ഷീയമായ ഏക ഗോളിന് തോൽക്കുകയായിരുന്നു. ക്വാർട്ടറിൽ അസാമിനെ 3–0ത്തിനും സെമിയിൽ പഞ്ചാബിനെ 4–0ത്തിനും തോല്പിച്ച കേരളം മികച്ച ആത്മവിശ്വാസത്തിലാണ്. അതേസമയം ഗ്രൂപ്പ് റൗണ്ടിൽ കേരളത്തിനെതിരെ മാത്രം ജയിച്ച സർവീസസ് ക്വാർട്ടറിൽ പശ്ചിമ ബംഗാളിനെയും സെമിയിൽ റെയിൽവേയ്സിനെയുമാണ് തോല്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.