
2026ന് നടക്കുന്ന ഫിഫാ വേൾഡ് കപ്പിന്റെ ആരവങ്ങൾ ഉയർന്നു കഴിഞ്ഞു. മുമ്പ് ഒരിക്കലും ഇല്ലാത്ത രീതിയിൽ ലോകത്ത് മൂന്ന് രാജ്യങ്ങളിലായി മത്സരവേദികൾ സജ്ജമാക്കിക്കഴിഞ്ഞു. ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ആതിഥ്യം നൽകുന്നത്. യുഎസ്, കാനഡ, മെക്സിക്കോ രാജ്യങ്ങളാണ് സംഘാടനമൊരുക്കുന്നത്. ഈ കപ്പിലാണ് ഏറ്റവും കൂടുതൽ ടീമുകൾ യോഗ്യത നേടുന്നത്. കഴിഞ്ഞതവണ ഖത്തർ ലോകകപ്പിൽ 32 ടീമുകളാണ് ബലപരീക്ഷണം നടത്തിയത്. 1930ൽ ആരംഭിച്ച ലോകകപ്പ് തുടക്കത്തിൽ ആർക്കും വലിയ താല്പര്യം ഇല്ലായിരുന്നു. യൂൾറിമെയെന്ന ഫിഫയുടെ മൂന്നാം പ്രസിഡന്റ് എങ്ങനെയും മത്സരിക്കാൻ രാജ്യങ്ങളോട് തുടരെ ആവശ്യപ്പെട്ടു. ആർക്കും താല്പര്യം ഇല്ലായിരുന്നു. ഒടുവിൽ ആകെ 11 ടീമുകളാണ് മത്സരിക്കാൻ തയ്യാറായത്. അന്ന് എല്ലാവർക്കും താല്പര്യം ഒളിമ്പിക്സിനോടായിരുന്നു. യൂറോപ്പിലെ മിക്കവാറും ടീമുകൾ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പല ടീമുകൾക്കും യാത്രച്ചെലവ് ഉൾപ്പെടെ കൊടുത്തിട്ടാണ് കളിച്ചത്. ലാറ്റിനമേരിക്കയിൽ നിന്നായിരുന്നു കൂടുതൽ ടീമുകൾ പങ്കെടുത്തത്. ആദ്യമായി ഉറുഗ്വേ ഫിഫ ചാമ്പ്യന്മാരായി.
ഓരോകാലത്തും മാറി മാറി വരുന്ന ഫുട്ബോൾ ആവേശം തണുത്ത തുടക്കത്തിൽ നിന്നാണ് ലോകമാകെ ഫുട്ബോൾ ജ്വരമായി മാറിയത്. 11 ടീമിൽ തുടങ്ങി കഠിനാധ്വാനത്തിൽ തുടക്കമിട്ട ലോകകപ്പ് 1936ലും 40ലും നിർത്തി വയ്ക്കേണ്ടിവന്നു. ആദ്യം ഫിഫാ കപ്പായും പിന്നീട് യൂൾറിമെ കപ്പായും മാറി. 1974 മുതൽ വീണ്ടും ഫിഫാ കപ്പാവുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന ഫിഫ കപ്പ് മൂന്ന് തവണ വിജയിയായ ബ്രസീൽ സ്വന്തമാക്കി. ഒരു ഫുട്ബോൾ കളിക്കാരന്റെ ഏറ്റവും വലിയ മോഹമാണ് ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടുകയെന്നത്. 11 ടീമുകൾ പങ്കെടുത്തും മിക്കരാജ്യങ്ങളും കണ്ടില്ലെന്നു നടിച്ച് മാറി നിന്നും യൂറോപ്പിലെ ശക്തന്മാർ മുഖം തിരിഞ്ഞു നിന്നും കടന്നുവന്ന വേൾഡ് കപ്പ് ഇന്ന് ലോകത്തിലെ സകലമാന ഫുട്ബോൾ ആരാധകരുടെയും മനസിൽ നിറയുന്ന ആവേശകൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. അടുത്ത വർഷത്തെ മത്സര പരമ്പരയുടെ ഗ്രൂപ്പ് ഘടനയും ഗ്രൂപ്പിലെ ടീമുകളും ജനമനസിൽ എത്തിക്കഴിഞ്ഞു. 32 ടീമുകളായിരുന്ന കഴിഞ്ഞ ലോകകപ്പിലെ ഘടന 48ലേക്ക് മാറുകയാണ്. രാജ്യങ്ങൾ ചേർന്ന് നടക്കുന്ന മഹാപൂരമാണ് ലോകത്തിലെ മൂന്നു രാജ്യങ്ങളിൽ നടക്കുന്നത്. അർജന്റീന നിലവിലുള്ള ചാമ്പ്യന്മാരാണ്. മെസിയെന്ന മഹാപ്രതിഭയുടെ താരപ്രഭയിലാണ് ചാമ്പ്യന്മാർ വീണ്ടും എത്തുന്നത്.
