
ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്കായി സൂപ്പർ താരം നെയ്മറെ ബ്രസീൽ ടീമിലേക്ക് തിരിച്ചുവിളിക്കാനിരിക്കെ വീണ്ടും തിരിച്ചടി. പേശീവലിവ് മാറാത്തതിനെത്തുടർന്ന് മിരാസോളിനെതിരെയുള്ള സാന്റോസിന്റെ ബ്രസീലിയൻ ചാമ്പ്യൻഷിപ്പ് മത്സരം നെയ്മർക്ക് നഷ്ടമാകും. ലോകകപ്പിന് മുന്നോടിയായി ബ്രസീൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന താരത്തിന് ഇത് മറ്റൊരു തിരിച്ചടിയാണ്. ഈ മാസം 26, 31 തീയതികളിൽ ഫ്രാൻസ്, ക്രൊയേഷ്യ എന്നിവർക്കെതിരെയാണ് ബ്രസീലിന്റെ സൗഹൃദ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
മുൻകരുതൽ എന്ന നിലയിലാണ് ഈ തീരുമാനമെന്ന് സാന്റോസ് അറിയിച്ചെങ്കിലും 34കാരനായ നെയ്മറുടെ പ്രകടനം നേരിട്ട് കാണുന്നതിനായി ബ്രസീൽ പരിശീലകൻ കാർലോ അന്‍സലോട്ടി റിയോ ഡി ജനീറോയിൽ നിന്ന് സാവോ പോളോയിലേക്ക് പ്രത്യേക യാത്ര സംഘടിപ്പിച്ചിരുന്നു. നെയ്മറെ മത്സരത്തിൽ നിന്നും ഒഴിവാക്കിയത് ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷനെയും അന്‍സേലോട്ടിയെയും നിരാശപ്പെടുത്തുകയും ചെയ്തതായി സിബിഎഫുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പൂർണ ശാരീരികക്ഷമതയുള്ള താരങ്ങളെ മാത്രമേ ടീമിലേക്ക് പരിഗണിക്കുകയുള്ളൂ എന്ന് അന്‍സലോട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പരിക്കിൽ നിന്ന് മോചിതനായി ഫെബ്രുവരിയിൽ കളിക്കളത്തിൽ തിരിച്ചെത്തിയ നെയ്മർ, തന്റെ പഴയ ക്ലബ്ബായ സാന്റോസിനായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വാസ്‌കോ ഡ ഗാമയ്ക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി നെയ്മർ തന്റെ ഫോം തെളിയിച്ചിരുന്നു. തുടര്‍ന്നാണ് ദേശീയ ടീമിലേക്ക് പരിഗണിക്കാനൊരുങ്ങിയത്.
ഈ മാസം 16ന് കോറിന്തിയൻസിനെതിരെ നടക്കുന്ന മത്സരത്തിലെ നെയ്മറുടെ പ്രകടനം വിലയിരുത്തിയ ശേഷമാകും ആൻസലോട്ടി അന്തിമ ടീമിനെ പ്രഖ്യാപിക്കുക. 2026 ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ അവസാനവട്ട തയ്യാറെടുപ്പുകളായാണ് ഈ മത്സരങ്ങളെ കാണുന്നത്. ലോകകപ്പിൽ ഗ്രൂപ്പ് സി യിലാണ് ബ്രസീൽ ഉൾപ്പെട്ടിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്‌ലാൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബ്രസീലിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മർ, 2023 ഒക്ടോബറിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ ശേഷം ഇതുവരെ ദേശീയ ജേഴ്സിയിൽ കളിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.