മറ്റൊരു മഹാപ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. ചരിത്രത്തിൽ ഇന്നോളം ഫിഫ കപ്പിൽ സ്പർശിക്കാൻ കഴിയാത്ത രാജ്യമാണ് പോർച്ചുഗൽ. പക്ഷേ നായകൻ ജനമനസുകളിൽ ആവേശത്തിന്റെ തീക്കനലാണ്. ഗ്രൂപ്പ് ജെയിലാണ് അർജന്റീന. അവിടെ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണുള്ളത്. കാര്യമായി ഏറ്റുമുട്ടാൻ ശക്തരായ ടീമുകൾ കൂട്ടത്തിലില്ല. പോർച്ചുഗൽ കെ ഗ്രൂപ്പിലാണ്. ഉസ്ബക്കിസ്ഥാൻ, കൊളംബിയ, ഫ്ലൈ ഓഫ് വിജയി യൂറോപ്പ്. ബ്രസീൽ ഗ്രൂപ്പ് സിയിലാണ്. മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാന്‍ഡ് ടീമുകളാണ് ഇവിടെയുള്ളത്. മികച്ച മത്സരം പ്രതീക്ഷിക്കാവുന്ന ഗ്രൂപ്പാണിത്. എച്ചിലാണ് സ്പെയിൻ. അവർ ശക്തരാണ്. ഇന്ന് ലോകമാകെ നിറഞ്ഞു നിൽക്കുന്ന 18കാരൻ ലാമിനെ യമാൽ ടീമിന്റെ കരുത്താണ്. മാത്രമല്ല ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരുമാണ്. ഖത്തറിൽ അട്ടിമറി നടത്തി മെസിയെ ഞെട്ടിച്ച സൗദി അറേബ്യ ഇവിടെയാണുള്ളത്. ശക്തരായ ഉറുഗ്വേയും, കെയ്പ് വെർസിയും ഗ്രൂപ്പിലുണ്ട്. ഇത്തവണ ഒരുപാട് പ്രതീക്ഷയുള്ള ടീം ഇംഗ്ലണ്ടാണ്. അവർ എല്‍ ഗ്രൂപ്പിലാണുള്ളത്. ക്രൊയേഷ്യയും ഘാനയും, പനാമയും ഇവിടെയുണ്ട്. നല്ല മത്സരത്തിന് സാധ്യതയേറെയുണ്ട്. ഫ്രാൻസ് സാധ്യത പ്രതീക്ഷിക്കുന്നവരാണ്. ഐ ഗ്രൂപ്പിലാണ് അവരുള്ളത്. സെനഗലും നോർവെയും ഫ്ലൈ ഓഫ് രണ്ടിലെ ജേതാവുമാണ് ഗ്രൂപ്പിലുള്ളത്. ജർമ്മനി ഇ ഗ്രൂപ്പിൽ ആണ്. ഇക്വഡോർ, ഐവറി കൊസ്റ്റ്, ക്യുറസോ ടീമുകളാണ് പോരടിക്കുക. ലോകത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ കുഞ്ഞൻ രാജ്യത്തിന്റെ പ്രകടനം കൗതുകകരമാവും.
ബെൽജിയം ജി ഗ്രൂപ്പിലാണ്. ഈജിപ്ത്, ഇറാൻ, ന്യൂസിലാന്‍ഡ് എന്നിവരാണ് കൂടെയുള്ളത്. ആഥിഥേയരായ യുഎസ് ഡി ഗ്രൂപ്പിലാണ്. ശക്തരായ പരഗ്വായ്, ഓസ്ട്രേലിയ, യൂറോപ്യൻ ഫ്ലൈഓഫുകാർ എന്നിവരാണ്. മെക്സിക്കോ ഗ്രൂപ്പ് എയിലാണ്. ഭക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യൂറോപ്യൻ ഫ്ലൈ ഓഫ് ജേതാക്കൾ എന്നിവരാണ് കൂടെയുള്ളത്. കാനഡ ഗ്രൂപ്പ് ഡി യിലാണ്. ഖത്തർ, സ്വിറ്റ്സർലാന്റ്, യൂറോപ്യൻ ഫ്ലൈ ഓഫ് ജേതാവ് എന്നിവരാണ്. 12 ഗ്രൂപ്പിൽ 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യഘട്ടത്തിൽ 12 ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ് നേടുന്ന 24 ടീമുകളും എട്ടു ഗ്രൂപ്പിൽ കൂടുതൽ പോയിന്റുള്ള മൂന്നാം സ്ഥാനക്കാരും ചേർന്ന് 32 ടീമുകൾ നോക്കൗട്ട് തലത്തിൽ എത്തിച്ചേരും. ഇപ്പോൾ വന്ന നിലയനുസരിച്ച് മരണഗ്രൂപ്പ് എന്ന് പറയാൻ എണ്ണത്തിൽ കുറവാണ്. എൽ ഗ്രൂപ്പാണ് കടുത്ത മത്സരത്തിന്റെ ഒരു ഗ്രൂപ്പ്. അവിടെ ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിന്റെ കടുത്ത പോരാളിയാവുക. എല്ലാവരും ആകാംക്ഷയോടെ കാത്തിക്കുന്നത് മെസിയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള മത്സരത്തിന്റ വിധിയും കാത്താണ്. രണ്ടാമതൊരു ഫിഫാ കപ്പ് നേടിക്കൊടുത്തു ഫുട്ബോൾ കളിയുടെ ലോകജേതാവായി ഫുട്ബോൾ കളിനിർത്താൻ വഴിനോക്കുന്ന 38 വയസുകാരൻ മെസിയും 40 വയസായി ലോകമറിയുന്ന ഫുട്ബോൾ മാന്ത്രികനായ റൊണാൾഡോയുടെ സംഭാവന ഒരിക്കലും രാജ്യത്തിന് പ്രയോജനപ്പെട്ടില്ല. ഇത്തവണ ലോകകപ്പ് പോർച്ചുഗലിൽ എത്തിച്ചു ലോകത്തെ വിസ്മയിപ്പിക്കുവാൻ റൊണാൾഡോയ്ക്ക് കഴിയുമോ? ഇപ്പോൾ ഷെഡ്യൂൾ പ്രകാരം സെമിയിൽ മാത്രമെ മുഖാമുഖം വരികയുള്ളു.
മെസിയുടെ അസാധാരണ ഫോമിൽ ഒരു ടീമിനെ ജയിപ്പിച്ചുവെന്ന അപൂർവത ലോകം നേരിൽ കണ്ട ചിത്രമാണ് മിയാമിയുടെ മഹാവിജയം. പോയിന്റിൽ ഏറെ താഴെ നിൽക്കുന്ന ടീമിനെ ഒന്നാം സ്ഥാനത്തു എത്തിക്കുകയെന്ന അപാരതയാണ്. എംഎൽഎസ് കിരീടം വാൻകുവറിനെ നിലംപരിശാക്കി നേടിയെടുത്തത് മെസിയും സംഘവുമാണ്. 3–1നാണ് വിജയം. തൊട്ടതെല്ലാം പൊന്നാക്കുന്ന എന്ന ചൊല്ലുപോലെ മെസി ഒരു ഗോളും രണ്ട് അസിസ്റ്റുമായി നിറഞ്ഞാടി.
ബ്രസീൽ ടീമിന്റെ കോച്ചിന്റെ അഭിമുഖം പത്രങ്ങളിൽ ചർച്ചയായി. ഇത്തവണ മികച്ച ടീമാണ് നിലവിലുള്ളതെന്നും പഴയകാലത്തെപ്പോലെ താര നാമത്തിൽ പോകുവാൻ പറ്റില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പരിക്കുള്ള കളിക്കാരെ കളിപ്പിച്ചു ഭാഗ്യ പരീക്ഷണം വേണ്ടെയെന്നാണ് അതിന്റെ ഉള്ളടക്കം. നെയ്മറുടെ പടവുമായി കളിയരങ്ങിൽ ചെന്ന തോറ്റ പഴയകാലത്തെ അദ്ദേഹം ഓർമ്മിച്ചതായിരുന്നു. ഇപ്പോൾ ബ്രസീലിൽ മികച്ച കളിക്കാരുണ്ട്. വിനീഷ്യസിന് പരിക്ക് മാറി ഫോം നിലനിർത്താനായാൽ കളിപ്പിക്കാം. പരിക്കിന്റെ പിടിയിലുള്ള നെയ്മർക്ക് സർജറി വേണമെന്ന ഡോക്ടർമാരുടെ നിർദേശം അവഗണിച്ചു. സാന്റോസ് എന്ന ആദ്യകാലത്ത് കളിച്ച ക്ലബ്ബിന് വേണ്ടി അസാധാരണ ഫോമിൽ കളിച്ച നെയ്മർ രാജ്യത്തെ വലിയ വാർത്തയായിരുന്നു. കോച്ച് പറയുന്നത് രാജ്യവുമായുള്ള എഗ്രിമെന്റ് നടപ്പാക്കും എന്നാണ്. കപ്പ് ബ്രസീലിലെത്തിക്കാമെന്നാണ്. ഇനിയുള്ള മത്സരങ്ങളിൽ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.